വേണു വി പിള്ള
തുറന്നുകിടന്ന ജനാലയിലൂടെ തണുത്തകാറ്റ് മുറിയിലേയ്ക്ക് അടിച്ചുകയറി. ദേഹമാസകലം മൂടിക്കിടന്ന കമ്പിളിപ്പുതപ്പിനെ ഒരുവശത്തേയ്ക്ക് വകഞ്ഞുമാറ്റിക്കൊണ്ട് മെല്ലെ കിടക്കയില്‍നിന്ന് എണീറ്റു. ഗാഡമായ നിദ്രയ്ക്കിടയിലെപ്പോഴോ ഒരു മഴപെയ്ത് തോര്‍ന്നിരിക്കുന്നു. ഓടിട്ട മേല്‍ക്കൂരയ്ക്ക് മുകളിലൂടെ മെല്ലെ താഴേയ്ക്കൊഴുകി ഊര്ന്നുകൂടി അടര്‍ന്നുവീഴുന്ന അവശേഷിച്ച മഴത്തുള്ളികള്‍ ജനാലയിലൂടെ കാണാം.
മുറിയിലെ മേശമേല്‍ നിശ്ചലമായിരിക്കുന്ന ക്യാമറയ്ക്കുള്ളില്‍ വിയറ്റ്നാമിലെ ആഘോഷരാവുകളുടെ മേളക്കൊഴുപ്പുകള്‍ നിറഞ്ഞ നഗരങ്ങളുടെയും , ഉള്‍നാടന്‍ ഗ്രാമജീവിതങ്ങളുടെയും , പ്രകൃതിസുന്ദരമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും , പുരാതന ക്ഷേത്രങ്ങളുടെയും, വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളുടെയുമെല്ലാം നിരവധി നിരവധി ദൃശ്യങ്ങള്‍ സുഖനിദ്രയിലാണ്.
പിന്നിട്ട വഴികളിലൂടെ കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞ വിയറ്റ്നാമി ജീവിതത്തിന്റെ യാത്രാവിവരണം എകദേശം എഴുതി പൂര്‍ത്തിയായപ്പോഴേയ്ക്കും യാത്രാക്ഷീണത്താല്‍ ഉറക്കം കണ്ണുകളെ കീഴടക്കിയിരുന്നു. ഒന്ന് ഫ്രഷ് ആയി ബാത്റൂമില്നിന്ന് നേരെ അടുക്കളയിലേയ്ക്ക് കയറി ആവിപറക്കുന്ന ഒരുകപ്പ് കോഫിയുമായി പുറത്തേയ്ക്കുവന്ന് വീണ്ടും മേശയ്ക്കരികിലെ കസ്സേരയില്‍ അമര്‍ന്നിരുന്നു. ശക്തിയായി വീശിയടിച്ച കാറ്റില്‍ ആ കുഞ്ഞുവീടിനുചുറ്റും ഉയരത്തില്‍ വളര്‍ന്നുനിന്നിരുന്ന റബ്ബര്‍മരങ്ങള്‍ ആടിയുലഞ്ഞു. ഇലകളില്‍ തങ്ങിനിന്നിരുന്ന മഴത്തുള്ളികള്‍ ഒരു കുഞ്ഞുമഴപോലെ താഴേയ്ക്ക് ചരിഞ്ഞുപതിച്ചു. ഞാന്‍ വീണ്ടും എഴുതിത്തുടങ്ങി.
അവസാനമായി സന്ദര്‍ശിച്ചത് വിയറ്റ്നാമിലെ അതിപുരാതനമായ ഹോവാലോ പ്രിസണ്‍ എന്നറിയപ്പെടുന്ന ജയിലാണ്. ഒരുകാലത്ത് സ്വാതന്ത്ര്യസമരസേനാനികള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലധികം ജയില്‍പ്പുള്ളികളെ പാര്‍പ്പിച്ചിരുന്ന വിയറ്റ്നാമിന്റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ജയില്‍. അതിഭീകരമായ പീഡനങ്ങള്‍ക്ക് ആളുകളെ വിധേയരാക്കിയിരുന്ന ഒരു കൂറ്റന്‍ ജയില്‍.
ജയിലിന്റെ വാതിലില്‍ സന്ദര്‍ശകരെക്കാത്ത് ടൂറിസ്റ്റ് ഗൈഡുകള്‍ നില്‍പ്പുണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരില്‍നിന്ന് ചരിത്രം കൂടുതല്‍ വ്യക്തമാകും എന്ന ചിന്തയില്‍ ഞാന്‍ വൃദ്ധനായ ഒരു ഗൈഡിനെയാണ് തിരഞ്ഞെടുത്തത്.
ഓരോ സ്ഥലത്തെക്കുറിച്ചുമുള്ള വ്യക്തമായ വിവരങ്ങള്‍ നല്‍കിക്കൊണ്ട് അയാള്‍ മുന്നില്‍ നടന്നു. എല്ലാം കണ്ടും കേട്ടും മനസ്സിലാക്കി ഓരോ ദൃശ്യങ്ങളും ക്യാമറയില്‍ ഒപ്പിയെടുത്ത് ഞാന്‍ പിന്നാലെയും.
കൂടുതല്‍ അക്രമാസക്തരാകുന്നവരേയും , ജയില്‍ നിയമങ്ങള്‍ പാലിക്കാത്തവരേയും പാര്‍പ്പിച്ചിരുന്ന ഇരുട്ടറകള്‍. സ്ത്രീകള്‍ക്കായുള്ള പ്രത്യേക ബ്ലോക്കുകള്‍. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ പാര്‍പ്പിച്ചിരുന്ന ഒരാള്‍ക്ക് കഷ്ട്ടിച്ച് കിടക്കാന്‍ പാകത്തിലുള്ള ഏകാന്ത തടവറകള്‍ എന്നറിയപ്പെട്ടിരുന്ന കുടുസ്സ് മുറികള്‍. മനുഷ്യനെ കഴുത്തറുത്ത് കൊല്ലുന്ന യന്ത്രങ്ങള്‍ . മനുഷ്യശിരസ്സുകള്‍ ശേഖരിച്ചുവച്ചിരുന്ന വള്ളിക്കുട്ടകള്‍ തുടങ്ങി ഭീകരമായ നിരവധി കാഴ്ച്ചകള്‍.
യാത്രാവിവരണങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ച് ജനങ്ങളിലേയ്ക്ക് എത്തിക്കുന്ന ഒരു സഞ്ചാരിയാണെന്ന് മനസ്സിലാക്കിയതുകൊണ്ടാവാം എനിക്ക് കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നതില് വൃദ്ധനായ ആ ഗൈഡിന് വലിയ ഉത്സാഹമായിരുന്നു.
ഒടുവില്‍ അവസാനമായി ഒരു വലിയ ഹാളിലേയ്ക്കാണ് അദ്ദേഹമെന്നെ കൊണ്ടുപോയത്. അവിടെ ഒരു കട്ടിലിന്റെ പൊക്കത്തില്‍ ഹാളിന്റെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ നീളത്തില്‍ പണിതിട്ടിരിക്കുന്ന ഇരുമ്പ് തട്ടുകള്‍. അതില്‍ നിരനിരയായി ഇരിക്കുന്നതും കിടക്കുന്നതുമായ നിരവധി മനുഷ്യപ്രതിമകള്‍. ഈ പ്രതിമകളുടെയെല്ലാം ഒരുകാല് പാദത്തിന്റെ മുകള്ഭാഗം ഇരുമ്പുതട്ടിന് മുകളില്‍ ഘടിപ്പിച്ചിരുന്ന ഓരോ ലോഹവളയപ്പൂട്ടുകള്കൊണ്ട് പൂട്ടി മുറുക്കിയിരുന്നു. തടവുപുള്ളികളെ പാര്‍പ്പിച്ചിരുന്ന സ്ഥലമായിരുന്നത്രേ അത്. ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, എണീറ്റിരിക്കുമ്പോഴും, കിടക്കുമ്പോഴും ഇരുപത്തിനാല് മണിക്കൂറും വളയപ്പൂട്ടിട്ട് മുറുക്കിയ കാലിലെ വേദനയും കടിച്ചമര്‍ത്തി വര്‍ഷങ്ങളോളം ശിക്ഷയുടെ കാലാവധി കഴിയുന്നതുംകാത്ത് ആ ഇരുമ്പ് തട്ടുകള്‍ക്ക് മുകളില്‍ മരവിച്ചിരുന്ന നിരവധി മനുഷ്യജന്മങ്ങള്.
അവിടെ നില്‍ക്കുമ്പോഴാണ് ആ തടവറയില്‍ വളയപ്പൂട്ടില് ബന്ധനസ്ഥനായി ഏഴ് വര്‍ഷം കിടന്ന ഒരു സുഹൃത്ത് തനിക്കുണ്ടായിരുന്നെന്ന് ആ വൃദ്ധന് പറഞ്ഞത് . നഗരത്തില്‍ ഹോട്ടല്‍ ബിസിനെസ്സ് നടത്തി ഒറ്റയാനായി ജീവിച്ചിരുന്ന ഒരു സുഹൃത്ത്. തന്റെ ഹോട്ടലില്‍നിന്ന് വിശപ്പടക്കാനായി ഭക്ഷണം മോഷ്ടിച്ച ഒരു തെരുവുബാലനെ മര്‍ദിച്ച് അവശനാക്കിയ കേസില്‍ ഏഴുവര്‍ഷത്തെ കഠിനതടവ് അനുഭവിച്ചശേഷം ഇടത്തേക്കാലില്‍ ഇരുമ്പ് വളയപ്പൂട്ടിന്റെ തഴമ്പുമായി പുറത്തിറങ്ങിയ അയാള്‍ പിന്നീട് തന്റെ ഹോട്ടല്‍ നിന്നിരുന്ന ഭൂമി അനാഥാലയം നിര്‍മ്മിക്കുന്നതിന് ദാനമായി നല്‍കിയെന്നും അതിനുശേഷമിങ്ങോട്ട് ആ സുഹൃത്ത് എല്ലാമാസവും തന്റെ ശമ്പളത്തില്‍നിന്ന് ഭക്ഷണത്തിനും , താമസത്തിനുമുള്ള തുക മാറ്റിയശേഷം ബാക്കിയുള്ളത് ഈ അനാഥാലയത്തിന് സംഭാവനയായി നല്‍കുകയും ചെയ്യുന്നു എന്ന് പറയുമ്പോള്‍ ആ വൃദ്ധന്റെ കണ്ണുകള്‍ നിറയുന്നത് എനിക്ക് കാണാമായിരുന്നു.
ഹോവാലാ ജയിലിലെ കാഴ്ച്ചകള്‍ കണ്ട്
പുറത്തിറങ്ങിയപ്പോഴേയ്ക്കും ഒരു ടൂറിസ്റ്റ് ഗൈഡിന്റെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വഹിച്ച ആ വൃദ്ധനായ മനുഷ്യനോട് ഒരു വല്ലാത്ത മാനസിക അടുപ്പം അനുഭവപ്പെട്ടു. നിര്‍ബന്ധപൂര്‍വം അദ്ദേഹത്തെ അടുത്തുള്ള ഭക്ഷണശാലയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങുമ്പോള്‍ ചിത്രങ്ങളുടെ കോപ്പി അപ്പോള്‍ത്തന്നെ എടുത്തുനല്കാന് കഴിയുന്ന തരത്തിലുള്ള ക്യാമറയും കഴുത്തില്‍തൂക്കി നില്ക്കുന്ന വെളുത്തുമെലിഞ്ഞ ഒരു വിയറ്റ്നാമി ചെറുപ്പക്കാരനെ കണ്ടു. വൃദ്ധനായ ആ ഗൈഡിന്റെ താല്പര്യപ്രകാരം ഒരുമിച്ചൊരു ഫോട്ടോ എടുക്കാനായി ഇരുവശത്തും പൂക്കള്‍ വിരിഞ്ഞു നില്ക്കുന്ന നടവഴിയുടെ അരികിലായുള്ള ബഞ്ചില്‍ ഞങ്ങളിരുന്നു. ആ വിയറ്റ്നാമി ചെറുപ്പക്കാരന്റെ ക്യാമറാ ലെന്‍സിന്റെ ഷട്ടര്‍ ഒരു ശബ്ദത്തോടെ തുറന്നടഞ്ഞു. ഞങ്ങള്ക്കുപിന്നിലായി മനോഹരമായ പൂക്കള്നിറഞ്ഞ ആ ചിത്രത്തിന്റെ രണ്ട് കോപ്പി രണ്ട് കവറുകളിലായി ഇട്ട് അയാള്‍ ആ വൃദ്ധനുനേരെ നീട്ടി.
സമ്മതം ചോദിക്കാതെതന്നെ എന്റെ പോക്കറ്റിലെ പേനയെടുത്ത് ഒരു ഫോട്ടോയുടെ പിന്‍ഭാഗത്ത് ആ വൃദ്ധന് എന്തോ കുറിച്ചു. പേന തിരിച്ച് എന്റെ പോക്കറ്റിലേയ്ക്ക് വെച്ചശേഷം അയാള്‍ ആ ഫോട്ടോ കവറിലിട്ട് ഒരു പുഞ്ചിരിയോടെ എനിക്കുനേരെ നീട്ടി. സന്തോഷത്തോടെ ഞാന്‍ ആ സ്നേഹസമ്മാനം വാങ്ങി ബാഗില്‍ വെച്ചിട്ട് അയാളെ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു. ‘ഒരുപാട് നന്ദി , ഇനിയെന്നെങ്കിലും പരസ്പ്പരം കാണാന്‍ ഭാഗ്യമുണ്ടാകട്ടെ’ പൂക്കള്‍ക്കിടയിലെ നടവഴിയിലൂടെ ഞാന്‍ നടന്നുമറയുന്നതുംനോക്കി ഒരുമിച്ചിരുന്നെടുത്ത ചിത്രത്തിന്റെ ഒരു കോപ്പിയും കയ്യില്‍പിടിച്ചുകൊണ്ട് ഹോവാലാ ജയിലിനുമുന്നില്‍ ആ വൃദ്ധന് നിന്നു.
അഞ്ചുദിവസത്തെ വിയറ്റ്നാം യാത്രാവിവരണം റബ്ബര്ക്കാടുകള്ക്കിടയിലെ എന്റെ ഈ എഴുത്തുമുറിയില്‍ പൂര്‍ത്തിയായിരിക്കുന്നു. ഇനി വീട്ടിലേയ്ക്ക് നടക്കണം . ഒന്ന് കുളിക്കണം , ഭക്ഷണം കഴിക്കണം പിന്നെ അടുത്ത ജോലികള്‍ക്കായി സ്റ്റുഡിയോയിലേയ്ക്ക് പോകണം.
എഴുതിത്തീര്‍ത്ത പേപ്പറുകളും , ക്യാമറയും ബാഗിലേയ്ക്ക് തിരിച്ചുവെയ്ക്കുമ്പോഴാണ് മടക്കയാത്രയുടെ തിരക്കില്‍ മറന്നുപോയ ആ കവര്‍ ശ്രദ്ധയില്‍പെട്ടത്. കവര്‍ തുറന്ന് ആ ഫോട്ടോ പുറത്തേയ്ക്കെടുത്തു. ആദ്യം മറിച്ചുനോക്കിയത് അതിന്റെ പിന്ഭാഗമായിരുന്നു. അവിടെ ഒരു വൃദ്ധന്റെ വിറയാര്‍ന്ന കൈകള്‍കൊണ്ട് ഇങ്ങനെ എഴുതിയിരുന്നു. ‘ഭക്ഷണം മോഷ്ടിച്ചതിന് ഒരു തെരുവ് ബാലനെ മര്‍ദിച്ച കേസില്‍ ഏഴുവര്‍ഷം ഈ ജയിലില്‍ കിടന്നത് എന്റെ സുഹൃത്തല്ലായിരുന്നു സര് , അത് ഈ ഞാന്‍തന്നെ ആയിരുന്നു. ‘ ഒരു ഞെട്ടലോടെ ഞാനാ ചിത്രത്തിലേയ്ക്ക് നോക്കി . അയാള്‍ ധരിച്ചിരുന്ന കടും പച്ചനിറമുള്ള പാന്റിന്റെ അടിഭാഗം ഇരുന്നപ്പോള്‍ കുറച്ചുമുകളിലേയ്ക്ക് വലിഞ്ഞു നിന്നിരുന്നതിനാല്‍ ആ വെളുത്ത കാല്‍പ്പാദങ്ങള്‍ക്ക് മുകള്ഭാഗം വ്യക്തമായി കാണാമായിരുന്നു. ഹോവാലോ ജയിലിലെ ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ കാണിച്ചും , വിശദീകരിച്ചും അത്ഭുതപ്പെടുത്തിയ ആ വൃദ്ധന്റെ ഇടത് കാല്പ്പാദത്തിന് തൊട്ടുമുകളിലായി ഞാന്‍ കണ്ടു ഒരു ലോഹ വളയത്തിന്റെ കറുത്ത തഴമ്പ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: