കോഴിക്കോട്: കുറ്റ്യാടിയില്‍ കൂട്ടബലാത്സംഗത്തിനിരയായ വിദ്യാര്‍ത്ഥിനി വീണ്ടും പീഡനത്തിനിരയായതായി പോലീസ്. രണ്ടംഗ സംഘം പെരുവണ്ണാമൂഴിയില്‍ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചെതെന്ന് പെണ്‍കുട്ടി പറഞ്ഞു.
ആശുപത്രിയില്‍ പരിശോധിച്ച ഡോക്ടറോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. ആദ്യ സംഘത്തിലെ രാഹുല്‍ എന്ന പ്രതിയും മറ്റൊരാളും വീണ്ടും പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. പെരുവണ്ണാമൂഴി പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഒക്ടോബര്‍ മൂന്നിനാണ് കോഴിക്കോട് തൊട്ടില്‍പ്പാലത്ത് പെണ്‍കുട്ടിയെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കിയാണ് നാലുപേര്‍ ചേര്‍ന്ന് പീഡനത്തിനിരയാക്കിയത്. പീഡനവിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഈ കേസില്‍ അടുക്കത്ത്പാറ ചാലില്‍ ഷിബു (34), ആക്കല്‍ പാലോളി അക്ഷയ് (22), മൊയിലോത്തറ തെക്കെ പറമ്പത്ത് സായുജ് (24), മൊയിലോത്തറ തമഞ്ഞിമ്മല്‍ രാഹുല്‍ (22) എന്നിവരെയാണ് നാദാപുരം എഎസ്പി അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുമ്പാണ് പ്രതി സായുജ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്തിച്ചത്. തുടര്‍ന്ന് മറ്റുള്ളവരെയും വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: