മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന് വേണ്ടി മകന് ആര്യന് ഖാനെ രക്ഷിച്ചെടുക്കാന്‍ മഹാരാഷ്ട്ര ഭരിയ്ക്കുന്ന ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും കൈകോര്‍ത്ത് നീങ്ങുന്നതായി ആരോപണം. ഇതിനായി കേസിലെ ആദര്‍ശധീരനായ സമീര്‍ വാങ്കഡെയെ കുടുക്കാനാണ് ശ്രമം നടക്കുന്നത്.
ആദ്യം ശരത് പവാറിന്റെ എന്‍സിപിയായിരുന്നു കളത്തിലിറങ്ങിയത്. ശരത്പവാറിന്റെ വലംകൈയും എന്‍സിപിയുടെ മന്ത്രിയുമായ നവാബ് മാലിക്കാണ് ആദ്യം രംഗത്തിറങ്ങിയത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് ആര്യന് ഖാന്റെ കയ്യില്‍ മയക്കമരുന്നില്ലായിരുന്നെന്നും അറസ്റ്റ് വ്യാജമാണെന്നുമായിരുന്നു ആദ്യത്തെ ആരോപണം. എന്നാല്‍ വാട്സാപ് ചാറ്റുകള്‍ പുറത്തുകൊണ്ടുവന്നതോടെ ഇതിന് പ്രസക്തിയില്ലാതായി.
പിന്നീട് ബോളിവുഡ് താരങ്ങളില്‍ നിന്നും പണം പിടുങ്ങാന്‍ സമീര്‍ വാങ്കഡെ ദുബായിലേക്കും മാലിദ്വീപിലേക്കും പോയതായി നവാബ് മാലിക്ക് ആരോപിച്ചു. ഇക്കാര്യത്തില്‍ കൂട്ടിന് സമീര്‍ വാങ്കഡെയുടെ സഹോദരി യാസ്മീന് വാങ്കെഡെയും ഉണ്ടായിരുന്നെന്നും ചില ചിത്രങ്ങള്‍ എടുത്തുകാട്ടി നവാബ് മാലിക്ക് ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ ഇതുവരെയും ദുബായില്‍ പോയിട്ടില്ലെന്നും മാലിദ്വീപില്‍ കുടുംബത്തോടൊപ്പം സന്ദര്‍ശിച്ചത് സ്വന്തം പോക്കറ്റിലെ പണം കൊണ്ടാണെന്നും ഇതിന് മേലധികാരികളോട് അനുമതി ചോദിച്ച ശേഷമാണ് പോയതെന്നും സമീര്‍ വാങ്കഡെ വിശദീകരണം നല്കി. നവാബ് മാലിക്കിനെതിരെ വ്യാജ ആരോപണത്തിനെതിരെ നിയമയുദ്ധം നടത്തുമെന്ന് ക്രിമിനല്‍ അഭിഭാഷക കൂടിയായ യാസ്മീന് വാങ്കഡെ തിരിച്ചടിച്ചു.
കേസില്‍ സാക്ഷിയായ കിരണ്‍ ഗോസാവിയെ മറ്റൊരു തൊഴില്‍ തട്ടിപ്പ് കേസുമായി സര്‍ക്കാര്‍ ബന്ധപ്പെടുത്തിയതോടെ അദ്ദേഹം അപ്രത്യക്ഷനായിരിക്കുകയാണ്. ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണോ അതോ സര്‍ക്കാര്‍ അറിവോടെ തടങ്കലില്‍ വെച്ചിരിക്കുകയാണോ എന്നും സംശയം ബലപ്പെടുന്നുണ്ട്.
ഏറ്റവുമൊടുവില്‍ നാടകീയമായി കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയ്ല് 25 കോടിയുടെ പണംപിടുങ്ങല്‍ ആരോപണം സമീര്‍ വാങ്കഡെയ്ക്കെതിരെ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ആരുടെ പ്രേരണയാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല. സമീര്‍ വാങ്കഡെയില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും പ്രഭാകര്‍ സെയ്ല് പറയുന്നു. കേസില്‍ പ്രധാനസാക്ഷികളിലൊരാളായ കിരണ്‍ ഗോസാവിയുടെ അനുയായിയാണ് പ്രഭാകര്‍ സെയ്ല്. സമീര്‍ വാങ്കഡെ ഉള്‍പ്പെടെയുള്ളവര്‍ ഷാരൂഖ് ഖാനില്‍ നിന്നും 25 കോടി തട്ടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രഭാകര്‍ സെയ്ല് നടത്തുന്ന ആരോപണം. ആഡംബരക്കപ്പലില്‍ നടത്തിയ റെയ്ഡില്‍ താന്‍ സാക്ഷിയല്ലെന്നും നര്‍ക്കോട്ടിക് ബ്യൂറോ ഓഫീസിലേക്ക് തന്നെ വിളിച്ചുവരുത്തി സമീര്‍ വാങ്കഡെ ഭീഷണിപ്പെടുത്തി തന്നെ സാക്ഷിയാക്കുകയായിരുന്നുവെന്നുമാണ് പ്രഭാകര്‍ സെയ്ല് ഉയര്‍ത്തുന്ന മറ്റൊരു ആരോപണം. ആര്യന്‍ഖാന്റെ മയക്കമരുന്ന് കേസില്‍ സാക്ഷിയായ കിരണ്‍ ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകര്‍ സെയ്ല്. ആര്യന് ഖാനെ അറസ്റ്റ് ചെയ്ത ശേഷം കിരണ്‍ ഗോസാവി പണത്തിന് വേണ്ടി ഷാരൂഖ് ഖാന്റെ മാനേജരെ കണ്ടെന്നും പ്രഭാകര്‍ സെയ്ല് ആരോപിക്കുന്നു. കിരണ്‍ ഗോസാവി ആര്യന് ഖാനെക്കൊണ്ട് ഫോണില്‍ സംസാരിപ്പിക്കുന്ന വീഡിയോയും പുറത്ത് വിട്ടിരിക്കുകയാണ് പ്രഭാകര്‍ സെയ്ല്. ഷാരൂഖ് ഖാന്റെ മാനേജരില്‍ നിന്നും പണം പിടുങ്ങാന്‍ പോകുന്നതിനിടയ്ക്ക് കാറില്‍ വച്ച് സാം ഡിസൂസയെന്നൊരാളുമായി കിട്ടാന്‍ പോവുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടതായും പ്രഭാകര്‍ സെയ്ല് പറയുന്നു. 25 കോടി ചോദിക്കാം, 18 കോടി കിട്ടും, അതില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കാം എ്ന്നൊക്കെയായിരുന്നു കിരണ്‍ ഗോസാവിയുടെ സംസാരമെന്നും പ്രഭാകര്‍ സെയ്ല് ആരോപിക്കുന്നു. സമീര്‍ വാങ്കഡെ തന്നെ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തൊഴില്‍ തട്ടിപ്പ് കേസില്‍ പ്രതിയായ കിരണ്‍ ഗോസാവി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോകുകയായിരുന്നുവെന്നും പ്രഭാകര്‍ പറയുന്നു.
ആര്യന് ഖാന്റെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്. അതിനിടയിലാണ് പ്രഭാകര്‍ സെയ്ല് സമീര്‍ വാങ്കഡെയ്ക്കെതിരെ ഉയര്‍ത്തിയ പുതിയ ആരോപണം. എന്‍സിപിയ്ക്ക് പിന്നാലെ കോണ്‍ഗ്രസും ആര്യന് ഖാന് വേണ്ടി രംഗത്തെത്തിയിരിക്കുകയാണ്. ബിജെപിയ്ക്കെതിരെ ഒളിയമ്പെയ്തുകൊണ്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എംപി ആദിര്‍ രഞ്ജന്‍ ചൗധരി എന്‍സിബിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.’ ആര്യന് ഖാനെതിരെ പ്രതികാരമാണ് നടപ്പാക്കുന്നത്. തങ്ങളുടെ യജമാനന് വേണ്ടി ആരെയും ശിക്ഷിക്കുമെന്ന നിലപാടാണ് നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടേത്,’- ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.ആര്യന് ഖാനെ കേസില്‍ കുടുക്കിയത് രാഷ്ട്രീയ പകപോക്കലാണെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണം. ഇതിന് പിന്നാലെ ശിവസേനയും രംഗത്തെത്തി. നര്‍കോടിക്ക് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥര്‍ ബ്ലാങ്ക് പേപ്പറില്‍ പ്രഭാകര്‍ സെയ് ലിന്റെ ഒപ്പുവാങ്ങി സാക്ഷിയാക്കിയെന്ന ആരോപണമായമ് ശിവസേന നേതാവ് സഞ്ജയ് റൗത്ത് ഞായറാഴ്ച നടത്തിയ ട്വീറ്റില്‍ ഉന്നയിച്ചിരിക്കുന്നത്.
ഇതിനിടെ കഴിഞ്ഞ ദിവസം നടി അനന്യ പാണ്ഡെയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണും ലാപ് ടോപും ഫോറന്‍സിക് പരിശോധനയ്ക്കയച്ചിരിക്കുകയാണ്. ആര്യന് ഖാനുമായി മയക്കമരുന്നിനെക്കുറിച്ച് അനന്യ സംസാരിച്ചിട്ടുണ്ടെന്നാണ് നര്‍കോട്ടിക് ഉദ്യോഗസ്ഥന് സമീര്‍ വാങ്കഡെ ഉറച്ചുവിശ്വസിക്കുന്നത്. ഇരവരും തമ്മിലുള്ള വാട്സാപ് ചാറ്റില്‍ ചില സംഭാഷണങ്ങള്‍ അനന്യ മായ്ച്ചുകളഞ്ഞിട്ടുണ്ടെന്നും അത് ഫോറന്‍സിക് പരിശോധനയില്‍ വീണ്ടെടുക്കാന്‍ കഴിയുമെന്നുമാണ് സമീര്‍ വാങ്കഡെ കരുതുന്നത്. തന്റെ ചാറ്റില്‍ ആര്യന് ഖാനുമായി മയക്കമരുന്നുമായി ബന്ധപ്പെട്ട വാക്കുകള്‍ എല്ലാം ഒരു കളിതമാശയായി ഉപയോഗിച്ചതാണെന്നും മറ്റൊന്നും തനിക്ക് ഓര്‍മ്മയില്ലെന്നുമാണ് അനന്യയുടെ ഇക്കാര്യത്തിലുള്ള വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: