മങ്കൊമ്പ്: വെള്ളപ്പൊക്ക ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യസാമഗ്രികള്‍ സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസില്‍ വെച്ച് വിതരണം ചെയ്തത് വിവാദമായി. സിപിഎം മിത്രക്കരി തെക്ക് ബ്രാഞ്ച് കമ്മറ്റി ഓഫീസില്‍ വെച്ച് മുട്ടാര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡിലെ ജനങ്ങള്‍ക്കുള്ള ഭക്ഷ്യസാമഗ്രികള്‍ വിതരണം ചെയ്താണ് സഖാക്കളും ഉദ്യോഗസ്ഥരും വെട്ടിലായത്.
റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് വായനശാലയും മറ്റ് സ്ഥലങ്ങളും ഉള്ളപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തതിനെതിരെ വ്യാപക ആക്ഷേപം ഉയര്‍ന്നു. മുട്ടാര്‍ പഞ്ചായത്ത് ഭരിക്കുന്ന സിപിഎം ഭരണസമിതിയുടെ മൗനാനുവാദത്തോടെയാണ് ഇത്തരത്തില്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തിയത്. പഞ്ചായത്തില്‍ ഒരു ക്യാമ്പ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കൊവിഡ് ഭീതി മൂലം പലരും ക്യാമ്പിലേയ്ക്ക് പോകാന്‍ തയ്യാറായില്ല. വെള്ളക്കെട്ട് മൂലം കഞ്ഞിവീഴ്ത്തല്‍ കേന്ദ്രങ്ങളുമില്ലാത്തതിനാല്‍ സമാഗ്രികള് പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലായി വീതിച്ച് വിതരണം ചെയ്യുകയാണ് ചെയ്തത്.
പതിമൂന്നാം വാര്‍ഡില്‍ മാത്രം ഇതിന്റെ പിതൃത്വം സിപി എം ഏറ്റെടുക്കുകയായിരുന്നു. വിവാദമായതിന്റെ അടിസ്ഥാനത്തില്‍ സിപിഎം ഓഫീസിലുള്ള ഭക്ഷ്യ വിതരണം നിര്‍ത്താന്‍ വില്ലേജ് ഓഫീസര്‍ നിര്‍ദ്ദേശം നല്കി. സിപിഎം പഞ്ചായത്തംഗവും ബ്രാഞ്ച് അംഗങ്ങള്‍ക്കൊപ്പം വിതരണത്തിന് പാര്‍ട്ടി ഓഫീസിന് മുന്നില്‍ നിന്നതോടെ ഭക്ഷ്യസാമഗ്രികള്‍ വാങ്ങാന്‍ പലരും മടിക്കുകയും ചെയ്തു. വെള്ളപ്പൊക്ക ദുരിതത്തിനിടയിലും രാഷ്ട്രീയം കുത്തിനിറയ്ക്കാനാണ് സിപിഎം ശ്രമം. കഴിഞ്ഞ ദിവസം പള്ളിപ്പാട് നടുവട്ടത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ദുരിത ബാധിതര്‍ക്ക് സഹായം എത്തിച്ച ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐക്കാര്‍ അക്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: