ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലില്‍ ആലപ്പുഴ ബീച്ചിനു സമീപത്തെ ലൈറ്റ് ഹൗസ് ആധുനിക സൗകര്യങ്ങളിലേക്ക് നീങ്ങുന്നു. രണ്ടര നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച, പൈതൃക സ്മാരകമായ ലൈറ്റ് ഹൗസിന് മുകളില്‍ സന്ദര്‍ശകര്‍ക്കെത്താന്‍ ഇന്നും കോണിപ്പടികള്‍ മാത്രമേ ആശ്രയമുള്ളൂ. ഇവിടെ ലിഫ്റ്റ് സൗകര്യം ഒരുക്കി കൂടുതല്‍ കാണികളെ ആകര്‍ഷിക്കാനൊരുങ്ങുകയാണ് അധികൃതര്‍. കേന്ദ്ര തുറമുഖ-ഷിപ്പിങ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്.
ഒരു മാസത്തിനകം സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കും. തൃശ്ശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജിലെ വിദഗ്ധര്‍ അടങ്ങുന്ന സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക. അനുമതി ലഭിച്ച് രണ്ട് മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പുറത്തു നിന്നാകും ലിഫ്റ്റ് സ്ഥാപിക്കുക.
ലൈറ്റ് ഹൗസിന്റെ മുകളില്‍ കയറിയാല്‍ ആലപ്പുഴ പട്ടണത്തിലെ കായലും ബീച്ചും കെട്ടിട സമുച്ചയങ്ങളും കാണാന്‍ കഴിയും. കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലുള്ള ലൈറ്റ് ഹൗസിലെ പ്രവേശനത്തിന് കുറഞ്ഞ ഫീസാണ് ഈടാക്കുന്നത്. 28 മീറ്റര്‍ ഉയരത്തില്‍ വൃത്താകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ലൈറ്റ് ഹൗസിന് അകത്തുകൂടെ മുകളിലേക്ക് കയറുന്നതിന് ഒരു മീറ്റര്‍ അകലമില്ലാത്ത പടികളാണുള്ളത്. ഒരാള്‍ കയറുകയും മറ്റൊരാള്‍ ഇറങ്ങുകയും ചെയ്താല്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയില്ല. ഇക്കാരണത്താല്‍ കൊവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ ലൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം നിര്‍ത്തി. 20 രൂപ മുടക്കിയാല്‍ ലൈറ്റ് ഹൗസിലും മ്യൂസിയത്തിലും കയറാന്‍ കഴിയും.
ഏറെ ചരിത്ര പ്രാധാന്യമുള്ളതാണ് രണ്ടര നൂറ്റാണ്ടിന് മുന്‍പ് സ്ഥാപിച്ച ലൈറ്റ്ഹൗസ്. കപ്പല്‍ യാത്രികര്‍ക്ക് സഹായകമായി 1862ല്‍ വെളിച്ചെണ്ണയുപയോഗിച്ച് കത്തിക്കുന്ന ദീപമാണ് ഇവിടെ തെളിച്ചിരുന്നത്. 1952 ആയപ്പോഴേക്കും ഗ്യാസ് ഉപയോഗിച്ചുള്ള ദീപം (എജിഎ നി
ര്മിതം) നിലവില്‍ വന്നു. 1960ല്‍ വൈദ്യുതി ലൈറ്റുകള്‍ തെളിഞ്ഞു തുടങ്ങി. 1999 മെറ്റല്‍ ഹാലൈഡ് ലൈറ്റുകള്‍ സ്ഥാപിച്ചു. ലിഫ്റ്റ് കുടി സ്ഥാപിക്കുന്നതോടെ ആലപ്പുഴയുടെ ആകാശ കാഴ്ചകള്‍ ഇനി കുറഞ്ഞ ചെലവില്‍ കാണാനാകുമെന്നത് സഞ്ചാരികളെ ആലപ്പുഴ ബീച്ചിലേക്ക് കുടുതലായി ആകര്‍ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: