തിരുവനന്തപുരം: ഓഫീസ് അറ്റന്‍ഡറെ പിഎ ആക്കി സാക്ഷരതാമിഷന്‍ ഡയറക്ടര്‍. സാക്ഷരതാ മിഷനില്‍ ഓഫീസ് അറ്റന്‍ഡന്റ് കം കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ എസ്.ആര്. രാജേഷ് എന്ന ജീവനക്കാരനെയാണ് ഇല്ലാത്ത തസ്തികയില്‍ നിയമിച്ചത്. ഇത് വിവാദമായതോടെയാണ് വിശദീകരണവുമായി ഡയറക്ടര്‍ പി.എസ് ശ്രീകല രംഗത്തെത്തി.
പിഎ തസ്തിക ഉണ്ടെന്നുള്ള വാദം തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് സാക്ഷരതാ മിഷന് ഡയറക്ടര്‍ പി.എസ്. ശ്രീകലയുടെ നിലപാട്. ഗസറ്റഡ് ഓഫീസര്‍ തസ്തികയാണ് ഡയറക്ടറുടെ പിഎ. അതൊരുപാട് സാമ്പത്തിക ചെലവ് വരുമെന്നതിനാല്‍ അതുവേണ്ട എന്നാണ് മിഷന്റെ തീരുമാനം. രാജേഷിന് മൂന്നുമാസം 5000 രൂപ അലവന്‍സ് നല്‍കിയിരുന്നത് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാനപ്രകാരമായിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള കത്ത് വന്ന ശേഷം രാജേഷിന് അലവന്‍സോ ആനുകൂല്യമോ നല്‍കിയിട്ടില്ല. പിഎ തസ്തികയില്ലെന്നും പിഎയുടെ ചുമതല കൂടി രാജേഷിന് നല്‍കിയിട്ടുണ്ടെന്നുമാണ് ശ്രീകലയുടെ വാദം. ഓഫീസ് അറ്റന്‍ഡന്റ് കം കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ എസ്.ആര്. രാജേഷിനു പിഎ തസ്തികയുടെ ചുമതല നല്കാന് കഴിയില്ലെന്ന് 2018 ല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. സാക്ഷരതാമിഷനില്‍ പിഎ തസ്തിക സൃഷ്ടിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. സാക്ഷരതാ മിഷനില്‍ ഡയറക്ടര്‍ക്ക് പിഎ തസ്തിക സൃഷ്ടിച്ചിട്ടില്ലെന്ന് നിയമസഭയില്‍ റോജി എം. ജോണിനാണ് മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. പി.എസ്. ശ്രീകല ഡയറക്ടറായി ചുമതലയേറ്റതിന് മുമ്പും അതിനു ശേഷവും സാക്ഷരത മിഷനില്‍ എത്ര തസ്തികകള്‍ ഉണ്ടെന്ന ചോദ്യങ്ങള്‍ക്ക് 2021 ഫെബ്രുവരി 17 ന് ലഭിച്ച മറുപടിയിലാണ് പിഎ ടു ഡയറക്ടര്‍ തസ്തിക ഇല്ലെന്ന് വ്യക്തമാക്കുന്നത്.
എന്നാല്‍ സാക്ഷരതാമിഷന്‍ പുറത്തിറക്കിയ ഉത്തരവുകളില്‍ രാജേഷിനെ പിഎ ടു ഡയറക്ടര്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സാക്ഷരതാമിഷന്റെ ഔദ്യോഗിക രേഖകളില്‍ പിഎ ടു ഡയറക്ടര്‍ രേഖപ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ പിഎ തസ്തിക സൃഷ്ടിച്ചുവെന്നത് വ്യക്തമാകുന്നു. എന്നാല്‍ മന്ത്രി നിയമസഭയില്‍ പറഞ്ഞത് പിഎ തസ്തിക സൃഷ്ടിച്ചിട്ടില്ല എന്നാണ്. രാജേഷിന് 5000 രൂപ അലവന്‍സും നല്കി വന്നിരുന്നു. ഇതിനെതിരെ 2018ല്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി സാക്ഷരതാമിഷന്‍ കത്ത് നല്‍കിയിട്ടും പിഎ ടു ഡയറക്ടര്‍ പോസ്റ്റ് തുടരുകയാണ്. സാക്ഷരതാ മിഷന് നടത്തിയ ചട്ടലംഘനം സര്‍ക്കാര്‍ റദ്ദാക്കിയിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: