കണ്ണൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രജീവനക്കാരുടെ ശമ്പള പരിഷ്കരണം ചുവപ്പ് നാടയില്‍ കുരുക്കി ക്ഷേത്രജീവനക്കാരോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയ്സ് സംഘ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് വിജയം മാത്രം മുന്നില്‍ കണ്ട് 2021 ഫെബ്രുവരി മാസത്തില്‍ ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണം 2019 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഉത്തരവായെങ്കിലും ഇപ്പോഴും ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ കാരണം ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. ശമ്പള പരിഷ്ക്കരണ ഉത്തരവ് പുറപ്പെടുവിച്ച് എട്ടു മാസത്തോളമായിട്ടും ഇതുവരെ ഡിഎ പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല ഉത്തരവ് പ്രകാരം ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട 2019 മുതല്‍ ഉള്ള മുന്‍കാല പ്രാബല്യം സര്‍ക്കാരിന് ബാധ്യത വരുമെന്ന മുടന്തന്‍ ന്യായം ഉന്നയിച്ച് ശബള പരിഷ്കരണം 2021 മുതല്‍ മാത്രമായി വെട്ടിച്ചുരുക്കാനുളള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്.
വിവിധ ക്ഷേത്രങ്ങളുടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഭൂപരിഷ്കരണ നിയമത്തില്‍പ്പെടുത്തി സര്‍ക്കാര്‍ പിടിച്ചെടുത്തതിനാല്‍ ദേവസ്വങ്ങളുടെ വരുമാനം നിലക്കുകയും എല്ലാ ക്ഷേത്രങ്ങളും കഷ്ടതയിലാവുകയും ചെയ്തു. ദേവസ്വം ഭൂമി എല്ലാം പിടിച്ചെടുത്ത് ക്ഷേത്ര ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളം പോലും നല്‍കാതെ കഷ്ടപ്പെടുത്തുന്നത് മനസ്സിലാക്കി 1994ല്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ദേവസ്വം ഭൂമിയെല്ലാം സര്‍ക്കാര്‍ അധീനതയിലായതിനാല്‍ ശമ്പളവും മറ്റ് അനുകൂല്യങ്ങളും നല്കാന് സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും വിധിച്ചിരുന്നു. ഈ വിധിയടക്കം പാടെ മറന്നു കൊണ്ട് ജീവനക്കാരോടുള്ള അവഗണന ഇപ്പോഴും തുടരുകയാണ്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജീവനക്കാര്‍ക്ക് മുന്‍കാലപ്രാബല്യത്തോടെ ശമ്പളപരിഷ്കരണം പ്രഖ്യാപിച്ചെങ്കിലും ഇപ്പോള്‍ ജീവനക്കാരെ കബളിപ്പിക്കും വിധം ശമ്പള പരിഷ്കരണത്തെ അട്ടിമറിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ പുതിയ ഉത്തരവ് പുനപരിശോധിക്കണം. ആദ്യ ഉത്തരവ് പ്രകാരമുള്ള മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്കരണം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ് കണ്ണൂര്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സുരേഷ്ബാബു, വര്‍ക്കിംഗ് പ്രസിഡന്റ് പരമേശ്വരന് നമ്പൂതിരി, ജില്ലാ സെക്രട്ടറി രാഹുല്‍ രഘുനാഥ്, ട്രഷറര്‍ ഉണ്ണികൃഷ്ണന്, ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: