തിരുവനന്തപുരം : കോവിഡും സംസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയും കണക്കിലെടുത്ത് ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. ബുധാനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. മൊറട്ടോറിയം ദീര്‍ഘിപ്പിക്കാന്‍ റിസര്‍വ് ബാങ്കിനോടും ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.
മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായ കടലാക്രമണവും കൃഷി നാശവും ഉണ്ടായ സാഹചര്യത്തിലാണ് മൊറട്ടോറിയം നീട്ടിവെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കര്‍ഷകരും മത്സ്യത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും വിവിധ ധനകാര്യസ്ഥാപനങ്ങളില്‍നിന്നും ഹൗസിങ് ബോര്‍ഡ്, കോ- ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്, പിന്നാക്കവിഭാഗ വികസന കോര്പ്പറേഷന്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ പോലുള്ള സംസ്ഥാനസര്‍ക്കാര്‍ ഏജന്‍സികള്‍, സഹകരണ ബാങ്കുകള്‍, റവന്യൂ റിക്കവറി ആക്ട് പ്രകാരം വിജ്ഞാപനംചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്ന് എടുത്ത കാര്‍ഷിക, വിദ്യാഭ്യാസ, ക്ഷീരവികസന, മൃഗസംരക്ഷണ വായ്പകള്‍ക്കാകും മൊറട്ടോറിയമുള്ളത്.
ദേശസാത്കൃതബാങ്കുകള്‍, സ്വകാര്യബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍നിന്നുള്ള വായ്പകളിലെ ജപ്തിനടപടികള്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോടും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: