കേവലം 12 വയസ് മാത്രം പ്രായമുള്ള കുട്ടിയായിരുന്നു അന്ന് ഇസ്മയില്‍ ബേ. ഗോത്രനൃത്തവും മീന്പിടുത്തവുമൊക്കെ അവന് ഹോബി. അങ്ങനെയിരിക്കെ ഒരു നാള് റിബല്‍ സൈന്യം അവന്റെ ഗ്രാമം ആക്രമിച്ചു. കണ്ണില്‍ കണ്ടതൊക്കെ ചുട്ടുകരിച്ചു. മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയുമൊക്കെ തച്ചുകൊന്നു. പാവം ഇസ്മയില്‍. ഗുണ്ടാപ്പടയുടെ വെടിയുണ്ടകളില്‍നിന്ന് അവന് കഷ്ടിച്ചു രക്ഷപ്പെട്ടു. പക്ഷേ അവന്റെ അച്ഛനും അമ്മയും ബന്ധുക്കളുമൊക്കെ കൊല്ലപ്പെട്ടു. ചങ്ങാതിമാരെ കാണാതായി. ഒടുവില്‍ കൊഴിഞ്ഞുവീണ സ്വപ്നങ്ങളുമായി ആളില്ലാ വഴിയിലൂടെ അവന് നടന്നു.
അപ്പോഴാണ് സിറാലിയോണിന്റെ ഔദ്യോഗിക പട്ടാളം അവിടെയെത്തിയത്. അവര്‍ ഇസ്മയിലിനെ വട്ടംപിടിച്ചു. ബലമായി പട്ടാളത്തില്‍ ചേര്‍ത്തു. അവനൊപ്പം വലിപ്പമുള്ള യന്ത്രത്തോക്കും കീശയില്‍ തിരുകിയ കൈബോംബുകളുമായി ആ കുട്ടിപ്പട്ടാളക്കാരന്‍ ജീവിതത്തിലെ അടുത്ത അധ്യായം ആരംഭിച്ചു. അവസാനമില്ലാത്ത ഉഷ്ണമേഖലാ വനങ്ങളില്‍ കൊന്നും കൊലവിളിച്ചും അവന് നടന്നു. ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞിട്ടും കൂട്ടുകാര്‍ മരിച്ചുവീണിട്ടും ഇസ്മയില്‍ മുന്നോട്ടുപോയി.
ഒടുവില്‍ പട്ടാളക്യാമ്പില്‍ വെള്ളച്ചായമടിച്ച ഏതാനും വാനുകള്‍ വന്നു. അമ്മയുടെയും കുഞ്ഞിന്റെയും ‘ലോഗോ’ വരച്ച വാനുകള്‍. അതിലെ ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ പരതി. കുട്ടിപ്പട്ടാളക്കാരെ കണ്ടെത്തി. അവരെയെല്ലാം തങ്ങളുടെ വാഹനത്തില്‍ കയറ്റി. അവരെത്തിയത് ഒരു പുനരധിവാസ ക്യാമ്പില്‍ ആഭ്യന്തര കലഹം രൂക്ഷമായ സിറാലിയോണില്‍ കുട്ടികളെ സംരക്ഷിക്കാന്‍ തുറന്ന ക്യാമ്പായിരുന്നത്. അതിനു മുന്നില്‍ വലിയൊരു ബോര്‍ഡ് ഇസ്മയിലിന്റെ ശ്രദ്ധ ആകര്‍ഷിച്ചു-‘യുനിസെഫ്.’
അവിടെ അവന് വീണ്ടുമൊരു കുട്ടിയായി. കൂട്ടുകാരെ കണ്ടുമുട്ടി. സ്കൂളില്‍ പഠനം തുടങ്ങി. യുനിസെഫ് തേടിപ്പിടിച്ചുകൊണ്ടുവന്ന അമ്മാവന്റെ ദത്തുപുത്രനായി. അവിടെ അവന് പുതിയൊരു ജീവിതം കരുപ്പിടിപ്പിച്ചു. എല്ലാം നഷ്ടപ്പെട്ട പഴയ ജീവിതത്തിന്റെ ശപിക്കപ്പെട്ട ഓര്‍മകളില്‍നിന്നും കരുതലിന്റെ സ്നേഹസ്പര്‍ശം നിറഞ്ഞ രണ്ടാം ബാല്യത്തിലേക്ക്. അവനൊരു സാഹിത്യകാരനായി. കുട്ടിപ്പട്ടാളക്കാരന്റെ ഓര്‍മക്കുറിപ്പുകള്‍ പു
സ്തകരൂപത്തിലാക്കി. ലോകത്തെമ്പാടുമുള്ള എല്ലാ കുട്ടികള്‍ക്കും വേണ്ടി യുനിസെഫിന്റെ ഗുഡ്വില് അംബാസിഡറായി. ഇസ്മയില്‍ സേ രചിച്ച ‘എ ലോംഗ്വേ ഗോണ്: മെമ്മൊയേഴ്സ് ഓഫ് എ ബോയ് സോള്‍ജിയര്‍’ ആഭ്യന്തര കലഹത്തിന്റെ ഇരയാവുന്ന കുഞ്ഞുങ്ങളുടെ കദനകഥ ലോകത്തെ അറിയിച്ചു.
ഇസ്മയേലിനെപ്പോലെ ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ആരോഗ്യകരമായ ബാല്യം ഉറപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമായ യുനിസെഫിന് ഈ വര്‍ഷം 75 വയസ്സ് തികയുന്നു. സ്നേഹസ്പര്‍ശത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍.
രണ്ടാം ലോകമഹായുദ്ധത്തിന്റെ സംഹാരതാണ്ഡവത്തില്‍ സകലതും നഷ്ടപ്പെട്ട അമ്മമാരെയും കുഞ്ഞുങ്ങളെയും പുനരധിവസിപ്പിക്കുകയായിരുന്നു ‘യുനിസെഫ്’ എന്ന സങ്കല്പത്തിനു പിന്നില്‍. അവര്‍ക്ക് ഭക്ഷണവും മരുന്നും സുരക്ഷയും ഉറപ്പാക്കുക എന്ന ഏകലക്ഷ്യം. പോളണ്ടുകാരനായ ലുഡ്വിക് റാച്ച്മാന് എന്ന മനുഷ്യസ്നേഹിയുടെ നിരന്തരശ്രമം. ആശ്രമത്തിന്റെ വിജയമായിരുന്നു കുട്ടികള്‍ക്കും അമ്മമാര്‍ക്കും വേണ്ടി ഒരു ആഗോള കാരുണ്യ സംഘടന ആരംഭിക്കാന്‍ ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിച്ചത്. അങ്ങനെ 1946 ഡിസംബര്‍ 11 ന് ചേര്‍ന്ന യുഎന്‍ ജനറല്‍ അസംബ്ലി യുനിസെഫിനു ജന്മം നല്‍കിക്കൊണ്ടുള്ള പ്രമേയം അംഗീകരിച്ചു. ഇന്ന് ഇരുന്നൂറോളം ലോകരാജ്യങ്ങള്‍ ആ സംഘടനയിലെ അംഗങ്ങള്‍.
തുടക്കത്തില്‍ യുണൈറ്റഡ് നേഷന്‍സ് ഇന്റര്‍ നാഷണല്‍ ചില്‍ഡ്രന്‍സ് എമര്‍ജന്‍സി ഫണ്ട് എന്നായിരുന്നു യുനിസെഫിന്റെ പൂര്‍ണനാമം. പോഷകസമൃദ്ധമായ പാലുകുടിക്കുന്ന കുട്ടി ആദ്യകാല ലോഗോയും. കാലം കടന്നുപോയപ്പോള്‍ സംഘടനയുടെ ലക്ഷ്യം വിശാലമായി. കുട്ടികളുടെ സംരക്ഷണം, പഠനം, ആരോഗ്യസംരക്ഷണം, അഭയം, പോഷകാഹാര ലഭ്യത, ശുചിത്വം എന്നിവയെല്ലാം യുനസ്കോയുടെ ലക്ഷ്യങ്ങളായി. പാല് കുടിക്കുന്ന കുഞ്ഞിന്റെ സ്ഥാനത്ത് അമ്മയും കുഞ്ഞും ലോഗോയില്‍ സ്ഥാനംപിടിച്ചു. ‘യുനിസെഫ്’ എന്ന ചുരുക്കപ്പേര് മാറിയില്ലെങ്കിലും ‘ഇന്റര്‍നാഷണല്‍’, ‘എമര്‍ജന്‍സി’ എന്നീ വാക്കുകള്‍ അപ്രത്യക്ഷമായി. ഐക്യരാഷ്ട്രസഭയുടെ ബാലാവകാശ പ്രഖ്യാപനത്തിന്റെ (1959)ചുവടുപിടിച്ച് സംഘടനയുടെ ലക്ഷ്യങ്ങള്‍ പുനര്‍നിര്‍വചിക്കപ്പെട്ടു.
സന്മനസ്സുള്ളവരുടെ നന്മയും ലോകരാജ്യങ്ങളുടെ കാരുണ്യവുമാണ് യുനിസെഫിന്റെ കൈമുതല്‍. സഹസ്രകോടി രൂപ ചെലവു വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലും ശതകോടി സുമനസ്സുകളുടെ ആ ഉദാരത തന്നെ. എവിടെ പ്രതിസന്ധിയുണ്ടോ, അവിടെ യുനിസെഫിന്റെ സ്നേഹസാന്ത്വനമെത്തും. വര്‍ഗീയ ഭ്രാന്തന്മാര് ആടിത്തകര്‍ക്കുന്ന അഫ്ഗാനിലെ താലിബാന് മേഖല തന്നെ ഉദാഹരണം. പോളിയോ വാക്സിന് നല്‍കുന്നത് താലിബാന് നിരോധിച്ചു. ആരോഗ്യ പ്രവര്‍ത്തകരെ ക്രൂരമായി അവര്‍ കൊന്നു. എന്നിട്ടും ലക്ഷക്കണക്കിന് അഫ്ഗാന് കുഞ്ഞുങ്ങള്‍ക്ക് യുനിസെഫ് പോളിയോ വാക്സിന് നല്കി. താലിബാന് വിക്രിയകള്‍ മൂലം 10 ലക്ഷം കുട്ടികളെങ്കിലും വാക്സിന് ലഭിക്കാതെ മാരകമായ പോളിയോ രോഗത്തിനിരയായതായി യുനിസെഫ് പ്രവര്‍ത്തകര്‍ അന്ന് പരിതപിച്ചു. ആ രാജ്യത്ത് വിദ്യാഭ്യാസത്തില്‍നിന്ന് ബലാല്‍ക്കാരമായി അകറ്റപ്പെട്ട 37 ദശലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യ നല്‍കാനും ഗ്രാമങ്ങളിലെ ശുചിത്വമില്ലായ്മയും പോഷകാഹാരക്കുറവും ഉച്ചാടനം ചെയ്യാനും സംഘടന മുന്നിട്ടിറങ്ങി. (താലിബാന് ഭീകരര്‍ അധികാരം പിടിക്കും മുന്‍പത്തെ കഥയാണിത്.) ഗ്രീസിലെ സെഫാലോണിയയില് ഭൂകമ്പം നാശം വിതച്ചപ്പോഴും ഗര്‍ഭിണികളായ അമ്മമാര്‍ക്കും അശരണരായ കുഞ്ഞുങ്ങള്‍ക്കും ആശ്വാസത്തിന്റെ ആദ്യകിരണങ്ങളുമായെത്തിയത് മറ്റാരുമായിരുന്നില്ല. അംഗോളയിലും ബുറെന്ഡിയിലും കൊളമ്പിയയിലും കോങ്കോയിലും മൊസാംബിക്കിലും സൊമാലിയയിലുമൊക്കെ കാരുണ്യവര്‍ഷം പകര്‍ന്നത് യുനിസെഫ് ആയിരുന്നു. വിവിധ രാജ്യങ്ങളിലെ കോടാനുകോടി കുഞ്ഞുങ്ങള്‍ക്കായി രോഗപ്രതിരോധ ക്യാമ്പുകള്‍, ചികിത്സാ ക്യാമ്പുകള്‍, മുലയൂട്ടല്‍ പ്രോത്സാഹന പരിപാടികള്‍, ശിശു-സൗഹൃദ ആശുപത്രികള്‍, ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതികള്‍ തുടങ്ങിയവയൊക്കെ ഈ സംഘടനയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഭൂകമ്പവും കൊടുങ്കാറ്റും തകര്‍ത്തെറിഞ്ഞ കുഞ്ഞുങ്ങളുടെ പഠനം മുടങ്ങാതിരിക്കാനുള്ള യുനിസെഫിന്റെ ‘എഡ്യുകിറ്റ്’ എന്ന വമ്പന്‍ പെട്ടികള്‍ ഏറെ പ്രശസ്തമാണ്. ദുരന്ത സ്ഥലത്തേക്ക് കുതിച്ചെത്തുന്ന യുനിസെഫ് പ്രവര്‍ത്തകര്‍ ചുമന്നെത്തിക്കുന്ന പെരുംപെട്ടികള് ഒരു കൊച്ചു സ്കൂള്‍ തന്നെയാണത്രേ. കളര്‍ പെന്‍സിലും ബ്ലാക്ക് ബോര്‍ഡും മുതല്‍ പേനയും റബറും നോട്ട്ബുക്കും സ്കെയിലും വരെ കുത്തിനിറച്ച ‘വിദ്യപ്പെട്ടികള്.’ വിദൂരദേശങ്ങളിലെയും കുഗ്രാമങ്ങളിലെയും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പാക്കുന്നതിന് യുനിസെഫ് തയ്യാറാക്കിയ ‘മദര്‍ ആന്റ് ബേബി പാക്സ്’ ആരോഗ്യ വിദഗ്ദ്ധരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. ദക്ഷിണേഷ്യയിലെ പെണ്‍കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് യുനസ്കോ നടപ്പില്‍ വരുത്തിയ ‘മീനാ പ്രോജക്ട്’ തുടങ്ങിയ പദ്ധതികളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ആരംഭിച്ച് രണ്ടു പതിറ്റാണ്ടു മുന്‍പുതന്നെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം യുനിസെഫിനെ തേടിയെത്തിയതിന്റെ കാരണവും സമര്‍പ്പണ ബുദ്ധ്യാ ഉള്ള ഈ പ്രവര്‍ത്തനം തന്നെ.
മാറുന്ന കാലത്തിനനുസരിച്ച് യുനിസെഫും ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ മാറ്റവും കൊവിഡ്-19 പോലുള്ള മഹാമാരികളും. അവികസിത രാജ്യങ്ങളില്‍ നടക്കുന്ന ആഭ്യന്തരയുദ്ധങ്ങള്‍. മതമൗലികവാദം അടിച്ചേല്പ്പിക്കുന്നയിടങ്ങളില് ഉണ്ടാകുന്ന മാനുഷിക പ്രശ്നങ്ങള്‍. വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് സംഭാവനയുടെ ഒഴുക്ക് വര്‍ധിക്കേണ്ടതുണ്ടെന്നും തീര്‍ച്ചയായും ഗൗരവമുള്ള വിഷയം തന്നെ. പക്ഷേ യുനിസെഫ് ഇതൊക്കെ അതിജീവിക്കും. കോടാനുകോടി കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തും. എഴുപത്തിയഞ്ച് വര്‍ഷം തികച്ച കരുണയുടെ ഈ മുത്തശ്ശിക്ക് നന്മകള് നേരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: