കാബൂൾ: അഫ്ഗാനില്‍ താലിബാന് കൊടുംഭീകരര്‍ വനിതാ വോളിബോള്‍ താരത്തെ കഴുത്തറത്ത് കൊലപ്പെടുത്തി. അഫ്ഗാന് ജൂനിയര്‍ വനിതാ ദേശീയ വോളിബോള്‍ ടീമില്‍ കളിച്ചിരുന്ന മഹ്ജബിന്‍ ഹക്കിമിയെയാണ് കൊലപ്പെടുത്തിയത്. ഈ മാസം ആദ്യമായിരുന്നു അരുംകൊലയെന്നാണ് വിവരം.
ഒരു അഭിമുഖത്തില്‍ ഇവരുടെ പരിശീലകനാണ് ഇക്കാര്യം പറഞ്ഞത്. കൊലപാതകത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് താലിബാന് ഭീകരര്‍ അവളുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. അതിനാൽ ഈ വിവരം പുറംലോകം അറിഞ്ഞില്ലെന്നും പരിശീലകൻ വെളിപ്പെടുത്തി. സ്വന്തം പേര് വെളിപ്പെടുത്താതെയാണ് ഇദ്ദേഹം മഹ്ജബിന്റെ കൊലപാതക വിവരം പറഞ്ഞത്. ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിക്കുന്നതിനു മുൻപ് അഫ്ഗാൻ വോളിബോൾ ടീമിലെ രണ്ടു താരങ്ങൾക്കു മാത്രമാണ് രാജ്യത്തുനിന്നു രക്ഷപ്പെടാൻ സാധിച്ചതെന്നാണ് ഈ പരിശീലകൻ സൂചിപ്പിക്കുന്നത്.
അഷ്റഫ് ഗനി സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് മുമ്പ് കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബിനു വേണ്ടി കളിച്ച മഹജബിന്‍, ക്ലബ്ബിന്റെ മികച്ച താരങ്ങളില്‍ ഒരാളായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, താരത്തിന്റെ വെട്ടി മാറ്റിയ തലയുടെയും ചോരയൊലിക്കുന്ന കഴുത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: