കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ നോളജ് സിറ്റിയുടെയും നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നത് കോടഞ്ചേരിയില്‍ തോട്ടം ഭൂമി തരം മാറ്റിയ ഭൂമിയിലെന്ന് രേഖകള്‍. 1964ലെ ഭൂപരിഷ്കരണ നിയമം ലംഘിച്ചാണ് നിര്‍മാണങ്ങള്‍ തുടരുന്നത്. ഏക്കറു കണക്കിന് റബ്ബര്‍ തോട്ടം തരം മാറ്റിയാണ് നോളജ് സിറ്റിയുടെ ഭൂരിഭാഗവും നിര്‍മിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നോളജ് സിറ്റി നിലനില്‍ക്കുന്നത് തോട്ടഭൂമിയിലാണെന്നും, ഉന്നതരുടെ സംരക്ഷണമുള്ളതിനാല്‍ ഭൂമി തരം മാറ്റുന്നതിന് തടസങ്ങളൊന്നുമില്ലെന്നും റവന്യു അധികൃതര്‍ വെളിപ്പെടുത്തി. 1964 ലെ കേരള ഭൂപരിഷ്കരണ നിയമത്തിലെ 81ാം വകുപ്പ് പ്രകാരം തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തോട്ട ഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല. മറ്റാവശ്യങ്ങള്‍ക്കായി തോട്ട ഭൂമി തരം മാറ്റിയാല്‍ അത് മിച്ച ഭൂമിയായി കണക്കാക്കി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഈ നിയമത്തിലെ 87ാം വകുപ്പില്‍ പറയുന്നുണ്ട്. ഭൂമി പാട്ടത്തിന് നല്കിയ കുടുംബം നിയമലംഘനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്.
1040 ഏക്കര്‍ വിസ്തൃതിയുള്ള റബ്ബര്‍ തോട്ടത്തിലാണ് നോളജ് സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷമായി ഇവിടെ പരസ്യമായ നിയമലംഘനമാണ് നടക്കുന്നത്. ഈ ഭൂമി കാര്‍ഷികാവശ്യത്തിനു മാത്രമേ ഉപയോഗിക്കുവുള്ളുവെന്ന് പറഞ്ഞാണ് എ.പി. അബുബക്കര്‍ മുസലിയാരുടെ മകനും നോളജ് സിറ്റിയുടെ പ്രധാന ചുമതലക്കാരനുമായ അബ്ദുല്‍ ഹക്കീം ഈ ഭൂമിയുടെ പട്ടയത്തിനായി ലാന്‍ഡ് ട്രിബ്യൂണലിനു അപേക്ഷ നല്‍കിയത്. പരസ്യമായ ഈ നിയമ ലംഘനം നടക്കുന്നത് റവന്യു വകുപ്പെലെയും മറ്റും ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: