പ്രശസ്ത സംരംഭകനും സ്പേസ് എക്സ്, ടെസ്ല എന്നീ കമ്പനികളുടെ മേധാവിയുമായ എലോണ്‍ മസ്ക് ലോകത്തിലെ ആദ്യത്തെ ട്രില്യണെയറാകാന് ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന മോര്ഗന് സ്റ്റാന്‍ലി അനാലിസിസ് റിപ്പോര്‍ട്ട് പ്രകാരം സ്വകാര്യ സമ്പത്തിന്റെ കാര്യത്തില്‍ മസ്കാണ് ലോകത്തിലെ ഒന്നാമന്. വൈദ്യുത വാഹന കമ്പനിയായ ടെസ്ലയില് നിന്നുള്ള സമ്പത്താണ് മസ്കിനെ ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. ഇതിനൊപ്പം അദേഹത്തിന്റെ ബഹിരാകാശ പര്യവേഷണ കമ്പനിയായ സ്പേസ് എക്സ് വരും വര്‍ഷങ്ങളില്‍ മസ്കിനെ കൂടുതല്‍ സമ്പന്നനാക്കുമെന്നാണ് റിപ്പോര്‍ട്ട് കണക്കാക്കുന്നത്.
ബഹിരാകാശ യാത്ര, അതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ഭൂമിയുടെ പര്യവേഷണം തുടങ്ങിയ ബിസിനസ്സുകളുടെ ഒരു ശേഖരമാണ് സ്പേസ് എക്സ്. മോര്ഗന് സ്റ്റാന്‍ലിയുടെ അനലിസ്റ്റായ ആദം ജോനാസ്, സ്പേസ് എക്സിന്റെ ഭാവി സാധ്യതകളില്‍ വിശ്വസിക്കുന്നുവെന്നും വ്യക്തമാക്കി. മസ്കിന്റെ 200 ബില്യണ്‍ ഡോളര്‍ മൂലധന മൂല്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷന്സാണെന്നാണ് ജോനാസ് കാണുന്നത്.
ലോകത്തിലെ അതി സമ്പന്നരായ ജെഫ് ബെസോസിനെയും(ആമസോണ്‍), ബില്‍ ഗേറ്റ്സിനെയും (മൈക്രസോഫ്റ്റ്), വാറന്‍ ബഫറ്റിനെയും (ബെര്‍ക്ക്ഷയര്‍ ഹാത്ത്വേ) പിന്തള്ളിയാണ് മസ്ക് ഈ നേട്ടം കൈവരിച്ചത്. 230 ബില്യണ്‍ ഡോളറാണ് അദേഹത്തിന്റെ ആസ്തി. ബില്‍ ഗേറ്റ്സിന്റെയും വാറന്‍ ബഫറ്റിന്റെയും മൊത്തം സമ്പത്തിന് തുല്യമാണിത്.
കഴിഞ്ഞ ജനുവരിയില്‍ അതിസമ്പന്നരുടെ പട്ടികയില്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസിനെ മറികടന്ന് മസ്ക് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ ബെസോസ് വേഗം തന്നെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. എയറോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങിനെക്കുറിച്ചും ഭാവിയിലെ ബഹിരാകാശ ടൂറിസം മേഖലയെക്കുറിച്ചും ഇവര്‍ രണ്ടുപേരും തമ്മിലുള്ള മത്സരം മുന്‍കാലങ്ങളില്‍ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: