യദു എ.വി.
തകരകൊണ്ടുണ്ടാക്കിയ ഒരു ഒറ്റ മുറി വീട്ടില്‍ നിന്ന് നിരഞ്ജന് എന്ന ബാലതാരം മലയാള സിനിമയുടെ പൊലിമയിലേക്ക് നടന്നു കയറിയത് തന്റെ കഠിന പ്രയത്നം ഒന്നു കൊണ്ടു മാത്രമാണ്. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത കാസിമിന്റെ കടലെന്ന ചിത്രത്തിലൂടെയാണ് നിരഞ്ജനെത്തേടി സംസ്ഥാനത്തെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരമെത്തിയത്. അഭിനയിച്ച രണ്ടാമത്തെ ചിത്രത്തിലൂടെയാണ് നിരഞ്ജന് ഈ നേട്ടം കൈവരിച്ചത്. സംസ്ഥാനത്തെ മികച്ച ബാലനടനായി നിരഞ്ജനെ തിരഞ്ഞെടുക്കാന്‍ ജൂറിക്ക് രണ്ടാമതൊരാലോചനയുടെ ആവശ്യമില്ലായിരുന്നു.
അവാര്‍ഡ് പ്രഖ്യാപിക്കുന്ന ദിവസം എന്നാണെന്നു പോലും നിരഞ്ജനോ കുടുംബത്തിനോ അറിവില്ലായിരുന്നുവെന്നും, അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം തന്റെ അമ്മയുടെ ചേച്ചി ഫോണില്‍ വിളിച്ചറിയിച്ചപ്പോഴാണ് താനീ വിവരം അറിയുന്നതെന്നും അവാര്‍ഡ് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്നും നിരഞ്ജന് പറഞ്ഞു.
നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത് രണ്ടാം തവണ മാത്രമാണ് നിരഞ്ജന് കാമറയുടെ മുന്നിലെത്തുന്നത്. 2019 ല്‍ പുറത്തിറങ്ങിയ, സുജിത് വിഗ്നേശ്വര്‍ സംവിധാനം ചെയ്ത രമേശന് ഒരു പേരല്ല എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജന് ആദ്യമായി കാമറയ്ക്കു മുന്നിലെത്തുന്നത്. അതിനു മുന്‍പോ ശേഷമോ ഒരു ഷോര്‍ട്ട് ഫിലിമിനു വേണ്ടിപ്പോലും കാമറയുടെ മുന്നില്‍ വന്നിട്ടില്ലാത്ത ഒരു പ്ലസ്ടുക്കാരനാണ് സംസ്ഥാനത്തെ മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടതെന്നു പറയുമ്പോള്‍ അത് ഏവരേയും അല്‍ഭുതപ്പെടുത്തുന്നു. 2019ലാണ് കാസിമിന്റെ കടലിനു വേണ്ടിയുള്ള ഓഡിഷന് നടന്നത്, ഇതില്‍ അറുപതോളം കുട്ടികള്‍ പങ്കെടുത്തിരുന്നു. ഇവരില്‍ നിന്നുമാണ് നിരഞ്ജനെ തിരഞ്ഞെടുത്തത്.
അഭിനയ രംഗത്തേക്ക് തീര്‍ത്തും യാദൃശ്ചികമായാണ് നിരഞ്ജന്റെ കടന്നുവരവ്. നാവായിക്കുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാപ്പിയന്‍സ് എന്ന കലാസാംസ്കാരിക സംഘടനയിലൂടെ നാടക സംവിധായകനായ റെജു ശിവദാസാണ് നിരഞ്ജന്റെയുള്ളിലെ നടനെ കണ്ടെത്തുന്നതും അവന്റെയുള്ളിലെ അഭിനയ പ്രതിഭയെ വാര്‍ത്തെടുക്കുന്നതും. ഈ നേട്ടത്തില്‍ തന്റെ പ്രിയപ്പെട്ട റെജുമാഷിന് വലിയ പങ്കാണുള്ളതെന്നും ഈ പുരസ്കാരം കിട്ടിയതില്‍ തന്നേക്കാളേറെ സന്തോഷിക്കുന്നത് ഒരുപക്ഷെ റെജു മാഷായിരിക്കുമെന്നും നിരഞ്ജന് കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ പ്ലോട്ടിനെ പറ്റി ചോദിച്ചപ്പോള്‍, ഇതായിരുന്നു നിരഞ്ജന്റെ മറുപടി- ‘സത്യത്തില്‍ എനിക്ക് കഥയെപ്പറ്റിയൊന്നും വ്യക്തമായ ധാരണയില്ല, വീടിനടുത്തായിരുന്നു ഷൂട്ടിങ് അതുകൊണ്ടു തന്നെ എന്നും പോയി വരികെയായിരുന്നു. സീനിലെ ഡയലോഗുകളൊക്കെ എനിക്ക് തന്ന സ്ക്രിപ്റ്റില്‍ നോക്കി പഠിച്ച് അഭിനയിച്ചു. എന്റെ വേഷം കാസിമെന്ന കുട്ടിയുടെ സുഹൃത്തായ അനാഥനായ ബിലാലിന്റേതായിരുന്നു. സിനിമ റിലീസായ ശേഷം നിങ്ങളെയൊക്കെപ്പോലെ ഇനി സിനിമ കണ്ടിട്ടു വേണം എനിക്കും കഥയൊക്കെ മനസ്സിലാക്കിയെടുക്കാന്‍’- ഒരു തനി നാട്ടിന്‍പുറത്തുകാരന്റെ നിഷ്കളങ്ക ചിരിയോടു കൂടിയാണ് നിരഞ്ജന് ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയത്.
കഥ പോലും വ്യക്തമായി അറിവില്ലായിരുന്നിട്ടും ബിലാന്റെ വേഷം നിരഞ്ജന് ഒരു വെല്ലുവിളിയേ അല്ലായിരുന്നുവെന്ന് പുരസ്കാരപ്രഖ്യാപനത്തില്‍നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു. ഇനി കാണാനുള്ളത് ബിലാലായുള്ള നിരഞ്ജന്റെ പകര്‍ന്നാട്ടമാണ്.
പ്ലസ്ടൂവിന് ശേഷം എന്താണ് ഭാവി പരിപാടിയെന്ന ചോദ്യത്തിന് അഭിനയവുമായി ബന്ധപ്പെട്ട എന്തെങ്കിലും പഠിക്കണമെന്നായിരിക്കും പറയുകയെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഇവിടെയും നിരഞ്ജന് ഏവരുടെയും പ്രതീക്ഷകള്‍ തെറ്റിച്ചു സാധാരണ ഏതെങ്കിലുമൊരു കോഴ്സ് പഠിച്ച് ഒരു ജോലി വാങ്ങണമെന്നായിരുന്നു ഉത്തരം. അവസരങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കും, അതൊരിക്കലും ഉപേക്ഷിക്കില്ല- നിരഞ്ജന് കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം വെട്ടിയറ ആര് എസ് ലാന്‍ഡില്‍ സുമേഷിന്റെയും സുജയുടെയും രണ്ടു മക്കളില്‍ ഇളയവനാണ,് നാവായിക്കുളം ഗവ. എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിയായ നിരഞ്ജന്. നിലമേല്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഗായത്രിയാണ് സഹോദരി. നിരഞ്ജന്റെ കുടുംബത്തിന് ഒരു സെന്റ് ഭൂമി പോലും സ്വന്തമായില്ല. സുജയുടെ അമ്മയുടെ പേരിലുള്ള പത്തു സെന്റ് ഭൂമിയില്‍ ഒരു ഷെഡ്ഡുണ്ടാക്കിയാണ് ഇവര്‍ കഴിയുന്നത്.
ഈയൊരവസ്ഥയില്‍ നിന്ന് പോലും തനിക്ക് ഇത്ര വലിയ നേട്ടം കൈവരിക്കാനായെങ്കില്‍, എല്ലാവര്ക്കും അവരവരുടെ മേഖലകളില്‍ തിളങ്ങാനാകും, തങ്ങളുടെയുള്ളിലെ കഴിവുകള്‍ കണ്ടെത്തുകയും അതിനെ രൂപപ്പെടുത്തിയെടുക്കുകയും വേണം, അതിന് കഠിനാധ്വാനം മാത്രമാണ് വഴിയെന്നു പറഞ്ഞുകൊണ്ട് തന്റെ ഈ പുരസ്കാരം സൂക്ഷിച്ചുവെക്കാന്‍ നല്ലൊരു സ്ഥലം പോലുമില്ലെന്നതില്‍ യാതൊരു പരാതിയുമില്ലാതെ ഒരു ചെറു പുഞ്ചിരിയോടെ കാസിമിന്റെ കടലിലെ ബിലാലെന്ന സ്വര്ണ്ണമീന് മലയാള സിനിമയാകുന്ന സമുദ്രത്തിലേക്കുള്ള യാത്രയാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: