ധാക്ക: രണ്ട് വിശ്വാസികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇസ്‌കോണ്‍ ക്ഷേത്ര അധികൃതര്‍ ഐക്യരാഷ്‌ട്രസഭയില്‍ നല്‍കിയ പരാതിയിന്മേല്‍ നടപടി. ഇതേ തുടര്‍ന്ന് ബംഗ്ലദേശിലെ ഹിന്ദുക്കള്‍ക്കെതിരായ കലാപത്തെ ഐക്യരാഷ്‌ട്രസഭയും ആംനസ്റ്റി ഇന്‍റര്‍നാഷണലും ചൊവ്വാഴ്ച അപലപിച്ചു. കലാപത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താനും ഐക്യരാഷ്‌ട്രസഭ ആവശ്യപ്പെട്ടു. ഭരണഘടനയ്‌ക്കെതിരായ ഇത്തരം അക്രമങ്ങള്‍ ഉടനെ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും ഐക്യരാഷ്‌ട്രസഭ ബംഗ്ലാദേശ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലെ അക്രമാഹ്വാനങ്ങളില്‍ പ്രചോദിതരായി ബംഗ്ലാദേശില ഹിന്ദുക്കള്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ക്കെതിരാണെന്നും അക്രമം ഉടന്‍ നിര്‍ത്തണമെന്നും ഐക്യരാഷ്‌ട്രസഭയുടെ റസിഡന്റ് കോഓര്‍ഡിനേറ്റര്‍ മിയാ സെപ്പോ ആവശ്യപ്പെട്ടു. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ദക്ഷിണേഷ്യ പ്രചാരക സാദ് ഹമ്മാദിയും അക്രമത്തെ അപലപിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബംഗ്ലാദേശില്‍ വളരുന്ന വികാരത്തിന്റെ ലക്ഷണമാണിതെന്നും സാദ് ഹമ്മാദി പറഞ്ഞു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വ്യക്തികള്‍ക്ക് നേരെയുള്ള ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍, വര്‍ഗ്ഗീയാക്രമം, ന്യൂനപക്ഷങ്ങളുടെ (ഹിന്ദുക്കള്‍) വീടുകളും ആരാധനാലയങ്ങളും തകര്‍ക്കല്‍ എന്നിവ കാണിക്കുന്നത് സര്‍ക്കാര്‍ ന്യൂനുപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്നാണെന്നും ഹമ്മാദി കുറ്റപ്പെടുത്തി.
ഇതോടെ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെയും ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെയും ആക്രമണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രിക്ക് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന കര്‍ശന നിര്‍ദേശം നല്‍കി . സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അവര്‍ പറഞ്ഞു. പൂജാ ആഘോഷങ്ങളോടനുബന്ധിച്ചാണ് ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെയും ക്ഷേത്രങ്ങള്‍ക്കെതിരെയും ആക്രമണങ്ങള്‍ തുടങ്ങിയത്. ഞായറാഴ്ച ആള്‍ക്കൂട്ടം 66 വീടുകള്‍ തകര്‍ക്കുകയും 20 വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു മതമുപയോഗിച്ച് അക്രമം നടത്തുന്നവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാനോട് പ്രധാനമന്ത്രി ഷേഖ് ഹസീന നിര്‍ദേശിച്ചു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പൂലര്‍ത്താനും ഔദ്യോഗിക വസതിയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി ഷേഖ് ഹസീന പറ്ഞ്ഞു. കോമില്ലയിലെ ക്ഷേത്രങ്ങള്‍ക്ക് നേരെയാണ് ആദ്യം ആക്രമണം നടന്നത്. ഇത് അന്വേഷിച്ചുവരികയാണെന്നും യഥാര്‍ത്ഥ വസ്തുത ഉടന്‍ പുറത്തുവരുമെന്നും അവര്‍ പറഞ്ഞു.
ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലാണ് അക്രമങ്ങള്‍ നടന്നത്. ദുര്‍ഗ്ഗ പൂജാ പന്തലില്‍ ഖുറാന്‍ അടങ്ങിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതാണ് അക്രമത്തിന് കാരണം. പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നും പറയുന്നു.
നൗഖാലിയിലെ ഇസ്കോണ്‍ ക്ഷേത്രം 200 പേരടങ്ങുന്ന മുസ്ലിം സംഘം ആക്രമിച്ച് പാര്‍ത്ഥദാസ്, ജതന്‍ ചന്ദ്ര് സാഹ എന്നീ രണ്ട് ഹിന്ദുമത വിശ്വാസികളെയാണ് അതിക്രൂരമായി വധിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇസ്‌കോൺ അംഗം നിമൈ ചന്ദ്ര ദാസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇസ്കോണ്‍ സ്ഥാപകനായ സ്വാമി പ്രഭുപാദയുടെ വിഗ്രഹം തകര്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: