ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ പ്രളയം. എട്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ മൊത്തം മുപ്പത്തിയഞ്ച് ഗോളുകളാണ് പിറന്നത്. 4.4 ശതമാനമാണ് ശരാശരി. സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി, മുഹമ്മദ് സല, ഗ്രീസ്മാന്, വിനീഷ്യസ് ജൂനിയര്‍ തുടങ്ങിയവര്‍ ഇരട്ട ഗോളുകളും സ്വന്തമാക്കി.
നെയ്മറുടെ അഭാവത്തില്‍ പാരീസ് സെന്റ് ജര്‍മന്റെ (പിഎസ്ജി) ആക്രമത്തിന് നേതൃത്വം കൊടുത്ത മെസി മിന്നുന്ന പ്രകടനം കാഴ്ചവച്ച് ടീമിന് വിജയം സമ്മാനിച്ചു. ഗ്രൂപ്പ് എ മത്സരത്തില്‍ പിഎസ്ജി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആര്‍ബി ലീപ്സിഗിനെ തോല്‍പ്പിച്ചു. 67, 74 മിനിറ്റുകളിലാണ് മെസി സ്കോര്‍ ചെയ്തത്. എംബാപ്പെ ഒരു ഗോള്‍ നേടി.
ആന്ദ്രെ സില്‍വ, മുകിലേ എന്നിവരാണ് ലീപ്സിഗിനായി ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ പിഎസ്ജി മൂന്ന് മത്സരങ്ങളില്‍ ഏഴു പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.
സ്ട്രൈക്കര്‍ മുഹമ്മദ് സലയുടെ ഇരട്ട ഗോളിന്റെ മികവില്‍ ലിവര്‍പൂള്‍ ഗ്രൂപ്പ് ബിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി. എട്ട്, 78 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് സല ഡബിള്‍ തികച്ചത്. കെറ്റ ഒരു ഗോള്‍ അടിച്ചു. അത്ലറ്റിക്കോ മാഡ്രിഡിന്റെ രണ്ട് ഗോളുകളും ഗ്രീസ്മാനാണ് നേടിയത്. ലിവര്‍പൂളിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ഒമ്പത് പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്താണ്.
വിനീഷ്യസ് ജൂനിയറിന്റെ മിന്നുന്ന പ്രകടനത്തില്‍ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് ഡിയില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് ഷക്തര്‍ ഡോണ്സ്കിനെ തോല്‍പ്പിച്ചു. അഞ്ചു മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ നേടി വിനീഷ്യസ് ഡബിള്‍ തികച്ചു. 51, 56 മിനിറ്റുകളിലാണ് സ്കോര്‍ ചെയ്തത്. റോഡ്രീഗോ, ബെന്‍സെമ എന്നിവര്‍ ഓരോ ഗോള്‍ നേടി. ഒരു ഗോള്‍ സെല്‍ഫ് ഗോളായിരുന്നു. ഷക്തറിന്റെ ക്രിവ്സ്റ്റോവാണ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്.
ഗ്രൂപ്പ് എ യില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ക്ലബ്ബ് ബ്രൂഗ്ഗെയെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ സിറ്റി മൂന്ന് മത്സരങ്ങളില്‍ ആറു പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.
ഗ്രൂപ്പ് സിയില്‍ അയാക്സ് മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ചു. ഈ വിജയത്തോടെ അയാക്സ് മൂന്ന് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഗ്രൂപ്പ് സി യിലെ മറ്റൊരു മത്സരത്തില്‍ കോട്സിന്റെ ഇരട്ട ഗോളില്‍ സ്പോര്‍ടിങ് സിപി ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ബെസിക്റ്റാസിനെ മറികടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: