ചരിത്രത്തില്‍ നിന്നും പാഠം പഠിച്ചില്ലെങ്കില്‍ ചരിത്രം ആവര്‍ത്തിക്കുമെന്നാണ് ചൊല്ല്. അപകടങ്ങളുടെയും ദുരന്തങ്ങളുടേയും കാര്യത്തിലും ഈ ചൊല്ല് പൂര്‍ണ്ണമായും ശരിയാണ്. മഹാപ്രളയങ്ങളില്‍ നിന്നു പാഠം പഠിക്കാതെ ദുരന്തകാലത്തു വിലപിക്കുകയും വെപ്രാളപ്പെടുകയും ചെയ്യുന്ന കേരളത്തെയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. പദ്ധതികളുടേയോ സംവിധാനങ്ങളുടേയോ വിദഗ്ധരുടേയോ ഒന്നും കുറവല്ല, മറിച്ച് ഇതെല്ലാം നടപ്പിലാക്കുന്നതില്‍ വരുത്തുന്ന വീഴ്ച ഒന്നു മാത്രമാണ് കേരളത്തെ വിഷമവൃത്തത്തില്‍ നിര്‍ത്തുന്നത്.
2018 ലെ മഹാപ്രളയത്തിനു ശേഷം ഇനിയൊരു ദുരന്തമുണ്ടായാല്‍ ജീവഹാനിയുണ്ടാകാതിരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ദുരന്തനിവാരണ അതോറിറ്റിയെ ശക്തമാക്കി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ദുരന്തനിവാരണ സേന രൂപീകരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. മുന്നറിയിപ്പ്, തിരച്ചില്‍, രക്ഷപ്പെടുത്തല്‍, ഒഴിപ്പിക്കല്‍, പ്രഥമ ശുശ്രൂഷ തുടങ്ങിയവയായിരുന്നു പ്രധാന നര്‍ദേശങ്ങള്‍. മുന്നറിയിപ്പിനും ഒഴിപ്പിക്കലിനും മുന്‍ഗണന നല്‍കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശവും നല്കി.
മഴ ശക്തമായാല്‍ ഒരു ഭാഗത്ത് ഉരുള്‍പൊട്ടലും മറുഭാഗത്ത് വെള്ളപ്പൊക്കവും കേരളത്തില്‍ സംഭവിക്കാം. അതിനാല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ പഠനം നടത്തി കണ്ടെത്തണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിരുന്നു. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ പ്രത്യേകം തിരിച്ചറിയണം. കാലാവസ്ഥാ മുന്നറിയിപ്പ് ലഭിക്കുന്നതനുസരിച്ച് ഇവിടെ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. ഇതൊന്നും നടക്കുന്നില്ല എന്നതിനു തെളിവാണ് ദുരന്തങ്ങളുടെ ആവര്‍ത്തനം.
ദുരിതാശ്വാസ സഹായം പ്രഖ്യാപിക്കലുകള്‍ക്ക് അപ്പുറം ഒന്നും ചെയ്യാന്‍ ഭരണസംവിധാനം ശ്രമിക്കുന്നില്ല. ഓഖിയിലും പ്രളയത്തിലും വന്ന നഷ്ടം തിട്ടപ്പെടുത്താന്‍ പോലും ഇതേവരെ കഴിഞ്ഞിട്ടില്ല. ദുരന്തസമയത്തെ കണക്കെടുക്കലുകളുടെ കാര്യത്തില്‍ ലോകം ഏറെ മുന്നേറിയിട്ടുണ്ട്. ഉപഗ്രഹചിത്രങ്ങള്‍ ഉള്‍പ്പെടെ ആധുനിക സാങ്കേതികവിദ്യയും സാമ്പത്തിക ശാസ്ത്രത്തിലെ പുതിയ തത്വങ്ങളും അനുസരിച്ച് നഷ്ടങ്ങള്‍ കൃത്യമായി കണക്കുകൂട്ടാന്‍ സാധിക്കും. ഭൗതിക സമ്പത്ത്, സാംസ്കാരിക സമ്പത്ത്, പരിസ്ഥിതി എന്നതിനെക്കുറിച്ചെല്ലാമുള്ള വ്യക്തമായ കണക്ക് സൂക്ഷിക്കുകയും ദുരന്തത്തിന് ശേഷം നഷ്ടം കണക്കാക്കാന്‍ പറ്റുന്ന ആധുനിക സാങ്കേതിക വിദ്യകള്‍ നാം നേടുകയുമാണ് വേണ്ടത്. ദുരന്തമുണ്ടാകുന്നതിനു മുന്‍പുള്ള സ്ഥിതിയെപ്പറ്റിയുള്ള ശാസ്ത്രീയമായ അറിവ് നമുക്ക് വളരെ കുറവാണ്. ദുരന്തമുണ്ടാകുമ്പോള്‍ ‘വലിയ നഷ്ടം’ സംഭവിച്ചു എന്ന് വിലപിക്കുന്നതിനപ്പുറം അതെത്രയെന്ന് പറയാന്‍ സാധിക്കുന്നില്ല. ദുരിതം പേറിയവര്‍ക്ക് അര്‍ഹമായ സഹായം പോലും എത്തിക്കാന്‍ സാധിക്കാത്തത് അതിനാലാണ്.
പരിസ്ഥിതി സംരക്ഷണത്തോട് ഇത്രമാത്രം പുറംതിരിഞ്ഞ് നില്ക്കുന്ന മറ്റൊരു സംസ്ഥാനവും കാണില്ല. ഇതിന് മുന്നില്‍ നിന്നവരെയൊക്കെ വികസന വിരോധികളായി മുദ്രകുത്തുകയാണ് മലയാളികള്‍ ചെയ്തത്. ഗാഡ്ഗില്‍ മുതല്‍ കുമ്മനം വരെ അതിന്റെ ജീവിക്കുന്ന ഇരകളാണ്. കേരളത്തിലെ പ്രധാനപ്പെട്ട അഞ്ച് പ്രശ്നങ്ങള്‍ എടുത്താല്‍ രണ്ടെണ്ണം പരിസ്ഥിതിയുമായി ബന്ധപ്പെട്ടതായിരിക്കും. ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം, ജല മലിനീകരണം, തണ്ണീര്‍ത്തട നശീകരണം, മണല്‍ വാരല്‍, കുന്നിടിക്കല്‍ തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങള്‍ ഇല്ലാത്ത പഞ്ചായത്തുകളോ മുനിസിപ്പാലിറ്റികളോ കേരളത്തിലില്ല. എന്നിട്ടും കേരളത്തിലെ ആയിരം പഞ്ചായത്തുകളില്‍ ഒന്നില്‍ പോലും പരിസ്ഥിതി ശാസ്ത്രത്തില്‍ അറിവുള്ളവര്‍ക്കു വേണ്ടിയുള്ള ഒരു തസ്തികയുമില്ല.
പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠിക്കാന്‍, കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിക്കുമെന്ന് പഠിപ്പിക്കാന്‍, ഖരമാലിന്യ സംസ്കരണ പദ്ധതികള്‍ ഉണ്ടാക്കാന്‍, ഭൂഗര്‍ഭ ജലത്തിന്റെ ഗുണവും ഉപയോഗവും പരിശോധിക്കാന്‍, ജലമലിനീകരണം തടയുന്നതിനെപ്പറ്റിയൊക്കെ അറിയാവുന്നവര്‍ ഇല്ല എന്നത് നിസ്സാര കാര്യമല്ല. തിരച്ചിലിനു വേണ്ട ഉപകരണങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വേണമെന്ന് കവളപ്പാറയിലെ ഉരുള്‍പൊട്ടലിനു ശേഷം തീരുമാനിച്ചിരുന്നു. ദുരിതത്തിന്റെ പേരില്‍ ചില അതോറിറ്റികള്‍ ഉണ്ടെന്നല്ലാതെ വിഭാവനം ചെയ്തതുപോലെ കാര്യക്ഷമമായ ഒന്നും നടപ്പിലായില്ല. മലയോര മേഖലയിലെ ഒരു തദ്ദേശ സ്ഥാപനത്തിലും തിരച്ചില്‍ ഉപകരണങ്ങളില്ല. അടിയന്തര സന്ദേശങ്ങള്‍ നല്‍കേണ്ട സംവിധാനം പോലും ഒരുക്കിയിട്ടില്ല. ഉരുള്‍പൊട്ടലിനു കൂടുതല്‍ സാധ്യതയുള്ള ജില്ലകളില്‍ ദുരന്ത നിവാരണ സംഘത്തെ സജ്ജമാക്കി നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും തിരുവനന്തപുരത്തു നിന്നു വേണം ദുരന്തസ്ഥലങ്ങളിലേക്ക് സംഘം എത്താന്‍.
കേരളത്തിലെ ദുരിതത്തെക്കുറിച്ച് പഠിക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വിദേശയാത്രകള്‍ നടത്തിയിരുന്നു. കേരളത്തോട് ഏറെക്കുറെ സമാന പ്രളയക്കെടുതി നേരിടുന്ന നെതര്‍ലാന്‍ഡ്സ് സ്വീകരിച്ചിരിക്കുന്ന നിവാരണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നദികള്‍ കവിഞ്ഞൊഴുകുന്നത് ഒഴിവാക്കി വെള്ളമൊഴുകിപ്പോകാന്‍ ആവശ്യത്തിന് ഇടം ഇറപ്പാക്കുന്ന ‘റൂം ഫോര്‍ റിവര്‍’ പദ്ധതി പ്രഖ്യാപിച്ചിട്ട് വര്‍ഷം മൂന്നു കഴിഞ്ഞെങ്കിലും കണ്‍സല്‍ട്ടന്‍സി നിയമനത്തില്‍ ഒതുങ്ങി.
കേരളത്തിലുണ്ടാകുന്ന ദുരിതങ്ങള്‍ മനുഷ്യനിര്‍മ്മിതിയാണ്, ഭരണാധികാരിയുടെ ജാതകദോഷമാണ് എന്നൊക്കെ പറഞ്ഞ് വിമര്‍ശിക്കുന്നത് കണ്ടില്ലന്നു വയ്ക്കാം. അനുഭവത്തില്‍ നിന്നും പാഠം പഠിക്കാന്‍ മറന്നാല്‍ വലിയ വിലയാകും കേരളം നല്‍കേണ്ടി വരിക. ഇപ്പോഴത്തേതിലും വലിയ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: