സിംഗപ്പൂര്‍ സിറ്റി: വിദേശ പൗരന്മാരും വിദേശ സംഘടനകളും സിംഗപ്പൂരിലെ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് വിലക്കിക്കൊണ്ട് നിയമം പാസാക്കി സിംഗപ്പൂര്‍ സര്‍ക്കാര്‍. വിദേശമാധ്യമങ്ങളും പൗരസ്വാതന്ത്ര്യസംഘടനകളും ഇതിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളുടെ ഇക്കാലത്ത് രാജ്യത്തിന്റെ പരമാധികാരം നിലനിര്‍ത്താന്‍ ഇത്തരമൊരു നിയമം അനിവാര്യമാണെന്ന നിലപാടിലാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍.
ഇന്ത്യയിലും ഇതിന് സമാനമാണ് സാഹചര്യങ്ങള്‍. ഭാരതത്തിന്റെ സാമ്പത്തിക താല്പര്യങ്ങളെ തകിടം മറിയ്ക്കാന് വിദേശത്ത് വേരുകളുള്ള മുസ്ലിം ബ്രദര്‍ഹുഡ് പോലുള്ള സംഘടനകള്‍ ഇന്ത്യന്‍ ഉല്പന്നങ്ങള് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. അതുപോലെ പൗരത്വബില്‍ പാസാക്കിയ ശേഷവും കാര്‍ഷിക ബില്ലുകള്‍ പാസാക്കിയശേഷവും വിദേശസംഘടനകളുടെ ഇടപെടല്‍ ഇന്ത്യയില്‍ ശക്തമാണ്.
വിദേശ ഇടപെടല്‍ തടയുന്ന ബില്‍ നിയമമാക്കി സിംഗപ്പൂര്‍
സിംഗപ്പൂര്‍ സര്‍ക്കാരിനെതിരായ ഉള്ളടക്കങ്ങളുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിദേശത്ത് വേരുകളുള്ള വ്യക്തിയുടെ വിശദാംശങ്ങള്‍ ഇന്റര്‍നെറ്റ് സേവനം നല്കുന്ന കമ്പനികള്‍ രാജ്യത്തിന് നല്‍കണമെന്ന് ഈ ബില്‍ വ്യവസ്ഥ ചെയ്യുന്നു.
വിവിധ വംശങ്ങള്‍ ഉള്‍പ്പെട്ട സമൂഹമാണ് സിംഗപ്പൂരിലെ ജനത എന്നതിനാല്‍ ഇത്തരമൊരു ബില്ലിനെ ന്യായീകരിക്കുകയാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍. വ്യാജവാര്‍ത്തകള്‍ക്കും എതിര് പ്രചാരണങ്ങള്‍ക്കും മുമ്പില്‍ പതറുന്ന സമൂഹമാണ് സിംഗപ്പൂരിലേത്. കാരണം സിംഗപ്പൂരിലേത് ഇന്റര്‍നെറ്റ് വ്യാപകമായി ഉപയോഗിക്കുന്ന ബഹു വംശങ്ങള്‍ അടങ്ങിയ അന്താരാഷ്ട്ര സമൂഹമാണ്.
‘സിംഗപ്പൂര്‍ നിയമത്തില്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ഇത്തരമൊരു ബില്‍ വഴി സമൂഹത്തിന് നിയമത്തിന്റെ അധികാരം നല്‍കുകയാണ്. സിംഗപ്പൂര്‍ നേരിടുന്ന ഭീഷണികള്‍ വളരെ വലുതാണ്,’ സിംഗപ്പൂര്‍ ആഭ്യന്തരമന്ത്രി കെ. ഷണ്മുഖം പറയുന്നു.
ഒക്ടോബര്‍ നാലിനാണ് ഈ ബില്‍ പാസായത്. രാജ്യം ഭരിയ്ക്കുന്ന പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ മൂന്നാഴ്ചത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ബില്‍ പാസായി. രാജ്യത്തിനകത്തെ കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ വേണ്ടെന്ന നിലപാട് തന്നെയായിരുന്നു ഇവിടെ പ്രതിപക്ഷത്തിനെങ്കിലും അവര്‍ ബില്ലില്‍ 44 പരിഷ്കാരങ്ങള്‍ ആവശ്യപ്പെട്ടു.
പുതിയ നിയമമനുസരിച്ച് സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരായ ഉള്ളടക്കങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് സിംഗപ്പൂരുകാര്‍ക്ക് കാണാനാവാത്ത വിധത്തില്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ആ ഉള്ളടക്കം ബ്ലോക്ക് ചെയ്യണം. ഇത്തരത്തിലുള്ള ശത്രുതാപരമായ നീക്കങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. അതേ സമയം പബ്ലിക്കേഷനുകള്‍ക്ക് ഈ നിയമം ബാധകമല്ല. അവര്‍ക്ക് സിംഗപ്പൂര്‍ രാഷ്ട്രീയത്തെക്കുറിച്ച് വിമര്‍ശനാത്മകമായി എഴുതുന്നതിനെ നിയമം വിലക്കുന്നില്ല.
പക്ഷെ ഇത്തരം നിയമം വിവാദപരമാണെന്നാണ് ബ്ലൂം ബെര്‍ഗ് അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: