തിരുവനന്തപുരം: അഴിമതി കേസിലെ പ്രതിക്ക് ഖാദി ബോര്‍ഡില്‍ ശമ്പളം ഇരട്ടിപ്പിച്ച് സര്‍ക്കാര്‍. കശുവണ്ടി ഇറക്കുമതിക്കേസില്‍ ഒന്നാം പ്രതിയായ ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ. രതീഷിന്റെ ശമ്പളമാണ് സര്‍ക്കാര്‍ ഇരട്ടിയാക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശമ്പളവര്‍ധന നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും അന്നത്തെ ധനമന്ത്രി തോമസ് ഐസക് ഇടപ്പെട്ട് മരവിപ്പിച്ചിരുന്നു. ഇതാണ് ഈ സര്‍ക്കാര്‍ ഇരട്ടിയാക്കിയിരിക്കുന്നത്. കശുവണ്ടി കോര്‍പ്പറേഷനില്‍ എംഡിയായിരിക്കെ തോട്ടണ്ടി ഇറക്കുമതിയില്‍ ക്രമക്കേട് കണ്ടെത്തിയ സിബിഐ,
കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒന്നാം പ്രതിയാണ് രതീഷ്.ശമ്പളവര്‍ധന നേരത്തേ ധനവകുപ്പ് എതിര്‍ത്തതു കൊണ്ട് ഖാദി ബോര്‍ഡ് സെക്രട്ടറിയുടെ ശമ്പളം അഡീഷണല്‍ സെക്രട്ടറിയുടെ ശമ്പള സ്കെയിലിലേക്ക് മാറ്റുകയായിരുന്നു. ബോര്‍ഡ് ചെയര്മാന് കൂടിയായ വ്യവസായ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ സപ്തംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അഡീഷണല്‍ സെക്രട്ടറിയുടെ ശമ്പള സ്കെയില്‍ 1,23,700-1,66,800 രൂപയാണ്. ഇതിനു പുറമേ അലവന്‍സുകളും ലഭിക്കും. നിലവില്‍ ബോര്‍ഡ് സെക്രട്ടറിക്ക് 70,000 രൂപയാണ് ശമ്പളം. ശമ്പളം 1.75 ലക്ഷം രൂപയാക്കി സ്വയം വര്‍ധിപ്പിച്ചു ബോര്‍ഡ് സെക്രട്ടറി കെ.എ. രതീഷ് കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തരവിറക്കിയെങ്കിലും ധനവകുപ്പ് അനുവദിച്ചിരുന്നില്ല.
അഞ്ഞൂറു കോടിയുടെ കശുവണ്ടി ഇറക്കുമതി ക്രമക്കേടില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രതീഷിനു പുറമെ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. നേരത്തേ ഇവര്‍ക്കെതിരെയുള്ള വിചാരണയ്ക്കുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. അതിനെതിരെയുള്ള ഹര്‍ജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: