നട്ടിട്ട് അധിക നാള്‍ ആയിട്ടില്ലാത്ത ഓക് മരതൈ. അടുത്ത് കറുത്ത മാര്‍ബിള്‍ കല്ലില്‍ സ്വര്‍ണ്ണത്തില്‍ കൊത്തിയിരിക്കുന്നത് വായിച്ചപ്പോള്‍ കണ്ണ് നനഞ്ഞപ്പോള്‍ മനസിലുണ്ടായ വികാരം അഭിമാനമോ വേദനയോ എന്ന് തീര്‍ച്ചയില്ല. ‘കല്‍പന ചൗള, മാര്‍ച്ച് 17, 1962ഫെബ്രുവരി 1, 2003′ എന്നായിരുന്നു ആ എഴുത്ത്’ അരനൂറ്റാണ്ടിലേറെയായി മനുഷ്യ ബഹിരാകാശ യാത്രയുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹ്യൂസ്റ്റണിലെ നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിന്റെ പ്രവേശന കവാട മാര്‍ഗ്ഗത്തിലെ പുല്‍ത്തകിടിയിലാണ് ഓക് മരതൈയും സ്വര്‍ണ്ണാക്ഷര ഫലകവും. അമേരിക്കയുടെ പ്രധാന സ്ഥാപനത്തിന്റെ പ്രധാന സ്ഥലത്ത് ഇന്ത്യന്‍ വംശജയുടെ സ്മാരക ഫലകം കാണുമ്പോള്‍ അഭിമാനം തന്നെയായിരുന്നു മുന്നില്‍.
2003 നവംബറിലെ ആദ്യ അമേരിക്കന്‍ യാത്രയില്‍ തന്നെ സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയ സ്ഥലമാണ് ഹ്യൂസ്റ്റണിലെ നാസയുടെ പഠന ഗവേഷണകേന്ദമായ ജോണ്‍സണ്‍ സ്‌പേസ് സെന്റര്‍. ജന്മഭൂമിയിലെ സഹപ്രവര്‍ത്തകന്‍ സജികുമാര്‍ കുഴിമറ്റത്തിന്റെ സഹോദരി മിനിയും ഭര്‍ത്താവ് ഗോപകുമാറും ആയിരുന്നു നാസയിലേക്കുള്ള വഴികാട്ടികള്‍.
ആ വര്‍ഷം ആദ്യമായിരുന്നു കൊളംബിയ ബഹിരാകാശ വാഹന ദുരന്തം. ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യന്‍ വംശജ കല്‍പന ചാവ്‌ള കൊല്ലപ്പെട്ട അപകടം. ഹരിയാനയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച കല്‍പന പഞ്ചാബ് എന്‍ജിനീയറിങ് കോളജില്‍ നിന്ന് എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും അമേരിക്കന്‍ സര്‍വകലാശാലകളില്‍ നിന്ന് ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും(പിഎച്ച്ഡി) നേടിയ ശേഷമാണ് നാസയുടെ ഗവേഷണ കേന്ദ്രത്തില്‍ ജോലിക്കു ചേര്‍ന്നത്.അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താന്‍ കല്‍പന വൈദഗ്‌ദ്ധ്യം നേടി. നാസയുടെ ബഹിരാകാശ ഗവേഷണ സംഘത്തില്‍ അംഗമായതോടെ തന്റെ എക്കാലത്തെയും സ്വപ്നമായ ബഹിരാകാശ യാത്രയിലേക്കുള്ള വാതിലുകള്‍ കല്‍പനയ്‌ക്കു മുമ്പില്‍ തുറന്നു. കൊളംബിയ എന്ന ബഹിരാകാശ യാത്രാ സംഘത്തില്‍ കല്‍പനയേയും അംഗമാക്കി.
നാസയുടെ എസ് ടി എസ്87 എന്ന ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായായിരുന്നു കല്‍പനയുടെ ആദ്യ ശൂന്യാകാശ യാത്ര. കൊളംബിയ ബഹിരാകാശ വാഹനം എന്ന ബഹിരാകാശ വാഹനത്തില്‍ 1997 നവംബര്‍ 19ന് അഞ്ച് സഹഗവേഷകര്‍ക്കൊപ്പം അവള്‍ ചരിത്രത്തിലേക്ക് പറന്നുയര്‍ന്നു. ഇന്ത്യയില്‍ ജനിച്ചവരില്‍ കല്‍പനയ്‌ക്കു മുമ്പ് രാകേഷ് ശര്‍മ്മ മാത്രമേ ബഹിരാകാശ യാത്ര നടത്തിയിട്ടുള്ളു. എസ് ടി എസ് 107 എന്ന ബഹിരാകാശ ദൗത്യത്തിലും നാസ കല്‍പനയെ അംഗമാക്കി. 2003 ജനുവരി 16ന് കല്‍പന രണ്ടാം തവണയും ബഹിരാകാശത്തേക്കു പറന്നുയര്‍ന്നു.ആറു പേര്‍ക്കൊപ്പമായിരുന്നു കല്‍പനയുടെ രണ്ടാം യാത്ര. ബഹിരാകാശത്തില്‍ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെപ്പറ്റിയുള്ള ഗവേഷണമായിരുന്നു ദൗത്യം. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷയ്‌ക്കുവേണ്ടിയായിരുന്നു ഈ പഠനം.
പതിനേഴു ദിവസത്തെ ഗവേഷണങ്ങള്‍ക്കു ശേഷം 2003 ഫെബ്രുവരി ഒന്നിന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ തിരിച്ചിറങ്ങാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ കൊളംബിയ ചിന്നിച്ചിതറി. കല്‍പനയടക്കം ഏഴു ബഹിരാകാശ സഞ്ചാരികളും മരണമടഞ്ഞു. വിക്ഷേപണ സമയത്തു തന്നെ സംഭവിച്ച ചില സാങ്കേതിക തകരാറുകളായിരുന്നു ദുരന്തത്തിനു കാരണമായതെന്ന് പിന്നീട് കണ്ടെത്തി. നാസ കല്‍പനയെ അസാധാരണയായ ബഹിരാകാശ സഞ്ചാരി എന്നു വിശേഷിപ്പിച്ച് കല്‍പനയോട് ആദരവു പ്രകടിപ്പിച്ചു. സസ്യാഹാരിയായ കല്‍പനയക്ക് ആത്മീയത കലര്‍ന്ന സംഗീതത്തോടായിരുന്നു അഭിനിവേശം. അവസാന യാത്രയില്‍ കയ്യിലെടുത്ത സംഗീത ആല്‍ബങ്ങള്‍ക്കൊപ്പം രവി ശങ്കറിന്റെ സിത്താര്‍ രാഗങ്ങളുമുണ്ടായിരുന്നു.ബഹിരാകാശയാത്രക്ക് നാസ തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജ സുനിത വില്യംസ് ബഹിരാകാശയാത്രകളില്‍ ഭഗവത് ഗീതയും ഗണേശവിഗ്രഹവും ആണ് കൂടെ കൊണ്ടു പോകുന്നത് വാര്‍ത്തയായിരുന്നു.
ബഹിരാകാശയാത്രികരെ സ്മരിക്കാനാണ് ജോണ്‍സണ്‍ സ്‌പേസ് സെന്ററിന്റെ പ്രധാന കവാടത്തിനടുത്ത് സ്മാരക വൃക്ഷത്തോട്ടം ഒരുക്കിയിരിക്കുന്നത്. 1996 ല്‍ ‘ചലഞ്ചര്‍’ ബഹിരാകാശയാത്രികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് ഇവിടെ വൃക്ഷം ആദ്യം നട്ടത്. തോട്ടത്തിലെ മറ്റ് വൃക്ഷങ്ങള്‍ അമേരിക്കയിലെ ആദ്യത്തെ ബഹിരാകാശയാത്രികനും ചന്ദ്രനില്‍ നടന്ന ഡസന്‍ അപ്പോളോ ബഹിരാകാശയാത്രികരില്‍ ഒരാളുമായ അലന്‍ ഷെപ്പേര്‍ഡിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു; 1967 ലെ ലോഞ്ച് പാഡ് തീയില്‍ നശിച്ച മൂന്ന് അപ്പോളോ ബഹിരാകാശയാത്രികരായ വിര്‍ജില്‍ ‘ഗസ്’ ഗ്രിസോം, എഡ് വൈറ്റ്, റോജര്‍ ചാഫി; മെര്‍ക്കുറി പ്രോഗ്രാമിന്റെ തത്വശില്പികളില്‍ ഒരാളും ജെഎസ്സിയുടെ സ്ഥാപക ഡയറക്ടറുമായ റോബര്‍ട്ട് ഗില്‍റൂത്ത് എന്നിവര്‍ക്കൊക്കെ സ്മാരക വൃക്ഷങ്ങള്‍ തോട്ടത്തിലുണ്ട്.
14 വര്‍ഷങ്ങള്‍ക്ക് ശേഷം കുമ്മനം രാജശേഖരനൊപ്പം ജോണ്‍സണ്‍ ബഹിരാകാശകേന്ദ്രത്തില്‍ വീണ്ടും എത്തി. കല്‍പന ചൗളയുടെ പേരിലുള്ള ഒക്ക് വലിയ മരമായി മാറിയിരുന്നു. മനുഷ്യരാശിക്കാകെ പ്രയോജനപ്പെടുന്നതിനായി ശാസ്ത്രീയവും സാങ്കേതികവുമായ അറിവ് വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന കേന്ദ്രമാണ് ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രം. അമേരിക്കയുടെ ബഹിരാകാശയാത്രിക സംഘങ്ങള്‍, അന്താരാഷ്‌ട്ര ബഹിരാകാശ നിലയ ദൗത്യ പ്രവര്‍ത്തനങ്ങള്‍, ഓറിയോണ്‍ പ്രോഗ്രാം, ഭാവിയിലെ ബഹിരാകാശ വികസനം എന്നിവയുടെ പഠന കേന്ദ്രമാണിത്.കാണാനും പഠിക്കാനും ഒരു പാടുണ്ട് രണ്ടുലക്ഷത്തി അന്‍പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള നാസ സ്‌പേസ് വിദ്യാലയത്തില്‍ . പ്രതിവര്‍ഷം ലക്ഷക്കണക്കിന് ശാസ്ത്ര വിദ്യാര്‍ഥികളും മറ്റു സന്ദര്‍ശകരും കാഴ്ചക്കാരായി എത്തുന്നു. ബഹിരാകാശത്തെകുറിച്ച് ഒരുപാടു അറിയാനും മനസ്സിലാക്കാനുമുണ്ടിവിടെ. ചന്ദ്രനിലേക്കുള്ള ദൗത്യത്തിന്റെ എല്ലാ രേഖകളും, ചിത്രങ്ങളും അവിടുന്ന് കൊണ്ടുവന്ന മണ്ണും കല്ലും എല്ലാം ചില്ലിട്ടുസൂക്ഷിച്ചു വെച്ചിരിക്കുന്നു. വരാനിരിക്കുന്ന തലമുറകള്‍ക്കുകൂടി പഠിക്കാന്‍.ചന്ദ്രനില്‍നിന്നുള്ള പാറക്കഷണങ്ങള്‍, ഷട്ടില്‍ സിമുലേറ്റര്‍, നാസയുടെ സ്‌പേസ് ഫ്‌ലൈറ്റ് പ്രോഗ്രാമിന്റെ ചരിത്രത്തെക്കുറിച്ചുള്ള പ്രസന്റേഷന്‍ മുതലായവ ഇവിടെ കാണാം.
ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജന്‍സിയാണ് നാസ. വിജയകരമായ അനേകം ബഹിരാകാശ യാത്രകള്‍ക്കും പദ്ധതികള്‍ക്കും രൂപം നല്കുകയും ഏകദേശം 150 പ്രാവശ്യം മനുഷ്യനെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യരാശിയുടെ ശാസ്ത്ര അവബോധത്തിന്റെയും അന്വേഷണത്വരയുടെയും അളവുകോല്‍ കൂടിയാണ് നാസ. 1958 ജൂലൈ 29ന് നാഷനല്‍ എയറോണോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് ആക്ട് യുഎസ് കോണ്‍ഗ്രസ് പാസ്സാക്കിയപ്പോള്‍ അമേരിക്കന്‍ ബഹിരാകാശ പര്യവേഷണത്തിനു പുതിയ തുടക്കം കുറിച്ച് നാസ എന്ന സ്ഥാപനം തത്വത്തില്‍ പിറവിയെടുത്തു. 1915ല്‍ ആരംഭിച്ച നാഷനല്‍ അഡൈ്വസറി കമ്മിറ്റി ഫോര്‍ എയറോണോട്ടിക്‌സ് (നാക) എന്ന സ്ഥാപനത്തിന്റെ തുടര്‍ച്ചയായിരുന്നു നാസ. 1958 ഒക്ടോബര്‍ ഒന്നിന് പുതിയ ബഹിരാകാശ ഏജന്‍സി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ യുഎസിന്റെയും ബഹിരാകാശ പര്യവേഷണത്തിന്റെയും മനുഷ്യരാശിയുടെ ശാസ്ത്രകൗതുകത്തിന്റെയും പുതിയൊരു അധ്യായം തുറന്നു. 43 വര്‍ഷത്തെ ചരിത്രമുള്ള നാകയും അതിലെ ജീവനക്കാരും നാസയുടെ ഭാഗമായി.
1957ല്‍ യുഎസ്എസ്ആര്‍ വിക്ഷേപിച്ച സ്പുട്‌നിക് റോക്കറ്റ് സൃഷ്ടിച്ച ആശങ്കയാണ് നാസയുടെ പിറവിയിലേക്കു നയിച്ചത്. റഷ്യന്‍ ശാസ്ത്രജ്ഞരോടു മല്‍സരിക്കാന്‍ ലോകമെങ്ങും നിന്നുള്ള മികച്ച ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി വികസിപ്പിച്ച ശാസ്ത്രസംഘം നാസയ്‌ക്ക് ചരിത്രനേട്ടങ്ങള്‍ സമ്മാനിച്ചു.മെര്‍ക്കുറിയായിരുന്നു മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള യുഎസിന്റെ ആദ്യ സംരംഭം. 1961 മെയ് 5നു ഫ്രീഡം 7 എന്ന ഉപപരിക്രമണ ബഹിരാകാശ പേടകത്തില്‍ അലന്‍ ഷെപാര്‍ഡ് ആദ്യ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയായി. ചാന്ദ്രപര്യവേഷണത്തിനായി ആവിഷ്‌കരിച്ചതാണ് ജെമിനി പദ്ധതി. നിരവധി പരീക്ഷണങ്ങള്‍ക്കു ശേഷം 1965 മാര്‍ച്ച് 23 ന് ഗസ് ഗ്രിസോം, ജോണ്‍ യങ്ങ് എന്നിവരെയും കൊണ്ട് ജെമിനി3 കുതിച്ചു. മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ ഇറക്കിയ ബഹിരാകാശ ദൗത്യം, അപ്പോളോ. 1969 ജൂലൈ 16ന് അപ്പോളോ വിക്ഷേപിച്ചു. ജൂലായ് 21ന് നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആള്‍ഡ്രിന്‍ എന്നിവര്‍ ചന്ദ്രനില്‍ കാലുകുത്തി. ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ അമേരിക്കന്‍ സ്‌പേസ് സ്‌റ്റേഷന്‍ സ്‌കൈലാബ് ആണ്. 1973 മുതല്‍ 1979 വരെ പ്രവര്‍ത്തനസജ്ജമായിരുന്നു.സ്‌പേസ് ഷട്ടില്‍ തുടര്‍ച്ചയായി വിക്ഷേപിക്കാവുന്ന ബഹിരാകാശ വാഹനം എന്ന ആശയം യാഥാര്‍ഥ്യമാക്കി. കൊളംബിയ, ചലഞ്ചര്‍ എന്നിവയും നാസ നിര്‍മ്മിച്ചു.
ഭൂമിക്ക് വളരെ അടുത്ത ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ ഗവേഷണശാല നാസയുടെ പദ്ധതിയാണ്. താഴ്ന്ന ഭൂഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതും മനുഷ്യര്‍ക്ക് താമസിക്കാനാവുന്നതും ആയ ബഹിരാകാശ ഗവേഷണശാലയാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയം.
ആസ്ഥാനം വാഷിങ്ടണ്‍ ആണെങ്കിലും നാസയുടെ പ്രധാന പരിശീലന കേന്ദ്രമാണ് ഹൂസ്റ്റണിലേത്. കാലിഫോര്‍ണയില്‍ ഗവേഷണ കേന്ദവും ഉണ്ട്. പ്രധാന ലോഞ്ച് ഓപ്പറേഷന്‍സ് സെന്റര്‍ ഫ്‌ളോറിഡയിലാണ്. ജോണ്‍ എഫ്. കെന്നഡി സ്‌പേസ് സെന്റര്‍. നാസയുടെ ബസിലായിരുന്നു അവിടേക്കുള്ളയാത്ര. ഒര്‍ലാന്‍ഡോയി മെറിറ്റ് ചെറു ദ്വീപില്‍ 570 ചതുരശ്ര കിലോമീറ്ററിര്‍ വ്യാപിച്ചു കിടക്കുന്നതാണ് നിക്ഷേപത്തറ. ദ്വീപിന്റെ പത്തു ശതമാനം മാത്രമാണ് നാസ വികസിപ്പിച്ചിരിക്കുന്നത്.ബാക്കി വന്യമൃഗ സങ്കേതമാണ്. ഭൂരിഭാഗവും ചതുപ്പു പ്രദേശങ്ങളും വെള്ളക്കെട്ടുകള്‍ പോലെ തോന്നിക്കുന്ന കായല്‍ പ്രദേശവും.
മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ ഇറക്കിയ ബഹിരാകാശ ദൗത്യമായ അപ്പോളോ, സ്‌കൈലാബ്, സ്‌പേസ് ഷട്ടില്‍ എന്നിവയൊക്കെ ഇവിടെ നിന്നാണ് വിക്ഷേപിച്ചത്.
തുടര്‍ച്ചയായി വീണ്ടും വീണ്ടും വിക്ഷേപിക്കാവുന്ന ബഹിരാകാശ വാഹനങ്ങളായ സ്‌പേസ് ഷട്ടിലുകളിലേറെയും ഇവിടെ നിന്നാണ് ഉയര്‍ന്നു പൊങ്ങിയത്.മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന എല്ലാ സ്‌പേസ് ഷട്ടിലുകളുടെയും വിക്ഷേപണം നടക്കുന്ന ലോഞ്ച് കോംപ്ലക്‌സ് ദൂരെ നിന്നേ കാണാനാവൂ. സന്ദര്‍ശക കോംപ്ലക്‌സില്‍ ഒരുക്കിയിരിക്കുന്നത് അമേരിക്കയുടെ ബഹിരാകാശ നേട്ടങ്ങളുടെ നേര്‍രേഖയാണ്. അപ്പോളോ വാഹനം, ലൂണാര്‍ മൊഡ്യൂള്‍ എന്നിവയൊക്കെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.1969 ജൂലായ് 21ന് നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആള്‍ഡ്രിന്‍ എന്നിവര്‍ ചന്ദ്രനില്‍ കാലുകുത്തുന്നതിന്റെ കാഴ്ചകള്‍ ഡോക്യുമെന്ററിയായി മുന്നില്‍. ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ അമേരിക്കന്‍ സ്‌പേസ് സ്‌റ്റേഷന്‍ സ്‌കൈലാബിനെക്കുറിച്ചും പ്രദര്‍ശനമുണ്ട്.
1981 ല്‍ വിക്ഷേപിച്ച ആദ്യ സ്‌പേസ് ഷട്ടിലായ ‘കൊളംബിയ’യും 1986ല്‍ വിക്ഷേപിച്ച’ചലഞ്ചറും’ ദുരന്തമായെങ്കിലും അവയെക്കുറിച്ചുള്ള പുര്‍ണ്ണ വിവരങ്ങളും പ്രദര്‍ശനശാലയില്‍നിന്ന് മനസ്സിലാക്കാനാകും. മനുഷ്യനെ ചന്ദ്രനിലൂടെ നടത്തിയ ശാസ്ത്രകൂട്ടായ്മയുടെ കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും നൂറുതവണ നമസ്‌ക്കാരം പറഞ്ഞുപോകുന്നതാണ് ഓരോ കാഴ്ചയും
അമേരിക്ക കാഴ്ചക്കപ്പുറം
01- പാതാളപ്പിളര്‍പ്പിലെ വിഷ്ണു, ശിവ, രാമ ശിലകള്‍
02-അവിചാരിതമായി അമേരിക്കയിലേക്ക്
04- ഊര്‍ജ്ജ നഗരത്തിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രം
06-സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍
07-ഹഡ്‌സണ്‍ നദിക്കരയിലെ കുത്താന്‍ വരുന്ന കാള
08- മാലാഖ നഗരത്തിലെ മായ കാഴ്‌ച്ചകള്‍
09- വേശ്യാവൃത്തിക്ക് കരം പിരിക്കുന്ന പാപ നഗരം
10-ക്യാപിറ്റോള്‍ കുന്നും വെണ്‍സൗധവും
11-വിഗ് പാര്‍ട്ടി ഭരിച്ച അമേരിക്ക
12-വാഷിങ്ടണ്‍ സ്തൂപവും സ്വാതന്ത്ര്യ സമരവും
13- ആഭ്യന്തരയുദ്ധവും അടിമത്തവും
17-ആപ്പിളും ഗൂഗിളും സാന്റാ ക്ലാരായുടെ ‘സന്തോഷകരമായ ദാരിദ്ര്യവും’
പ്രതികരിക്കാൻ ഇവിടെ എഴുതുക: