മുംബൈ: അനന്യ പാണ്ഡെയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ലാപ് ടോപും മൊബൈല്‍ ഫോണും നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.
ആര്യന് ഖാനുമായി അനന്യ നടത്തിയ ചില വാട്സാപ് ചാറ്റുകളില്‍ മയക്കമരുന്ന് സംഭരിയ്ക്കുന്നതുമായി ബന്ധപ്പെട്ട സംഭാഷണങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സോണല്‍ മേധാവി സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ അനന്യയുടെ വീട് റെയ്ഡ് ചെയ്തിരുന്നു. മുംബൈയില്‍ ബാന്ദ്ര ഏരിയയിലെ പാലി ഹില്ലിലെ അനന്യ പാണ്ഡെയുടെ വീട്ടിലാണ് നര്‍ക്കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും പിടിച്ചെടുത്ത ലാപ് ടോപും മൊബൈല്‍ ഫോണുമാണ് ഫോറന്‍സിക് പരിശോധനയ്ക്കയച്ചത്.
ആര്യന് ഖാനുമായുള്ള ചില വാട്സാപ് ചാറ്റുകളില്‍ മയക്കമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ നിഗമനം. ദുരൂഹമായ ഈ സംഭാഷണങ്ങളില്‍ ചിലത് അനന്യ ഡിലീറ്റ് ചെയ്തിരിക്കാമെന്നാണ് സോണല്‍ മേധാവി സമീര്‍ വാങ്കഡെ സംശയിക്കുന്നത്.
അതേ സമയം, ആര്യന് ഖാനുമായി നടത്തിയ ചാറ്റുകള്‍ കൃത്യമായി ഓര്‍മ്മയില്ലെന്നാണ് അനന്യയുടെ വിശദീകരണം. ചില വാക്കുകള്‍ താന്‍ തമാശയായി പറഞ്ഞവയാണെന്നാണ് നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ നടത്തിയ ചോദ്യം ചെയ്യലില്‍ അനന്യ പറഞ്ഞത്. മയക്കമരുന്നുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളും വെറും തമാശയായിരുന്നുവെന്നാണ് അനന്യയുടെ വിശദീകരണം. എന്നാല്‍ നര്‍കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര്‍ ഇത് മുഖവിലക്കെടുക്കുന്നില്ല. ആര്യന് ഖാനും അനന്യയും തമ്മിലുള്ള സംഭാഷണത്തില്‍ മരിജുവാന ശേഖരിക്കേണ്ടതിനെക്കുറിച്ചും അത് അനന്യ പാണ്ഡെ റെഡിയാക്കാമെന്നും ധാരണയുണ്ടായിരുന്നെന്ന് നര്‍കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര്‍ കരുതുന്നു. ഇതിന്റെ വിശദാംശങ്ങള്‍ കൃത്യമാക്കാനാണ് മൊബൈല്‍ ഫോണും ലാപ് ടോപും പരിശോധിക്കുന്നത്.
ആര്യന് ഖാന് കഞ്ചാവ് സംഘടിപ്പിച്ച് കൊടുത്തത് താനാണെന്ന കാര്യം അനന്യ നിഷേധിച്ചു. താന്‍ ഇതുവരെ മയക്കമരുന്ന് വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അനന്യയുടെ വാദം.
മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോകുന്ന ആഡംബരക്കപ്പലിലെ ഉന്നതരുടെ പാര്‍ട്ടി നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ തകര്‍ത്തത് ഒക്ടോബര്‍ മൂന്നിനാണ്. എട്ട് മണിക്കൂര്‍ നീണ്ട ഈ റെയ്ഡിലാണ് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് പിടിയിലാകുന്നത്. ഇവിടെ നിന്ന് കൊക്കെയ്ന്‍, ഹാഷിഷ്, എംഡി, മറ്റ് മയക്കമരുന്നുകള്‍ എന്നിവ കണ്ടെടുത്തു. ഇപ്പോള്‍ ആര്യന് ഖാന് ആര്‍തര്‍ റോഡ് ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: