മുംബൈ:ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എന്‍സിപി) നേതാവ് ഏകനാഥ് ഖാഡ്‌സെയുടെ ഭാര്യ മന്ദാകിനി ഖഡ്‌സെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി.
സ്വത്ത് സമ്പാദനക്കേസില്‍ ഇഡിയ്‌ക്ക് മുന്‍പില്‍ ഹാജരായത് കോടതിയുടെ ഉത്തരവിന് ശേഷമാണെന്നും ഏക്‌നാഥ് ഖാഡ്‌സെയുടെ ഭാര്യയുടെ അഭിഭാഷകന്‍ പറഞ്ഞു. ‘ ഞങ്ങള്‍ ഇഡി ഓഫീസിന് മുന്‍പിലാണ്. മന്ദാകിനി ഖാഡ്‌സെയും ഉണ്ട്. കോടതിവിധിയ്‌ക്ക് ശേഷമാണ് അന്വേഷണവുമായി സഹകരിക്കുന്നത്,’ അഡ്വ. മോഹന്‍ തെകവാഡെ പറഞ്ഞു.കഴിഞ്ഞയാഴ്ച ബോംബെ ഹൈക്കടോതി മന്ദാകിനിയ്‌ക്ക് അറസ്റ്റ് തടയുന്നതിനുള്ള ജാമ്യം നല്‍കുകയും അതേ സമയം ഇഡി ഓഫീസില്‍ ഹാജരാകാനും ഉത്തരവിട്ടിരുന്നു.
2017 ൽ പൂനെയിൽ നിന്നുള്ള ആക്ടിവിസ്റ്റ് ഹേമന്ത് ഗാവാണ്ഡെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ കേസ്.ഏകനാഥ് ഖഡ്സെ തന്റെ റവന്യൂ മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്ത് മൂന്നേക്കർ സ്ഥലം 3.75 കോടി രൂപയ്‌ക്ക് വാങ്ങിച്ചു എന്നാണ് ആരോപണം. ഒരു ബന്ധുവിന്റെ പേരിലാണ് പൂനെക്കടുത്തുള്ള മഹാരാഷ്‌ട്ര വ്യവസായ വികസന കോർപ്പറേഷനിലെ (എംഐഡിസി) ഈ സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭൂമിയുടെ വിപണി വിലയില്‍ നിന്നും താഴ്‌ത്തി വാങ്ങിയത് മൂലം ഖജനാവിന് 61.25 കോടിയുടെ നഷ്ടമുണ്ടായതായി ആരോപിക്കപ്പെടുന്നു.
ആഗസ്ത് 27 ന് മറ്റൊരു കേസിൽ എന്‍സിപി നേതാവ് ഏക്നാഥ് ഖഡ്സെ, ഭാര്യ മന്ദാകിനി ഖഡ്‌സെ, മരുമകൻ ഗിരീഷ് ചൗധരി തുടങ്ങിയവരുടെ 5.73 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ഒരു ബംഗ്ലാവ്, മൂന്ന് റെസിഡൻഷ്യൽ ഫ്ലാറ്റുകൾ, 4.86 കോടി രൂപ വിലമതിക്കുന്ന വസ്തുക്കൾ, 86.28 ലക്ഷം രൂപയുടെ ബാങ്ക് ബാലൻസ് എന്നിവയാണ് കണ്ട്കെട്ടിയ സ്വത്തുക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: