ശ്രിനഗര്‍ : ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഭീകരനുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെപ്പ്. കഴിഞ്ഞ ദിവസം സൈന്യത്തിന്റെ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ സിയ മുസ്തഫയെ പ്രദേശത്ത് എത്തിച്ച് തെളിവെടുക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഭീകരരുടെ ഒളിത്താവളം കണ്ടെത്തുന്നതിനായാണ് ഇയാളെ പ്രദേശത്തേയ്‌ക്ക് എത്തിച്ചത്. പൂഞ്ച് മേഖലയിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇയാള്‍ സൈന്യത്തിന്റെ പിടിയിലാവുന്നത്. പിടിയിലായ ഭീകരനുമായി ബട്ട ദുര്യനിലെ ഒളിസങ്കേതങ്ങള്‍ കണ്ടെത്തുന്നതിനിടെ സൈന്യത്തിന് നേരെ യാതൊരു പ്രകോപനവുമില്ലാതെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്കും ഒരു സൈനികനും പരിക്കേറ്റു.
തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്ന് ജമ്മു പോലീസ് അറിയിച്ചു. നിയന്ത്രണ രേഖയ്‌ക്ക് 12 കിലോമീറ്റര്‍ ഉള്ളിലാണ് നിലവില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. അതേസമയം പ്രദേശത്ത് കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം സിയ മുസ്തഫ ഉള്‍പ്പെടെയുള്ള ഭീകരരെ പിടികൂടുന്നതിനിടെ ഇന്ത്യന്‍ സൈന്യത്തിലെ മൂന്ന് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ആക്രമണങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മൂന്ന് ദിവസത്തെ സന്ദര്‍ശനം നടത്തി വരികയാണ്. അമിത് ഷാ കശ്മീരില്‍ തുടരുന്ന സാഹചര്യത്തില്‍ നടന്ന തീവ്രവാദി ആക്രമണങ്ങളെ ഏറെ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: