ഗൂഗിളിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് 12 പുറത്തിറങ്ങി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇത് ഡെവലപ്പര്‍മാര്‍ക്കും തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കും മാത്രമേ ലഭ്യമായിരുന്നുള്ളു. ഇതിന് ശേഷമാണ് ഇപ്പോള്‍ എല്ലാവര്‍ക്കുമായി ഗൂഗിള്‍ ഇത് പുറത്തിറക്കിയത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ പിക്‌സലിന്റെ ഫോണുകള്‍ക്ക് മാത്രമേ ഈ അപ്‌ഡേറ്റ് ലഭ്യമാവുകയുള്ളു.
ആന്‍ഡ്രോയിഡ് 12 കൂടുതല്‍ വ്യക്തിപരവും മനോഹരവുമായ ആപ്പുകള്‍ നിര്‍മ്മിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന തരത്തിലുള്ള പുതിയ ഡിസൈനിലാണ് എത്തുന്നത്. കൂടുതല്‍ ഉപയോഗപ്രദവും മനോഹരവും ഒപ്പം എളുപ്പത്തില്‍ കണ്ടെത്താനാവുന്നതുമായിട്ടുള്ള തരത്തില്‍ ആപ്പ് വിഡ്‌ജെറ്റുകളും ഗൂഗിള്‍ പുതുക്കിയിട്ടുണ്ട്. നോട്ടിഫിക്കേഷന്‍ ഡിസൈനും കൂടുതല്‍ ആധുനികമാക്കിയിട്ടുണ്ട്. അത്തരത്തില്‍ ഒരു പുതിയ നോട്ടിഫിക്കേഷന്‍ യുഐയുമായാണ് ആന്‍ഡ്രോയിഡ് 12 ഉപയോക്താക്കള്‍ക്ക് മുന്നിലെത്തുന്നത്.
കോര്‍ സിസ്റ്റം സേവനങ്ങള്‍ ഉപയോഗിക്കുന്ന സമയം 22 ശതമാനവും ഒപ്പം വലിയ കോറുകളുടെ ഉപയോഗം 15 ശതമാനവും ഈ അപ്‌ഡേറ്റില്‍ കുറച്ചിട്ടുണ്ട്. വേഗത്തിലുള്ള ആപ്പ് ലോഡിങിനും ഡാറ്റാബേസ് അന്വേഷണങ്ങള്‍ക്കുമായി ഓപ്പറേറ്റിങ് സിസ്റ്റം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമെ ഉപയോക്താക്കള്‍ക്ക് അവരുടെ ലൊക്കേഷന്‍ ഡാറ്റയില്‍ കൂടുതല്‍ നിയന്ത്രണവും ഉണ്ടായിരിക്കും.
ഡബിള്‍ ടാപ്പ് ജെസ്റ്റര്‍, ആപ്പ് പെയേഴ്‌സ് എന്നിവയുള്‍പ്പടെ നിരവധി രസകരമായ സവിശേഷതകളും ഇതിലുണ്ട്. ഇതില്‍ ഒരേ സമയം രണ്ട് ആപ്ലിക്കേഷനുകള്‍ ആരംഭിക്കാനാകും. പുതിയ തീമിങ് സിസ്റ്റം, ഹാന്‍ഡ് മോഡ്, മുഖം അടിസ്ഥാനമാക്കിയുള്ള കൂടുതല്‍ മെച്ചപ്പെടുത്തിയ ഓട്ടോ റൊട്ടേറ്റ്, അനുയോജ്യമായ മീഡിയ ട്രാന്‍സ്‌കോഡിങ് എന്നിവയും ഇതിന്റെ പ്രത്യേകതകളില്‍ ഉള്‍പ്പെടുന്നു.
പിക്‌സല്‍ 3, 3എ, 4, 4എ, 4എ5ജി, 5, 5എ, 6, 6 പ്രോ എന്നീ പിക്‌സല്‍ മോഡലുകളിലാണ് ആന്‍ഡ്രോയിഡ് 12 ന്റെ അപ്‌ഡേറ്റ് ലഭിക്കുക. ഇതിനു പിന്നാലെ വര്‍ഷാവസനത്തോടെ സാംസങ് ഗ്യാലക്‌സി, വണ്‍ പ്ലസ്, ഓപ്പോ, റിയല്‍മി, ടെക്‌നോ, വിവോ, ഷവോമി ഫോണുകളിലും പുതിയ അപ്‌ഡേറ്റ് ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: