ന്യൂദല്‍ഹി: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ കാവല്‍ നില്ക്കുന്ന സൈനികര്‍ക്ക് തിബത്തന്‍ ഭാഷയും സംസ്കാരവും പഠിപ്പിക്കാന്‍ കേന്ദ്ര തീരുമാനം.
ചൈനയുമായി സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം. ഇതുവഴി അവര്‍ക്ക് അതിര്‍ത്തിപ്രദേശത്തിലെ ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാം. അവരുമായി സൗഹൃദപരമായി ഇടപഴകാം. ഭാഷയുടെ കരുത്ത് സൈന്യത്തിന് നേട്ടമാകുമെന്ന് കരുതുന്നു.
ഇതിന്റെ ഭാഗമായി ഇന്ത്യന്‍ സേന തിബറ്റോളജി എന്ന പേരില്‍ ഒരു പരിശീലന കോഴ്സ് ആരംഭിച്ചു. തിബത്തന്‍ ഭാഷ, സംസ്കാരം, തിബത്തന്‍ പാരമ്പര്യം, രാഷ്ടീയം, വിവരയുദ്ധം എന്നിവ കോഴ്സിന്റെ ഭാഗമായി പഠിപ്പിക്കും. അരുണാചല്‍ പ്രദേശിലെ ഹിമാലയന്‍ കള്‍ച്ചറല്‍ സ്റ്റഡീസാണ് ഈ കോഴ്സ് പഠിപ്പിക്കുന്നത്. ആദ്യ ബാച്ച് പഠിച്ച് പുറത്തിറങ്ങി.
അരുണാചല്‍ പ്രദേശിലെ ഭാഗങ്ങളില്‍ പോകുന്ന സൈനികര്‍ തിബത്തിന്റെ സംസ്കാരവും ഭാഷയും പാരമ്പര്യവും പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് അരുണാചല്‍പ്രദേശിലെ തെംഗയില്‍ 5 മൗണ്ടേന് ഡിവിഷനിന്റെ ചുമതലയുള്ള മുതിര്‍ന്ന ആര്‍മി ഉദ്യോഗസ്ഥന് പറഞ്ഞു. തിബത്തന്‍ പ്രശ്നങ്ങള്‍ അടുത്തറിയുന്ന ലാമമാരെയും പരിശീലനത്തിന് ഉപയോഗിക്കുന്നുണ്ട്. ഇതിനായി ബൊംഡില മൊണാസ്റ്ററിയിലെ ബുദ്ധസന്യാസിമാരെ അധ്യാപകരായി നിയോഗിക്കും.
തിബത്തോളജി കോഴ്സ് പഠിപ്പിക്കാന്‍ രാജ്യത്ത് ഏഴ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഒരെണ്ണം സിക്കിമില്‍ നംഗ്യാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റോളജിയുമാണ്. ഈ ഏഴ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായി കോഴ്സ് പഠിപ്പിക്കാന്‍ സേന ധാരണാപത്രം ഒപ്പുവെച്ചു. ഇതുവരെ 150 കരസേന ഉദ്യോഗസ്ഥരെ കോഴ്സ് പഠിപ്പിച്ചിട്ടുണ്ട്.
ഇനി വര്‍ഷം രണ്ട് കോഴ്സുകള്‍ നടത്തും. ഇതില്‍ 15 മുതല്‍ 20 ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കും. ഇവിടെ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗസ്ഥര്‍ അതത് ബറ്റാലിയനുകള്‍ക്ക് പരിശീലനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: