കാലിഫോര്‍ണിയ: ചൈന ആക്രമിച്ചാല്‍ തയ് വാന്‍ സര്‍വ്വ പിന്തുണയും നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. തയ്വാനെ ചൈനയുടെ ഭാഗമാക്കി മാറ്റുമെന്ന ചൈനിസ് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ വെല്ലുവിളിയ്ക്കുള്ള മറുപടിയാണ് ജോ ബൈഡന് നല്‍കിയത്.
‘ലോകചരിത്രത്തില്‍ ഏറ്റവും കരുത്തുള്ള സൈനിക ശക്തിയാണ് അമേരിക്കയെന്ന് ചൈനയ്ക്കും റഷ്യയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും അറിയാം.’- ബൈഡന് കൂട്ടിച്ചേര്‍ത്തു. സിഎന്‍എന്‍ സംഘടിപ്പിച്ച ടൗണ്‍ ഹാള്‍ പരിപാടിയിലായിരുന്നു ബൈഡന്റെ ഈ പ്രഖ്യാപനം. ചൈന ആക്രമിച്ചാല്‍ തയ് വാനെ അമേരിക്ക സംരക്ഷിക്കുമോ എന്ന ചോദ്യമാണ് സിഎന്‍എന്‍ ആങ്കറായ ആന്റേഴ്സണ് കൂപ്പര്‍ ചോദിച്ചത്. ‘തീര്‍ച്ചയായും. അത് ചെയ്യാന്‍ നമുക്ക് പ്രതിബദ്ധതയുണ്ട്,’ ഇതായിരുന്നു ബൈഡന്റെ മറുപടി.
സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി തുടരുന്ന തയ് വാനെ ചൈനയില്‍ ലയിപ്പിക്കാനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഗൂഢലക്ഷ്യം നടക്കില്ലെന്നാണ് ജോ ബൈഡന് നല്കുന്ന സൂചന. എന്തായാലും ജോ ബൈഡന്റെ ഈ തുറന്ന പ്രഖ്യാപനത്തിന് ഇതുവരെയും ചൈന മറുപടി പറഞ്ഞിട്ടില്ല. തയ് വാന്‍ ചൈനയുടെ ഭാഗമാണെന്നും തയ് വാനെ എന്തുവിലകൊടുത്തും സമാധാനപരമായി ചൈനയുടെ ഭാഗമാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പിങ് പ്രഖ്യാപിച്ചത്. ചൈനയുടെ മോഹം നടക്കില്ലെന്നും തയ് വാന്‍ സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും തയ് വാന്‍ നേതാവ് സൈ ഇങ് വെന്‍ അഭിപ്രായപ്പെട്ടിരുന്നു. ചൈനയും തയ് വാനും തമ്മില്‍ സംഘര്‍ഷം വര്‍ധിച്ച നാളുകളാണിത്. ഈയിടെ 150 യുദ്ധവിമാനങ്ങള്‍ തയ് വാന്റെ വ്യോമാതിര്‍ത്തി ലംഘിച്ചുകൊണ്ട് അമേരിക്ക പറത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: