കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത മഴ ഭീഷണിയും മുന്നറിയിപ്പും നിലനില്‍ക്കുന്ന സാഹചര്യത്തിലും അന്നം തേടി കൊച്ചിപുറംകടലില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് നൂറോളംബോട്ടുകള്‍. കഴിഞ്ഞ പത്തും പന്ത്രണ്ടും ദിവസങ്ങള്‍ മുന്‍പേ കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട ബോട്ടുകളുമുണ്ട് ഇക്കൂട്ടത്തില്‍.
കൊല്ലം, മുനമ്പം, ശക്തികുളങ്ങര, വൈപ്പിന്‍, ബേപ്പൂര്‍ തുറമുഖങ്ങളില്‍ നിന്നുള്ള ബോട്ടുകളും പുറംകടലില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ആഴക്കടല്‍ തീര്‍ത്തും ശാന്തമാണെന്നാണ് ഇവിടെയുള്ള തൊഴിലാളികളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.10-ാം തീയതി മുതല്‍ പുറംകടലില്‍ ബോട്ടുകള്‍ പോകുന്നതിന് ഫിഷറീസ് വകുപ്പിന്റെ വിലക്ക് നിലനില്‍ക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ മുന്നില്‍ കണ്ടാണ് ഫിഷറീസ് വകുപ്പ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ പുറംകടലില്‍ ജോലിയിലേര്‍പ്പെട്ടിരിക്കുന്ന ബോട്ടുകള്‍ക്ക് മുന്‍പെങ്ങു മില്ലാത്ത തരത്തില്‍ കണവയും കൂന്തലുമൊക്കെ ലഭിക്കുന്നുണ്ടെന്നാണ് ബോട്ടുടമകള്‍ നല്‍കുന്ന വിവരം. വരുന്ന ഏതാനും മണിക്കൂറുകള്‍ക്കകം തീരക്കടലില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും പ്രഷുബ്ദമായ അന്തരീക്ഷത്തിനും സാധ്യതയുണ്ടെന്ന് ഫിഷറീസ് വകുപ്പ് പറയുമ്പോള്‍ ദിവസങ്ങള്‍ക്കു മുന്‍പു തന്നെ ഇവിടെ നിന്നും പുറപ്പെട്ടിരിക്കുന്ന ബോട്ടിലെ തൊഴിലാളികള്‍ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലുമാണ്.
മുന്‍കാലങ്ങളിലെ പ്രകൃതി ക്ഷോഭങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളാത്ത സര്‍ക്കാരും ഫിഷറീസ് വകുപ്പും തങ്ങളുടെ വലിയ പിഴവുകള്‍ പോലും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ തലയില്‍ വെച്ച് കെട്ടാന്‍ ഒരുങ്ങുന്നുവെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍. കേരളം ഒഴികെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളും മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മാര്‍ഗ്ഗരേഖയും മുന്നറിയിപ്പും നല്‍കുമ്പോള്‍ നമ്മുടെ സംസ്ഥാനം ഇനിയും വളരെ വര്‍ഷങ്ങള്‍ പിന്നിലാണെന്നാണ് മുന്‍ കാല അനുഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പത്താം തീയതിക്കു ശേഷവും മുന്‍പും കടലിലേക്ക് ഇറങ്ങിയ ബോട്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഫിഷറീസ് വകുപ്പ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: