തിരുവനന്തപുരം: പുതുതായി ആരംഭിക്കുന്ന മെഡിക്കല്‍ കോളേജുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ട്രിക്കില്ല.കേരളത്തിലെ വിവിധ ഗവ. മെഡിക്കല്‍ കോളേജുകളിലെ അധ്യാപകരുടെ തസ്തികകള്‍ പുതുതായി സ്ഥാപിച്ച മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റും.
സാധാരണ ഗതിയില്‍ ഒരു പുതിയ മെഡി.കോളേജ് സ്ഥാപിക്കുമ്പോള്‍ തന്നെ അവിടേക്ക് വേണ്ട അധ്യാപക അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കുകയും അതിലേക്ക് പുതുതായി നിയമനം നടത്തുകയോ, നിലവില്‍ സര്വ്വീസിലുളളവരെ സ്ഥാനക്കയറ്റം നല്കി അവിടേക്ക് അയക്കുകയോ ആണ് ചെയ്യേണ്ടത്. എന്നാല്‍ അതിന് തയ്യാറാകാതെ, പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ സര്‍വ്വീസില്‍ ഇപ്പോള്‍ ഉള്ള ആള്‍ക്കാരെക്കൊണ്ട് പുതുതായി സ്ഥാപിച്ച മെഡിക്കല്‍ കോളേജുകള്‍ കൂടി നടത്തിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നത്.
ഇപ്പോള്‍ തന്നെ രാജ്യത്തെ മികച്ച മെഡിക്കല്‍ കോളേജുകളുടെ പട്ടികയില്‍ മുന്‍ സ്ഥാനങ്ങളില്‍ കേരളത്തിലെ മെഡി.കോളേജുകള്‍ സ്ഥാനം പിടിച്ചിട്ടില്ല. മുന്‍ കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആളുകള്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളെ ആശ്രയിക്കുകയും കൂടുതല്‍ സങ്കീര്‍ണ്ണമായ ഓപ്പറേഷനുകളും ചികില്‍സാ രീതികളും അവിടെ ലഭ്യമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം ചികില്‍സകളും സേവനങ്ങളും അവിടെ തടസ്സമില്ലാതെ തുടരുന്നതിന് വിഘാതമുണ്ടാക്കാന്‍ ഈ നീക്കം കാരണമാകും. അതുകൊണ്ട് തന്നെ കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളിലെ ചികില്‍സയുടെ കാര്യത്തിലും അക്കാദമിക മികവിന്റെ കാര്യത്തിലും ഗവേഷണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും കനത്ത പ്രഹരമേല്‍പ്പിക്കുന്ന ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന് തിരിയണമെന്നാണ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: