കോഴിക്കോട്: സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത കണക്കിലെടുത്ത് കോഴിക്കോട്ട് ജില്ലയില്‍ മൂന്നിടങ്ങളില്‍ അതിജാഗ്രതാ നിര്‍ദ്ദേശം. പുതുപ്പാടിയില്‍ കണ്ണപ്പന്‍കുണ്ട്, മട്ടിക്കുന്ന്, കാക്കവയല്‍, വാര്‍ഡുകളിലാണ് മുന്നറിയിപ്പ്. ഇവിടങ്ങളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ മാറിത്താമസിക്കണമെന്നാണ് ജില്ലാ ദുരന്ത നിവാരണ വകുപ്പിന്റെ നിര്‍ദ്ദേശം.
ഈ പ്രദേശങ്ങളിലുള്ളവര്‍ വരുന്ന അഞ്ച് ദിവസങ്ങളില്‍ ബന്ധുമിത്രാദികളുടെ വീടുകളിലേക്കോ മറ്റ് സുരക്ഷിത ഇടങ്ങളിലേക്കോ മാറി താമസിക്കണം. മറ്റ് ഇടങ്ങളില്ലാത്തവര് വിവരങ്ങള്‍ അറിയിക്കുന്ന മുറക്ക് പഞ്ചായത്ത് ഒരുക്കുന്ന ക്യാമ്പിലേക്ക് മാറി താമസിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തണം. മാറി താമസിക്കുമ്പോള്‍ വളര്‍ത്ത് മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം. വിലപിടിപ്പുള്ള വസ്തുക്കള്‍, രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവകളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം.
പകല്‍ സമയങ്ങളില്‍ തെളിഞ്ഞ കലാവസ്ഥ ഉണ്ടാകുമെങ്കിലും രാത്രിയില്‍ മോശമാകാന്‍ സാധ്യതയുണ്ട്. പഞ്ചായത്തിന്റെ ദ്രുതകര്‍മ്മ സേന അംഗങ്ങളും വിവിധ സന്നദ്ധസേന വളണ്ടിയര്‍മാരും ഏത് സാഹചര്യത്തിലും നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിരിക്കണമെന്ന് പ്രത്യേകം നിര്‍ദ്ദേശമുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. ദുരന്തനിവാരണ പ്രവര്‍ത്തനത്തിന് പഞ്ചായത്ത് ഓഫീസില്‍ കണ്ട്രോള് റൂം സജ്ജമാക്കി. ഫോണ്‍ നമ്പര്‍: 0495 2235229, 9447841113, 8281010668.
പ്രതികരിക്കാൻ ഇവിടെ എഴുതുക: