തിരുവനന്തപുരം: അനുപമയുടെ അച്ഛനും തട്ടിക്കൊണ്ടു പോകല്‍ കേസിലെ പ്രതിയായിരുന്നുവെന്ന്ി ദേശാഭിമാനി മുന്‍ റസിഡന്റ് എഡിറ്റര്‍ ജി ശക്തിധരന്.തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സിലില്‍ ഭരണം പിടിക്കാന്‍ രണ്ട് യു ഡി എഫ് കൗണ്‍സിലര്‍മാരായ പ്രേമാനന്ദന്,രാജപ്പന് എന്നിവരെ തമിഴ്നാട്ടിലെ രഹസ്യ കേന്ദ്രത്തില്‍ തട്ടിക്കൊണ്ടു പോയി പാര്‍പ്പിച്ചത് അനുപമയുടെ അപ്പൂപ്പനും ട്രേഡ് യൂണിയന് നേതാവും സിപിഎം സംസ്ഥാനകമ്മിറ്റി അംഗവുമായിരുന്ന പേരൂര്‍ക്കട സദാശിവനായിരുന്നു. എന്നാല്‍ അനുപമയുടെ ചോരക്കുഞ്ഞിനെ തട്ടിക്കൊണ്ട് പോയപ്പോള്‍ പോലീസ് സ്വീകരിച്ച നടപടിയല്ല അന്നത്തെ ഇ കെ നായനാര്‍ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സിപിഎം ജില്ലാകമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തു അവിടെ ഒളിവില്‍ പാര്‍പ്പിച്ചിരുന്ന,തട്ടിക്കൊണ്ടുപോയ കോണ്‍സിലര്‍മാരെ മോചിപ്പിച്ചതായും ശക്തിധരന് ഫേസ് ബുക്കില്‍ എഴുതി.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കേരളത്തിലെ മാധ്യമങ്ങളുടെ സിംഹഭാഗം സമയവും ഇപ്പോള്‍ അപഹരിക്കുന്നത് നഗരപ്രാന്തപ്രദേശമായ പേരൂര്‍ക്കടയെ ചൂഴ്ന്നു നില്ക്കുന്ന വിവാദമാണ്.പേരൂര്‍ക്കടയ്ക്കു സിപിഎമ്മിന്റെ പ്രാദേശിക ചരിത്രത്തില്‍ എന്നും ഒരു സ്ഥാനം ഉണ്ട്.എസ് എഫ് യുടെ ഇന്ത്യയിലെ പ്രഥമ രക്തസാക്ഷി ദേവപാലന് പേരൂര്‍ക്കട സ്വദേശിയാണ്.എം ജി കോളജ് ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു.ആ തലമുറയുടെ ഏറ്റവും ഒടുവിലത്തെ പിമുറക്കാരിയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന അനുപമ.
അവര്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന വിഷയം സത്യത്തില്‍ ഒരു പ്രഹേളികയാണ്.അനുപമയുടെ ചോരക്കുഞ്ഞിനെ സ്വന്തം അച്ഛന് തട്ടിക്കൊണ്ടു പോയി എവിടെയോ പാര്‍പ്പിച്ചിരിക്കുന്നു എന്നതില്‍ പോലീസില്‍ അടക്കം പരാതി നല്‍കിയിട്ടും ഫലമില്ല എന്നാണ് അനുപമയുടെ ആരോപണം. പോലീസില്‍ വിശ്വാസമില്ലെന്നും അവര്‍ പറയുന്നു. പുതിയ തലമുറ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. അനുപമയുടെ അപ്പൂപ്പനും തലസ്ഥാനത്തെ സമുന്നത ട്രേഡ് യൂണിയന് നേതാവും സിപിഎം സംസ്ഥാനകമ്മിറ്റി അംഗവുമായിരുന്ന നേതാവ് മുന്‍പ് ഏറെ കോളിളക്കം സൃഷ്ടിച്ച മറ്റൊരു തട്ടിക്കൊണ്ടു പോകല്‍ കേസിലെ പ്രതിയായിരുന്നു.
തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സിലില്‍ ഭരണം പിടിക്കാന്‍ രണ്ട് യു ഡി എഫ് കൗണ്‍സിലര്‍മാരായ പ്രേമാനന്ദന്,രാജപ്പന് എന്നിവരെ തമിഴ്നാട്ടിലെ രഹസ്യ കേന്ദ്രത്തില്‍ തട്ടിക്കൊണ്ടു പോയി പാര്‍പ്പിച്ചതാണ് അന്നത്തെ വിവാദം. കേരളം ഇളകിമറിഞ്ഞപ്പോള്‍ ഈ കൗണ്‍സിലര്‍മാര്‍ കോടതിയില്‍ കീഴടങ്ങി.അനുപമയുടെ ചോരക്കുഞ്ഞിനെ തട്ടിക്കൊണ്ട് പോയപ്പോള്‍ പോലീസ് സ്വീകരിച്ച നടപടിയല്ല അന്നത്തെ സര്‍ക്കാര്‍ സ്വീകരിച്ചത് ഇ കെ നായനാര്‍ ആയിരുന്നു മുഖ്യമന്ത്രി . സിപിഎം ജില്ലാകമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തു അവിടെ ഒളിവില്‍ പാര്‍പ്പിച്ചിരുന്ന,തട്ടിക്കൊണ്ടുപോയ കോണ്‍സിലര്‍മാരെ തമിഴ്നാട്ടില്‍ എത്തിച്ച, ഡ്രൈവറെ കയ്യോടെ പോലീസ് പിടികൂടി. തലസ്ഥാനത്തു ഒരു ഭരണത്തിലും അതിന് മുമ്പോ പിമ്പോ സിപിഎം ജില്ലാകമ്മിറ്റി ഓഫീസ് പോലീസ് റെയ്ഡ് ചെയ്തിട്ടില്ല..
അത്ര കാര്യക്ഷമമായിരുന്നു അന്നത്തെ പോലീസ്. ഈ സംഭവത്തില്‍ പങ്കുണ്ടെന്ന് പാര്‍ട്ടി കണ്ടെത്തിയ പേരൂര്‍ക്കട സദാശിവന് അടക്കമുള്ള രണ്ട് സംസ്ഥാനകമ്മിറ്റി അംഗങ്ങളെയും അരഡസന്‍ നേതാക്കളെയും അവര്‍ വഹിച്ചിരുന്ന പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കം ചെയ്തു.അതില്‍ ഒരാള്‍ ഇപ്പോള്‍ എം എല്‍ എ ആണ്.
പക്ഷെ അനുപമയുടെ കാര്യത്തില്‍ പാര്‍ട്ടിയോ സര്‍ക്കാരോ അനങ്ങിയില്ല. അത് എന്തുകൊണ്ടാണെന്നത് ഒരു ഗവേഷണ വിഷയമാണ്. ഒരു തീപ്പൊരി പ്രസ്ഥാനത്തില്‍ എങ്ങിനെ അനുപമമാര്‍ ഉണ്ടാകുന്നു എന്നതും പ്രധാനമാണ്. ആ പെണ്‍കുട്ടിയുടെ കണ്ഠത്തില് നിന്ന് വെടിയുണ്ടകള്‍ പോലെ വര്‍ഷിക്കുന്ന വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് നടുക്കമാണ് ഉണ്ടായത്. ആ യുവതിയുടെ അപ്പൂപ്പനെ പോലീസ് വാനിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍, ഒരു സീറ്റില്‍ വേച്ചു വേച്ചു കയറി ഇരുന്ന കുറ്റത്തിന് ഹൃദയ ഭേദകമായി ഇടിച്ചു പതച്ചത് ഞാനിന്നും ഓര്‍ക്കുന്നു. അന്നത്തെ പോലീസ് ഐ ജി ശിങ്കാരവേലുവിനെ കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ തടഞ്ഞു മര്‍ദിച്ചു എന്ന് പറഞ്ഞാണ് അന്നത്തെ ഭീകരവാഴ്ച. ആ സംഭവത്തില്‍ എന്റെ പങ്ക് ചെറുതായിരുന്നില്ല (എല്ലാവര്ക്കും തല്ല് മേടിച്ചു കൊടുക്കുന്നതില്‍ ) എന്ന് അന്നതില്‍ പങ്കെടുത്തവര്‍ക്ക് അറിയാം. ക്ലിന്റ് ഈസ്റ്റ് വുഡ് അഭിനയിച്ച വാര് സിനിമകളിലെ ദൃശ്യമായിരുന്നു അന്ന് തലസ്ഥാനത്തിന്. ഒരു ഐജിയെ അടിച്ച സംഭവം നിസ്സാരമല്ലലോ . ആ നേതാവിന്റെ രക്തത്തിന്റെ പിന്മുറക്കാരിയാണ് അനുപമ.
ആ നേതാവിന്റെ മറ്റൊരു മകന് എന്റെ സഹപ്രവര്‍ത്തകനായിരുന്നു. കമ്മ്യുണിസ്റ്റ് ഗ്രന്ഥങ്ങളുടെ മതിലിനുള്ളിലെ ഒരു പുസ്തകപ്പുഴു. സാഥ്വികന്‍. എങ്ങിനെയാണ് അദ്ദേഹം ഈ ദുഃഖങ്ങള്‍ താങ്ങും എന്നേ എനിക്ക് ചിന്തിക്കാനുള്ളൂ. ഒന്നുകൂടി ആവര്‍ത്തിച്ചോട്ടെ ആഗോള വല്‍ക്കരണ കാലഘട്ടത്തില്‍ കമ്മ്യുണിസ്റ്റ് കുടുംബങ്ങളില്‍ സംഭവിക്കുന്ന മെറ്റമോര്‍ഫോസിസ് ആരെങ്കിലും ആഴത്തില്‍ പഠിക്കണം. ഡയലക്റ്റിക്കല്‍ മെറ്റേറിയലിസ പഠനം പിന്നീട് മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: