എം. ശ്രീഹര്ഷന്
ജ്ഞാനവിജ്ഞാനങ്ങളുടെ പ്രപഞ്ചദര്‍ശനം ഉള്‍ക്കൊണ്ട പ്രൊഫ. തുറവൂര്‍ വിശ്വംഭരന് മാഷിന്റെ സ്മൃതി ദിനമായിരുന്നു ഒക്ടോബര്‍ 20. തപസ്യ പ്രവര്‍ത്തനങ്ങളില്‍ മാഷുമായി അടുത്തിടപഴകിയതിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ലേഖകന്‍. രണ്ടു ഭാഗങ്ങളുള്ള അനുസ്മരണത്തിന്റെ അവസാനഭാഗം ഒരുവരിപോലും ‘വാര്‍ത്തിക’ത്തിനായി അദ്ദേഹം എഴുതിത്തന്നില്ലെങ്കിലും ‘വാര്‍ത്തിക’ത്തിന്റെ മിക്ക ലക്കങ്ങളിലും അദ്ദേഹത്തിന്റെ പ്രൗഢമായ ലേഖനങ്ങള്‍ ചേര്‍ത്തിരുന്നു. ഒരു ഉദാഹരണമിതാ: 1991 ഫെബ്രുവരി ലക്കത്തില്‍ വന്ന ‘ആധുനിക മലയാളകവിതയും കൃഷ്ണസങ്കല്പ്പവും’ എന്ന ലേഖനം. ഇത് വായിച്ചാല്‍ ഒരു പ്രഭാഷണത്തില്‍നിന്ന് പകര്‍ത്തിയെടുത്തതാണെന്ന് പത്രാധിപന്മാര്‍പോലും പറയില്ല. കൃത്യതയോടെ എഴുതിതയാറാക്കിയ ഒരു പ്രബന്ധമായേ പറയൂ. അതിന്റെ തുടക്കം നോക്കൂ:
”ആധുനിക സാഹിത്യനിരൂപണശാസ്ത്രത്തിലെ ഒരു സാങ്കേതികപദമാണ് ‘മിത്ത്’ എന്നത്. അതില്‍ അതിന് പ്രത്യേകമായ നിര്‍വചനവുമുണ്ട്. ജര്‍മ്മന്‍ തത്ത്വചിന്തകനായ ഏണസ്റ്റ് കാസിലറും, ‘ദി ഡിക്ഷനറി ഓഫ് ലിറ്റററി ടേംസ്’ എഴുതിയ എ.ജെ. കട്ഡനും (A.J. Cudden) മിത്തിനെ നിര്‍വചിച്ച് എഴുതിയിട്ടുണ്ട്. ‘ഗോത്രവര്‍ഗസമൂഹത്തിന്റെ കാല്പനികസ്മൃതി’ എന്നാണ് ആ നിര്‍വചനം. അതെ, ഉന്നതമായ സംസ്കാരം സിദ്ധിച്ചിട്ടില്ലാത്ത ഒരു ജനവിഭാഗത്തിന്റെ സൃഷ്ടിയാണ് മിത്ത്.
കവിതകളിലെ കൃഷ്ണസങ്കല്പത്തെക്കുറിച്ച് വിലയിരുത്തുന്ന നിരൂപകര്‍ അതിനെ ഒരു ‘മിത്താ’യി പലപ്പോഴും ചിത്രീകരിക്കാറുണ്ട്. ഇതു ഏത് അര്ഥത്തിലാണെന്നു മനസ്സിലാവുന്നില്ല. ‘മിഥോളജി’ എന്നു പറയുമ്പോഴുള്ള അര്ഥകല്പനയും നേരത്തെ സൂചിപ്പിച്ച നിര്‍വചനവും കൃഷ്ണസങ്കല്പവുമായി പൊരുത്തപ്പെടാത്തതാണ്. നമ്മുടെ പുരാണങ്ങള്‍ക്ക് പാശ്ചാത്യനിരൂപകര്‍ ‘മിഥോളജി’ എന്ന തര്‍ജമ കൊടുത്തുവെന്നത് വസ്തുതയാണെങ്കിലും ഗ്രീക്ക് മിഥോളജി, റോമന്‍ മിഥോളജി എന്നു പറയുന്നതിന്റെ കൂടെ വയ്ക്കാവുന്നതല്ല നമ്മുടെ പുരാണങ്ങള്‍.
രണ്ടും വ്യത്യസ്തമാണ്. രണ്ടു ലക്ഷ്യങ്ങളെ ഉന്നം വച്ചുകൊണ്ടു പ്രവഹിക്കുന്ന രണ്ട് സാംസ്കാരിക ധാരകളിലെ അത്യന്തം വിഭിന്നങ്ങളായ സങ്കല്പങ്ങളാണവ. മനുഷ്യസംസ്കാരം അങ്കുരിച്ച് വളരാന്‍ തുടങ്ങിയ കാലത്തുണ്ടായതാണ് മിത്ത്, എന്നാല്‍ വ്യാസന്റെ കൃഷ്ണന് അങ്ങനെ ഉണ്ടായതല്ല. മന്ഷ്യന് ഏതു കാലത്തും നേടാവുന്ന ചിന്താപരമായ ജ്ഞാനത്തിന്റെ പാരമ്യത്തിലെത്തിയ ഒരു ഋഷി സാര്‍വകാലിക പ്രസക്തിയുള്ള ഒരു കഥാപാത്രത്തെ കല്പന ചെയ്തിരിക്കയാണവിടെ. ജീവിതത്തെക്കുറിച്ചുള്ള സത്യ സങ്കല്പ്പപ്രത്യക്ഷീകരണത്തിന്റെ പരമാവധിയില്‍ എത്തിച്ചേര്‍ന്ന ഋഷി സങ്കല്പിച്ച ജീവന്മുക്തനാണ് കൃഷ്ണന്. ആ നിലയ്ക്ക് അതിനെ ഒരു മിത്തായി അവതരിപ്പിക്കുന്നത് ദാര്‍ശനികമായ ഉള്‍ക്കാഴ്ച ഇല്ലാത്തതുകൊണ്ടുമാത്രമാണ്. ഇതിഹാസമെന്നാല്‍ എന്താണെന്നു മനസ്സിലാക്കിയാല്‍ മാത്രമേ കൃഷ്ണസങ്കല്പത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ.”
1990 ല്‍ കോഴിക്കോട്ടു നടന്ന തപസ്യ പഠനശിബിരത്തില്‍ ഒരു ഉച്ചയ്ക്കുശേഷം നടന്ന സെമിനാറില്‍ തപസ്യ പ്രവര്‍ത്തകരായ യുവഎഴുത്തുകാര്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ കേട്ടശേഷം ചെയ്ത പ്രസംഗമായിരുന്നു അത്. മാഷ് തുടങ്ങിയത് ഇങ്ങനെയാണ്: ”ഊണുകഴിഞ്ഞുള്ള സമയമായതുകൊണ്ട് കോട്ടുവായൊക്കെ വന്നെങ്കിലും ഞാന്‍ ഉണര്‍ന്നിരുന്ന് കേട്ടു. അവസാനം അല്‍പ്പം ഉറങ്ങിപ്പോയി. ക്ഷമിക്കുക. എങ്കിലും ചര്‍ച്ച വളരെ സജീവമായിരുന്നു.”
സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് അതല്പ്പം നിരാശയുണ്ടാക്കി. എങ്കിലും ആ പ്രസംഗം അവസാനിച്ചപ്പോള്‍ അവരൊക്കെ അദ്ദേഹത്തിനു ചുറ്റുംകൂടിനിന്ന് ഒടുങ്ങാത്ത സംതൃപ്തി അറിയിച്ചു. അവരുന്നയിച്ച ആശയങ്ങള്‍ക്ക് കൃത്യമായ പൂര്‍ത്തീകരണവും അവ്യക്തതകള്‍ക്കും സംശയങ്ങള്‍ക്കും തെളിമയുള്ള ഉത്തരങ്ങളും അതിലുണ്ടായിരുന്നു. സുദൃഢമായ സാഹിത്യപ്രബന്ധം പോലെയായിരുന്നു ആ പ്രഭാഷണം.
നാം വിശ്വംഭരന് മാഷോട് എന്തെങ്കിലുമൊന്ന് ചെയ്യാന്‍ അങ്ങോട്ടു നിര്‍ദേശിച്ചാല്‍ അതു മാത്രം അദ്ദേഹം ചെയ്യില്ല. എന്നാല്‍ എന്താണ് താന്‍ ചെയ്യേണ്ടത് എന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. അത് ഏറ്റവും ഉചിതമായി ഏറ്റവും ഭംഗിയായി അദ്ദേഹം ചെയ്യും. ഒരിക്കല്‍ മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയുള്ള തപസ്യയുടെ സാംസ്കാരികതീര്‍ഥയാത്ര നിശ്ചയിച്ചപ്പോള്‍ അതിന്റെ ആസൂത്രണത്തിനായി 1991 ല്‍ തൊടുപുഴയില്‍ സംസ്ഥാന പഠനശിബിരം നടന്നിരുന്നു. തീര്‍ഥയാത്രയെക്കുറിച്ച് ശിബിരത്തില്‍ ഓരോ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഓരോരുത്തരെയായി ചുമതലപ്പെടുത്തിയിരുന്നു. തീര്‍ഥയാത്രയുടെ ഉദ്ദേശ്യലക്ഷ്യവും കാഴ്ചപ്പാടും അവതരിപ്പിക്കാനുള്ള ചുമതല വിശ്വംഭരന് മാഷിനെ ഏല്‍പ്പിച്ചു. അതു കേട്ടപ്പോഴുള്ള അദ്ദേഹത്തിന്റെ ഒരുചിരി ഇന്നും എന്റെ മനസ്സിലുണ്ട്.
തൊടുപുഴയില്‍ ശിബിരമാരംഭിച്ച് വിശ്വംഭരന്‍മാഷ് പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്: ”തീര്‍ഥയാത്രയുടെ ഉദ്ദേശ്യലക്ഷ്യവും കാഴ്ചപ്പാടും ഇവിടെ അവതരിപ്പിക്കാന്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ ഞാന്‍ അത് എഴുതിക്കൊണ്ടുവന്നിട്ടില്ല. ഇന്നലെ ഇവിടെവന്ന് രാത്രിയിരുന്ന് എഴുതാമെന്നു വിചാരിച്ചു. എഴുതിയില്ല. എന്നെ നന്നായി അറിയാവുന്നതുകൊണ്ട് എം.എ സാര്‍ (തപസ്യ സ്ഥാപകനായ എം. എ കൃഷ്ണന്) അതു വ്യക്തവും വിശദവുമായി എഴുതിക്കൊണ്ടുവന്ന് ഇവിടെ അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാലും നാം ചെയ്യാന്‍ പോവുന്നതിന്റെ സാധുതയെന്തെന്ന് ചില കാര്യങ്ങള്‍ ഞാന്‍ പറയാം.”
സംസ്കാരം, തീര്‍ഥം, തീര്‍ഥയാത്ര എന്നീ ആശയങ്ങളെക്കുറിച്ചുള്ള താത്ത്വികമായ വ്യാഖ്യാനവും തപസ്യയുടെ തീര്‍ഥയാത്രയുടെ സാംഗത്യവും വ്യക്തമാക്കിയ ഉജ്വലമായ ഒരു ക്ലാസായിരുന്നു അത്. ആ ശില്പശാലയില് പങ്കെടുത്തവരിലേക്ക് ലക്ഷ്യബോധവും ആവേശവും ഊര്‍ജവും പകരുന്നതരത്തില്‍ കൃത്യതയാര്‍ന്ന ഒരു പ്രഭാഷണം. ‘സാംസ്കാരികതീര്‍ഥയാത്ര’ എന്ന പേരു നിര്‍ദേശിച്ചതും വിശ്വംഭരന് മാസ്റ്ററായിരുന്നു.
ലോകത്തിന്റെ ഏതുകോണിലും പൊട്ടിമുളയ്ക്കുന്ന ഏറ്റവും നവീനമായ ചിന്താധാരകളെ സൂക്ഷ്മമായി മനസ്സിലാക്കുകയും വിലയിരുത്തിക്കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം. ഭാരതീയദര്‍ശനങ്ങളെക്കുറിച്ച് പഠിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ലേഖനങ്ങളെഴുതുകയും ചെയ്യുന്ന മറ്റുള്ളവരില്‍നിന്ന് വിശ്വംഭരന് മാസ്റ്ററെ വ്യത്യസ്തമാക്കുന്നത് ഇതാണ്.
തപസ്യയില്‍ പ്രവര്‍ത്തിക്കുകയെന്നത് തന്റെ ജീവിതദൗത്യമായായിരുന്നു അദ്ദേഹം കണ്ടത്. 1983 ല്‍ ആണെന്നു തോന്നുന്നു. കാലടിയില്‍വച്ചു നടന്ന തപസ്യ സംസ്ഥാനപഠനശിബിരത്തിലാണ് അദ്ദേഹം ആദ്യമായി പങ്കെടുത്തത്. എറണാകുളം യൂണിറ്റിലെ ഒരു അംഗമായി പങ്കെടുക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് അതിലെ ചര്‍ച്ചകളില്‍ അദ്ദേഹം ഏര്‍പ്പെട്ടത്. എല്ലാ തപസ്യയോഗങ്ങള്ക്കും പഠനശിബിരങ്ങള്‍ക്കും വാര്ഷികോത്സവങ്ങള്ക്കും കൃത്യമായി അദ്ദേഹം എത്തുമായിരുന്നു.
തപസ്യയുടെ സാംസ്കാരികതീര്ഥയാത്രയില് ഉടനീളം അദ്ദേഹം പങ്കെടുത്തിരുന്നു. സന്ദര്‍ശിച്ച പലയിടങ്ങളിലും അദ്ദേഹം നടത്തിയ ഹ്രസ്വമായ പ്രസംഗങ്ങളും ഇടപെടലുകളും ആ യാത്രയെ സജീവമാക്കുന്നവയായിരുന്നു. അന്ന് മണ്ണടിയില്‍ വേലുത്തമ്പിദളവയുടെ സ്മൃതിമണ്ഡപത്തില്‍ വിശ്വംഭരന്‍മാഷ് കുണ്ടറവിളംബരം വായിച്ചപ്പോള്‍ വേലുത്തമ്പിദളവതന്നെ മുന്നില്‍നിന്ന് വായിക്കുന്നതുപോലെയാണ് തോന്നിയത്.
ചില അവസരങ്ങളില്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടത് താനാണ് എന്നമട്ടില്‍ അദ്ദേഹം സ്വയം മുന്‍കൈയെടുത്ത് ചെയ്യുന്നതു കാണുമ്പോഴാണ് ആ ആത്മാര്‍ഥത വ്യക്തമാവുക. 1996 മാര്‍ച്ച് മാസത്തില്‍ ഒരുദിവസം പൊടുന്നനെ വിശ്വംഭരന്‍മാഷ് കോഴിക്കോട് തപസ്യ ഓഫീസില്‍ കയറിവരുന്നു. ഞാന്‍ മാത്രമേ അപ്പോള്‍ അവിടെയുണ്ടായിരുന്നുള്ളൂ. എനിക്കൊരു അങ്കലാപ്പ്. ഏതെങ്കിലും യോഗത്തിനോ പരിപാടികള്‍ക്കോ അല്ലാതെ അദ്ദേഹം തപസ്യ ഓഫീസില്‍ വരാറില്ല. വ്യക്തിപരമായ ആവശ്യത്തിന് ഒട്ടും വരില്ല.
അദ്ദേഹം പറഞ്ഞു:
”മെയ് മാസത്തില്‍ അക്കിത്തത്തിന്റെ സപ്തതി നിശ്ചയിട്ടിച്ചുണ്ടല്ലോ. നമുക്കത് ഇപ്പോള്‍ത്തന്നെ പ്ലാന്‍ ചെയ്ത് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യണം. ഞാന്‍ രണ്ടുമൂന്നുദിവസം ഇവിടെ നില്ക്കാന് കണക്കാക്കി വന്നതാണ്.” തപസ്യയുടെ മറ്റ് പ്രധാന ഭാരവാഹികളൊന്നും അന്ന് സ്ഥലത്തുണ്ടായിരുന്നില്ല. ഞങ്ങള്‍ രണ്ടുപേര്‍ മാത്രം. ആദ്യം എംടി യുടെ വീട്ടില്‍പ്പോയി. ജ്ഞാനപീഠമൊക്കെക്കിട്ടി എംടി അതിന്റെ പകിട്ടിലിരിക്കുന്ന കാലമാണ്. വിശ്വംഭരന്‍മാഷ് സ്വയം പരിചയപ്പെടുത്തി. ”അറിയാം.” എന്നു വിനയത്തോടെ എംടി പറഞ്ഞു. മാഷ് കാര്യം അവതരിപ്പിച്ചു. എന്നിട്ട് ഒരുതരം ആജ്ഞാസ്വരത്തില്‍ ഇങ്ങനെ പറഞ്ഞു: ”എംടി സ്വാഗതസംഘം അധ്യക്ഷന്‍ ആവണം.” ഒരു തടസ്സവും പറഞ്ഞില്ല. ഭയമോ പരിഭ്രാന്തിയോ ആദരവോ എന്നു തിരിച്ചറിയാനാവാത്ത ഭാവത്തോടെ എംടി സമ്മതിച്ചു.
പിന്നെ ഞങ്ങള്‍ അന്ന് മാതൃഭൂമി ആഴ്ചപ്പതിന്റെ പത്രാധിപരായ പ്രൊഫ. കെ.വി. രാമകൃഷ്ണന്റെ വീട്ടിലെത്തി. സന്ധ്യയായിരുന്നു. മാഷ് കാര്യം വിശദീകരിച്ചു. സാഹിത്യസമിതിയും എന്‍.വി കൃഷ്ണവാരിയര്‍ സ്മാരകസമിതിയും സംയുക്തമായി അക്കിത്തം സപ്തതി കോഴിക്കോട്ട് ആഘോഷിക്കാനുള്ള ആലോചനയുണ്ട് എന്ന് രാമകൃഷ്ണന്‍മാഷ് പറഞ്ഞു. ”അതൊന്നും വേണ്ട. തപസ്യ ചെയ്തോളും” എന്ന് വിശ്വംഭരന്‍മാഷ്. എന്നാപ്പിന്നെ തപസ്യയും ഞങ്ങളും സഹകരിച്ച് ഒന്നിച്ചാവാമെന്ന് രാമകൃഷ്ണന്‍മാഷ്. ”ഏയ് അതു ശരിയാവില്ല. തപസ്യ ഒറ്റയ്ക്കു നടത്തും. എംടി സ്വാഗതസംഘാധ്യക്ഷനാവാന്‍ സമ്മതിച്ചിട്ടുണ്ട്. താങ്കള്‍ ജനറല്‍ സെക്രട്ടറിയാവണം.” വിശ്വംഭരന് മാഷുടെ അഖണ്ഡിതമായ ആ പ്രഖ്യാപനത്തില്‍ രാമകൃഷ്ണന്‍മാഷ് എല്ലാം സമ്മതിച്ചു. പിറ്റേന്ന് പ്രൊഫ. കെ. ഗോപാലകൃഷ്ണന് മാസ്റ്ററെ (തപസ്യയുടെ ആദ്യകാലത്തെ അധ്യക്ഷന്‍) കണ്ട് സ്വാഗതസംഘരൂപീകരണത്തിന്റെ കാര്യങ്ങളൊക്കെ നിശ്ചയിച്ചാണ് വിശ്വംഭരന്‍മാഷ് മടങ്ങിയത്.
വി.എം കൊറാത്ത് സാര്‍ ആരോഗ്യപ്രശ്നം കാരണം യാത്ര ചെയ്യാനാവാതെ എറണാകുളത്ത് വിശ്രമത്തിലാണ്. തപസ്യ ജനറല്‍ സെക്രട്ടറിയായിരുന്ന എന്‍.പി. രാജന്നമ്പി പിതാവിന്റെ മരണം കാരണം വീട്ടിലാണ്. സംഘടനാ സെക്രട്ടറിയായിരുന്ന ആര്. സജ്ഞയന്‍ മറ്റേതോ സംഘടനാകാര്യങ്ങള്‍ക്കായി കേരളത്തിനു പുറത്താണുള്ളത്. കോഴിക്കോട്ട് ഇക്കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ഒറ്റക്കായിരിക്കുമെന്നറിഞ്ഞ് എം.എ സാറിനെ കണ്ട് ചര്‍ച്ചചെയ്ത് താന്‍ സ്വയം ഏറ്റെടുക്കേണ്ട ഒരു സംഘടനാദൗത്യമാണിതെന്ന മട്ടിലാണ് മാഷ് അന്ന് കോഴിക്കോട്ടു വന്നത്.
അദ്ദേഹം തപസ്യയുടെ അധ്യക്ഷനായ കാലത്താണ് ടി.പത്മനാഭന് തപസ്യയുടെ സഞ്ജയന്‍പുരസ്കാരം നല്‍കുന്നത്. ആ വേദിയില്‍ പത്മനാഭന് തന്നെ പറഞ്ഞിട്ടുണ്ട്. വിശ്വംഭരന്‍മാഷ് നേരിട്ടുവന്നു പറഞ്ഞാല്‍ എനിക്കിത് നിഷേധിക്കാനാവില്ലയെന്ന്. സി.രാധാകൃഷ്ണന് സഞ്ജയന് പുരസ്കാരം കൊടുക്കണമെന്നതും മാഷിന്റെ തീരുമാനമായിരുന്നു.
‘വാര്‍ത്തിക’ത്തോട് വിശ്വംഭരന് മാസ്റ്ററുടെ സമീപനം ഞാന്‍ സൂചിപ്പിച്ചിരുന്നല്ലോ. 2000 ല്‍ ആണ്. തപസ്യയുടെ മാനേജിങ് കമ്മിറ്റിയോഗം ആലുവയില്‍ നടക്കുകയാണ്. സാമ്പത്തികപ്രശ്നങ്ങള്‍ കാരണം മാസിക പ്രസിദ്ധീകരണം മുടങ്ങും എന്ന അവസ്ഥയായിരുന്നു അന്ന്. അതിനു പരിഹാരമായി ചില നിര്‍ദേശങ്ങളൊക്കെ പൊന്തിവന്നുവെന്നതല്ലാതെ കൃത്യമായ തീരുമാനമൊന്നുമുണ്ടായില്ല. യോഗം കഴിഞ്ഞ് മടങ്ങാനൊരുങ്ങവേ എന്റെ തോളില്‍പ്പിടിച്ച് വിശ്വംഭരന്‍മാഷ് എന്നെ വിളിച്ചു. ”വാ. നമുക്ക് വീട്ടിലേക്ക് പോകാം. ഹര്ഷന്മാഷിതുവരെ എന്റെ വീട്ടില്‍ വന്നിട്ടില്ലല്ലോ.”
ഞങ്ങള്‍ വീട്ടിലെത്തി. ചായ കുടിച്ചു. അല്‍പ്പം സംസാരിച്ചിരുന്നു. ഞാന്‍ ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ അദ്ദേഹം എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ മുറിയിലെ പുസ്തകഷെല്ഫ് തുറന്ന് അതിനുള്ളില്‍നിന്ന് പുസ്തകക്കെട്ടുപൊലെ തോന്നിച്ച വലിയൊരു കെട്ട് എടുത്ത് എന്റെ കൈയില്‍ത്തന്നു. തുറന്നുനോക്കാന്‍ പറഞ്ഞു. ഒരുകെട്ട് നോട്ടായിരുന്നു അത്. ചിരിച്ചുകൊണ്ട് എന്റെ തോളില്‍ത്തട്ടി അദ്ദേഹം പറഞ്ഞു: ”ജന്മഭൂമിയിലെ പത്രാധിപപ്പണി രാജിവച്ച് പോരുമ്പോള്‍ അവര്‍ എനിക്കുതന്ന ആ ഒമ്പത് മാസത്തെ ശമ്പളമാണിത്. ഇത് മാഷ് കൊണ്ടുപോയ്ക്കോളൂ. തല്ക്കാലം പ്രസ്സിലെ കടം വീട്ടുക. വാര്‍ത്തികം ഒരിക്കലും മുടങ്ങരുത്. തുടര്‍ന്ന് നമുക്ക് വേറെയെന്തെങ്കിലും വഴിയുണ്ടാക്കാം.”
ചില പുണ്യങ്ങള്‍ അധികം അനുഭവിക്കാന്‍ സാധിക്കില്ല എന്നു പറയാറുണ്ട്. വിശ്വംഭരന്മാഷെപ്പോലെ ഒരാള്‍ എപ്പോഴെങ്കിലും പിറവിയെടുക്കുമെന്ന് നമുക്ക് പ്രാര്‍ഥിക്കാം. ധര്‍മ്മരക്ഷക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: