കോട്ടയം: ഇരുപത്തൊന്ന് പേരുടെ ജീവനെടുത്ത കൂട്ടിക്കല്‍, കൊക്കയാര്‍ ദുരന്തങ്ങള്‍ക്ക് പഞ്ചായത്തു മുതല്‍ സംസ്ഥാന സര്‍ക്കാര്‍ വരെ ഉത്തരവാദികളാണ്. സമയാസമയങ്ങളില്‍ നടപടികള്‍ എടുക്കാതെ, തങ്ങളുടെ ചുമതലകള്‍ നിറവേറ്റാതെയിരുന്നതാണ് ഇത്രയേറെ ജീവനുകള്‍ പൊലിയാന്‍ കാരണം. ഓരോ ദുരന്തം കഴിയുമ്പോഴും പ്രകൃതി സംരക്ഷണത്തെ മുന്‍നിര്‍ത്തിയുള്ള നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. പക്ഷേ, ഒന്നും നടപ്പാക്കുകയോ മുന്‍കരുതലുകള്‍ കൈക്കൊള്ളുകയോ ചെയ്യാറില്ല.
കൂട്ടിക്കല്‍, ഏന്തയാര്‍, കൊക്കയാര്‍ ഉരുള്‍പൊട്ടലും, മലയിടിച്ചിലും മൂലം ഉണ്ടായ ദുരന്തങ്ങള്‍ക്ക് വഴിവെച്ചതിന്റെ ഉത്തരവാദിത്തം ഗ്രാമപഞ്ചായത്ത് മുതലാണ് തുടങ്ങുന്നത്. വാഗമണ്‍ മലനിരകളോട് അനുബന്ധമായുള്ള കുന്നുകളാണ് കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തികളിലേത്. പാരിസ്ഥിതികമായി ദുര്‍ബ്ബലമായ ഈ പ്രദേശത്തിന്റെ ഭൂമിയുടെ ഘടനാ സവിശേഷതകള്‍ തകിടം മറിക്കാന്‍ സാഹചര്യമൊരുക്കിയത് പഞ്ചായത്തുകളാണ്. തകര്‍ന്നു തരിപ്പണമായ കൂട്ടിക്കല്‍ ടൗണ്‍ ഇനി എന്ന് പൂര്‍വസ്ഥിതിയിലാകുമെന്നത് ആര്‍ക്കും അറിയില്ല.
ചെറുതും വലുതുമായ നൂറോളം ഉരുള്‍പൊട്ടലുകളാണ് ഈ പ്രദേശത്തെ താറുമാറാക്കിയത്. പരിസ്ഥിതിലോല മേഖലയായ കൂട്ടിക്കല്‍ നേരിടുന്ന പാരിസ്ഥിതികവെല്ലുവിളികളും ഭീഷണികളും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ആറ് വര്‍ഷം മുമ്പേ ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ ആരും ഗൗനിച്ചില്ല. ബോര്‍ഡ് നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിലുള്ള ഗൗരവമേറിയ കണ്ടെത്തലുകള്‍ 2015 സപ്തംബറില്‍ അന്നത്തെ സംസ്ഥാന പരിസ്ഥിതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും രേഖാമൂലം കൈമാറി, പക്ഷേ ഒന്നും സംഭവിച്ചില്ല. ഫലമോ ഇരുപത്തൊന്നോളം പേരുടെ ജീവന് നഷ്ടമായി, നിരവധി കുടുംബങ്ങളുടെ കിടപ്പാടങ്ങളും ജീവനോപാധികളും വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി.
പരിസ്ഥിതിലോല പ്രദേശമായ ഇവിടങ്ങളിലെ പച്ചപ്പുകള്‍ നശിപ്പിച്ച് കുന്നുകള്‍ ഇടിച്ചു നിരത്തി പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ എണ്ണം മാത്രം എടുത്താല്‍ മതി ഇത്തരമൊരു ദുരന്തത്തിന് പാതയൊരുക്കിയത് ആരെന്നറിയാന്‍. പ്രകൃതിയുടെ സംഹാര താണ്ഡവമാരംഭിക്കുന്നതിന് മുമ്പുപോലും പ്രവര്‍ത്തിച്ച ഇളംകാട് വല്യേന്തയിലെ പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിക്കാന്‍ ദുരന്തം നടന്ന് അഞ്ചാം നാള് ജില്ലാ കളക്ടര്‍ തന്നെ നേരിട്ട് എത്തേണ്ടി വന്നതും ദുര്യോഗം തന്നെ. വിളിച്ചു വരുത്തിയ ഈ ദുരന്തത്തിന് വഴിവെച്ചതോ പ്രകൃതി സംരക്ഷണത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ള വകുപ്പുകളുടെയും ഗ്രാമ പഞ്ചായത്തിന്റെയും കെടുകാര്യസ്ഥത ഒന്നുമാത്രമെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: