തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനം കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കച്ചവടമാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍. സ്വകാര്യ മാനേജ്മെന്റുകള്‍ പറയുന്ന പണത്തിന് പഠിക്കേണ്ട സാഹചര്യത്തിലാണ് പാവപ്പെട്ട കുട്ടികള്‍. 1998ലെതിന് സമാനമായ പ്ലസ് വണ്‍ അഴിമതിയാണ് കേരളം ഇപ്പോള്‍ നേരിടുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.
മെറിറ്റിനെ അട്ടിമറിച്ചുകൊണ്ടുള്ള പ്ലസ് വണ്‍ പ്രവേശനമാണ് കേരളത്തില്‍ നടക്കുന്നത്. ഒരുലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ സീറ്റില്ലാത്ത സാഹചര്യമാണുള്ളത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സുധീര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച മുഴുവന്‍ വിഷയത്തിനും എപ്ലസ് കിട്ടിയ കുട്ടികളുടെ എണ്ണം മൂന്നിരട്ടി വര്‍ദ്ധിച്ചു. ഗ്രേഡ് നിര്‍ണയത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണം. കേരളത്തില്‍ സയന്‍സ് ഗ്രൂപ്പുകള്‍ക്കായി അപേക്ഷിച്ചവരുടെ എണ്ണം രണ്ടരലക്ഷത്തോളമാണ്. സര്‍ക്കാര്‍ സീറ്റുകള്‍ വളരെ പരിമിതമാണ്. മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ എങ്ങനെ പഠിക്കും എവിടെ പഠിക്കുമെന്ന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും സുധീര്‍ ആവശ്യപ്പെട്ടു.
ഇഷ്ടവിഷയം കിട്ടാത്ത സാഹചര്യത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് സംസ്ഥാനത്തെ പ്രതിഭാധനരായ കുട്ടികള്‍. ഇത് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ ഗുരുതരമായി ബാധിക്കും. ഗവേഷണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് നേട്ടമുണ്ടാക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സുധീര്‍ ആരോപിച്ചു. സ്വതവേ പ്ലസ് വണ്‍ സീറ്റുകള്‍ കുറവായതിനാല്‍ മലബാര്‍ മേഖലയില്‍ ഈ വര്‍ഷത്തോടെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സീറ്റുകള്‍ 1, 16,000 മാത്രമാണ്. അപേക്ഷകരുടെ എണ്ണം പരിശോധിച്ച് അധിക സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കണം. സര്‍ക്കാര്‍ തന്നെ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്ന് സുധീര്‍ തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: