തൃശൂര്‍: ത്രിദിന പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിഎസ്ബി ബാങ്ക് ജീവനക്കാരുടെ സംഘടനാ ഭാരവാഹികളും മാനേജ്മെന്റുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. ബാങ്ക് എച്ച്ആര്‍ മേധാവി ടി. ജയശങ്കരാണ് ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്തത്. ജീവനക്കാരുടെ ആവശ്യങ്ങളില്‍ അനുകൂലമായ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പണിമുടക്കുമായി മുന്നോട്ട് പോകാന്‍ സംയുക്ത സമര സമിതി തീരുമാനിക്കുകയായിരുന്നു.
ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ നിര്‍ദ്ദേശ പ്രകാരം സിഎസ്ബി ബാങ്ക് മാനേജിങ് ഡയറക്ടര്‍ സി.വി. രാജേന്ദ്രനുമായി യൂണിയന് ഭാരവാഹികള്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് യുണൈറ്റഡ് ഫോറം ഓഫ് സിഎസ്ബി ബാങ്ക് യൂണിയനുകളുമായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് മാനേജിങ് ഡയറക്ടര്‍ ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ചര്‍ച്ചയില്‍ നിന്നും എംഡി വിട്ടു നിന്നു. ഇന്നലത്തെ ചര്‍ച്ചയും പരാജയപ്പെട്ടതിനെ തുടര്‍ന്ന് സിഎസ്ബി ബാങ്കിലെ ജീവനക്കാരും ഓഫീസര്‍മാരും ഇന്ന് മുതല്‍ അഖിലേന്ത്യാ ത്രിദിന പണിമുടക്ക് ആരംഭിച്ചു.
ബാങ്കിന്റെ 272 ശാഖകളും അടഞ്ഞു കിടക്കും. സിഎസ്ബി ബാങ്കിന്റെ ജനകീയ സ്വഭാവം പുന:സ്ഥാപിക്കുക, വിദേശ ബാങ്കായതോടെ അധികാരികള്‍ സ്വീകരിക്കുന്ന പ്രതികാര നടപടികള്‍ പിന്‍വലിക്കുക, വ്യവസായതല വേതന പരിഷ്കരണം നടപ്പിലാക്കുക, താത്കാലിക-കോണ്‍ട്രാക്ട് ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ച് ഇവരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് 22 വരെയാണ് പണിമുടക്ക്. സംസ്ഥാനത്തെ എല്ലാ ബാങ്കുകളും പിന്തുണ പ്രഖ്യാപിച്ച് 22ന് പണിമുടക്കും.
ത്രിദിന പണിമുടക്ക് നടക്കുന്ന എല്ലാ ദിവസങ്ങളിലും സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സിഎസ്ബി ബാങ്കിന്റെ എല്ലാ ശാഖകള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: