ശാസ്താംകോട്ട: സംഘടനാ നടപടിക്ക് വിധേയനായ പി.ആര്‍ വസന്തനെ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ശൂരനാട് ഏരിയാ കമ്മിറ്റിയുടെ പരിധിയായ തഴവാ സ്വദേശിയായ വസന്തനെ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലെന്ന് ആക്ഷേപം.
കരുനാഗപ്പള്ളിയില്‍ പി.ആര്‍. വസന്തന് നിരവധി ബിനാമി ഇടപാടുകള്‍ ഉള്ളതായി ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരത്തെ ആരോപിച്ചിരുന്നു. കരുനാഗപ്പള്ളിയിലെ തോല്‍വിയുടെ പേരില്‍ സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്നും തരംതാഴ്‌ത്തിയിരുന്നു. ശൂരനാട് ഏരിയാ കമ്മിറ്റിയിലേക്ക് മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പി.ആര്‍ വസന്തന്റെ പുതിയ പ്രവര്‍ത്തന ഘടകമായി കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി മതിയെന്ന് ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തകര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കരുനാഗപ്പള്ളി ടൗണ്‍ ലോക്കല്‍ സമ്മേളനം, ഏരിയയിലെ മറ്റെല്ലാ ലോക്കല്‍ സമ്മേളനങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ജില്ലാ നേതൃത്വം കൂടി പങ്കെടുത്ത് തുടര്‍ന്നു നടത്താനും സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. ഇതോടെ കരുനാഗപ്പള്ളി ഏരിയ സമ്മേളനത്തിന് മുന്‍പ് ടൗണ്‍ ലോക്കല്‍ സമ്മേളനം നടക്കുമെന്ന് ഉറപ്പായി. കോടിയേരി ബാലകൃഷ്ണന്റെ വിശ്വസ്ഥനായ വസന്തന് കരുനാഗപ്പള്ളിക്ക് പുറത്തും റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള മാഫിയാസംഘങ്ങളുമായുള്ള ബന്ധം പരസ്യമാണ്. ബിനീഷ് കോടിയേരിയുടെ കൊല്ലം ജില്ലയിലെ ഇടനിലക്കാരനായിരുന്നു ഒരു കാലത്ത് വസന്തന്‍. ഈ ബന്ധം ഇയാളെ കോടിയേരിയുടെ കുടുംബ സുഹൃത്താക്കിയിരുന്നു. കരുനാഗപ്പള്ളിയിലെ കുംഭകോണങ്ങളുടെഇടനിലക്കാരനും ഇടപാടുകാരനുമാണ് പി.ആര്‍. വസന്തനെന്ന് സിപിഎം നേതൃത്വത്തിനുള്ളില്‍ തന്നെ ആക്ഷേപവും ആരോപണവും ഉയര്‍ന്നിരുന്നു. നിരവധി പരാതികളാണ് കൊല്ലത്തു നിന്നും സംസ്ഥാന നേതൃത്വത്തിന് ലഭിച്ചത്.
സി.ആര്‍. മഹേഷിനെ സഹായിച്ചത് ഉള്‍പ്പടെയുള്ള പരാതികള്‍ക്ക് ഒടുവില്‍ മറ്റ് പോംവഴിയില്ലാതെയാണ് വസന്തനെതിരെ നടപടിക്ക് സംസ്ഥാന നേതൃത്വം നിര്‍ബന്ധിതമായത്. കുണ്ടറ, ശൂരനാട് ഏരിയാ കമ്മിറ്റികളില്‍ നടന്ന സംഘടന നടപടികള്‍ പൊതു നടപടികള്‍ ഉണ്ടായി എന്ന പ്രതീതി ഉണ്ടാക്കാന്‍ മാത്രമാണന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. വസന്തനെതിരെ പ്രവര്‍ത്തകരുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തിയ നടപടി മാത്രമാണ് ഇയാളെ സ്വന്തം തട്ടകമായ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്ന് വ്യക്തമായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: