ശ്രീനഗര്‍: ജമ്മുകശ്മീരിലെ വിവിധ തീവ്രവാദിഗ്രൂപ്പുകള്‍ക്ക് എങ്ങിനെ പ്രവര്‍ത്തിക്കണം എന്ന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്ന ഒരു ബ്ലോഗ് എന്‍ ഐഎ കണ്ടെത്തി. പൊതു ഇടങ്ങളില്‍ കൂട്ടത്തോടെ കൃത്യമായി അടയാളപ്പെടുത്തിയ വ്യക്തികളെ വെടിവെച്ച് കൊല്ലുന്ന രീതി വിവിധ തീവ്രവാദി ഗ്രൂപ്പുകള്‍ ഈയിടെ നടപ്പാക്കിയത് ഈ ബ്ലോഗിലെ നിര്‍ദേശപ്രകാരമാണെന്നറിയുന്നു.
കശ്മീരി പണ്ഡിറ്റായ ഫാര്‍മസിസ്റ്റായി ബിസിനസ് ചെയ്യുന്ന എംഎല്. ബിന്ദ്രുവിനെ കൊന്നതിന് പിന്നിലെ ലക്ഷ്യം കശ്മീരി പണ്ഡിറ്റുകള്‍ കൂട്ടത്തോടെ വീണ്ടും കശ്മീരിലേക്ക് എത്തുന്നത് തടയലാണെന്ന് കരുതുന്നു. ഒരു ബ്ലോഗില്‍ തീവ്രവാദികളുടെ ഈ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ സൂചനയുള്ളതായി എന്‍ ഐഎ കണ്ടെത്തിയിട്ടുണ്ട്. ശ്രീനഗറിലെ സംഗം ഈദ്ഗാഹ് പ്രദേശത്തെ ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രിന്‍സിപ്പലായ സതീന്ദര്‍ കൗര്‍ എന്ന സിഖ് വനിതയെ കൊലപ്പെടുത്തിയതിന് പിന്നില്‍ സിഖുകാരുടെ കശ്മീരിലേക്കുള്ള കുടിയേറ്റം തടയുകയാണ് ലക്ഷ്യം. കശ്മീരിനുള്ള പ്രത്യേക സംസ്ഥാനപദവി എടുത്തുകളഞ്ഞ്, കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയതോടെ കശ്മീരിലെ ഭൂമി പുറംസംസ്ഥാനങ്ങളിലുള്ളവര്ക്ക് വാങ്ങാനും കശ്മീരില്‍ പുറത്ത് നിന്നുള്ളവര്‍ക്ക് ബിസിനസ്സ് ചെയ്യാനും കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. ഇതനുസരിച്ച് കൂടുതല്‍ സിഖുകാര്‍ കശ്മീരില്‍ എത്തുന്നത് തടയുകയാണ് സിഖുകാരുടെ കൊലയ്ക്ക് പിന്നിലെ ലക്ഷ്യം.
ഈ ബ്ലോഗില്‍ എന്തൊക്കെ ചെയ്യണം, ആരെയൊക്കെ വധിക്കണം എന്ന് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എന്‍ ഐഎ പറയുന്നു. എല്ലാ കൊലപാതകങ്ങളുടെയും ലക്ഷ്യം ഒന്നു തന്നെ. കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന വ്യവസായവല്‍ക്കരണം തടയുക, കശ്മീരികളല്ലാത്തവര്‍ ഇവിടെ എത്തി ഭൂമിവാങ്ങി സ്ഥിരതാമസമാക്കുന്നത് തടയുക എന്നിവയാണ് ആ ലക്ഷ്യങ്ങള്‍.
ഇതുവരെ ഒക്ടോബര്‍ മാസത്തില്‍ മാത്രം 11 സാധാരണക്കാരെയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. കശ്മീരില്‍ സ്ഥിരവാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്കിയ കശ്മീരികളല്ലാത്തവരെ തിരഞ്ഞ് പിടിച്ച് കൊല്ലാനും ബ്ലോഗില്‍ ആഹ്വാനമുണ്ട്. കശ്മീരിലെ ഭൂമി കശ്മീരികളല്ലാത്തവര്‍ക്ക് കൊടുക്കുന്നത് ഏത് വിധവും തടയാനും ബ്ലോഗ് ആഹ്വാനം ചെയ്യുന്നു. ഇതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ജമ്മു കശ്മീര്‍ വികസന നിയമങ്ങളിലുള്ള പരിഷ്കാരങ്ങളാണ്. അതുപോലെ കശ്മീരികളുമായി ചേര്‍ന്ന് പുറത്ത് നിന്നുള്ളവര്‍ ബിസിനസ് സ്ഥാപിക്കുന്നത് എങ്ങിനെയും അട്ടിമറിക്കണമെന്നും ബ്ലോഗ് വിശദീകരിക്കുന്നു.
ഇത് പുറമെ എന്‍ ഐഎയും പൊലീസുദ്യോഗസ്ഥരെയും ലാക്കാക്കാനും ബ്ലോഗില്‍ നിര്‍ദേശമുണ്ട്. അതുപോലെ കശ്മീരിലേക്ക് സേവനത്തിനെത്തുന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ എവിടെ നിന്നാണോ വരുന്നത് ആ പ്രദേശങ്ങളില്‍ സ്ഫോടനമുള്‍പ്പെടെയുള്ള അക്രമങ്ങള്‍ നടത്താനും ബ്ലോഗ് നിര്‍ദേശിക്കുന്നു. അതുപോലെ കശ്മീരില്‍ പഠിക്കാന്‍ പുറത്ത് നിന്നെത്തുന്ന വിദ്യാര്‍ത്ഥികളെ വകവരുത്താനും ബ്ലോഗ് പറയുന്നു.
ഈ ബ്ലോഗ് എവിടെ നിന്നാണ് പ്രവര്‍ത്തിപ്പിക്കുന്നത്, ഇതിന്റെ ഉള്ളടക്കം തയ്യാറാക്കുന്നത് ആരാണ് എന്നീ കാര്യങ്ങളും കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. ഈ ബ്ലോഗ് കശ്മീരിലെ തീവ്രവാദി ഗ്രൂപ്പുകള്‍ മുഴുവന്‍ വായിക്കുന്നുണ്ടെന്നും എന്‍ ഐഎ കരുതുന്നു. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം പൊതു ഇടങ്ങളില്‍ സാധാരണക്കാര്‍ക്ക് നേരെ നടന്ന, കൃത്യമായ സന്ദേശങ്ങള്‍ നല്കുന്ന കൂട്ടക്കൊലകള്‍. തല്‍ക്കാലത്തേക്ക് ഈ ബ്ലോഗ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം മരവിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: