കണ്ണൂര്‍: കോഴിക്കോട് സര്‍വ്വകലാശാലയില്‍ സംരക്ഷിക്കാനേല്‍പ്പിച്ച കോലത്തിരി പെരിഞ്ചെല്ലൂര്‍ ചെപ്പേട് ലണ്ടനിലെ സ്വകാര്യ പുരാവസ്തുക്കച്ചവടക്കാരന് വില്‍പന നടത്തിയ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സംഘവഴക്ക ഗവേഷണ പീഠം. ഗവേഷണ പീഠം ഡയറക്ടറും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. സഞ്ജീവന്‍ അഴീക്കോട് ഫെയ്‌സ്ബുക്കിലൂടെയാണ് കോലത്തിരിച്ചെപ്പേട് കടത്തിയ കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കോലത്തിരിയുടെ ചിറക്കല്‍ കോവിലകം ഗ്രന്ഥപ്പുരയില്‍ നിന്ന് കോഴിക്കോട് സര്‍വ്വകലാശാലയില്‍ സംരക്ഷിക്കാനെത്തിച്ചതായിരുന്നു പെരുഞ്ചല്ലൂര്‍ ചെപ്പേട്. ഇപ്പോള്‍ ചെപ്പേടിന്റെ മൂലരൂപം കാണണമെങ്കില്‍ ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ പോകേണ്ട സ്ഥിതിയാണ്. 1998ല്‍ ഒരു സ്വകാര്യ പുരാവസ്തു വ്യാപാരിയോട് പണം കൊടുത്താണ് ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറി ചെപ്പേട് വാങ്ങിയതെന്നാണ് അവരുടെ വാദം.
ചിറക്കല്‍ ഗ്രന്ഥപ്പുരയില്‍ നിന്ന് കോഴിക്കോട് സര്‍വ്വകലാശാലയിലെത്തിയ ചെപ്പേടിനെക്കുറിച്ച് ബ്രാഹ്മിന്‍ സെറ്റില്‍മെന്റ്‌സ് ഇന്‍ കേരള എന്ന പുസ്തകത്തില്‍ ഡോ. കേശവന്‍ വെളുത്താട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് സര്‍വ്വകലാശാലയില്‍ പുരാലിപി വിദഗ്ധനായിരുന്ന ഡോ.എം.ആര്‍. രാഘവവാരിയരുടെ സഹായത്തോടെയാണ് ഡോ. വെളുത്താട്ട് 1976ല്‍ ചെപ്പേടിന്റെ പാഠം തയ്യാറാക്കിയത്. ബ്രിട്ടീഷ് ലൈബ്രറിയിലെ ഡിജിറ്റല്‍ ചിത്രങ്ങളുമായി ഒത്തുനോക്കി ആ ചെപ്പേട് ഡോ. വെളുത്താട്ട് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
1970കളില്‍ ചിറക്കല്‍ കോവിലകം ഗ്രന്ഥപ്പുര ചിതലരിച്ച് നശിച്ചപ്പോള്‍ അത് സംരക്ഷിക്കാന്‍ സര്‍വ്വകലാശാലകളും അധികൃതരും രംഗത്തുവരണമെന്ന് അന്ന് ഫോക്‌ലോര്‍ ഗവേഷകനായ സി.എം.എസ്. ചന്തേര ആവശ്യപ്പെട്ടിരുന്നു. ചിതലരിച്ച ഗ്രന്ഥപ്പുരയുടെ അന്നത്തെ അവസ്ഥ വേദനാജനകമായിരുന്നു. ഒടുവില്‍ ഡോ. സുകുമാര്‍ അഴീക്കോടും പ്രൊഫ.എസ്. ഗുപ്തന്‍ നായരും ചേര്‍ന്ന് അവശേഷിക്കുന്ന ഗ്രന്ഥങ്ങളും മറ്റും കോഴിക്കോട് സര്‍വ്വകലാശാല പുരാവസ്തു മ്യൂസിയത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. അമൂല്യമായ പുരാരേഖകള്‍ സംരക്ഷിക്കാന്‍ സര്‍ക്കാറിന്റെ കീഴിലുള്ള പുരാവസ്തു സംരക്ഷകരും സര്‍വ്വകലാശാലകളും മറ്റും കാട്ടിയ അനാസ്ഥയാണ് ചെപ്പേട് ലണ്ടനിലെത്താന്‍ വഴിയൊരുക്കിയതെന്ന് ഡോ.സഞ്ജീവന്‍ ചൂണ്ടിക്കാട്ടുന്നു.
പെരിഞ്ചെല്ലൂര്‍ ചെപ്പേട്
കോലത്തിരി രാജാവും തളിപ്പറമ്പ് പെരിഞ്ചെല്ലൂരിലെ രണ്ട് ബ്രാഹ്മണസഭയും ചേര്‍ന്ന് ഒരു ജന്മിക്ക് പണയമായി ഭൂമി നല്‍കിയത് സംബന്ധിച്ച ചെമ്പോലയാണ് കോലത്തിരിയുടെ പെരിഞ്ചെല്ലൂര്‍ ചെപ്പേട്. ചേരമാന്‍ പെരുമാളിന്റെ മേല്‍ക്കോയ്മയില്‍ നിന്ന് സ്വതന്ത്രനായ കോലത്തിരിയുടെ ആദ്യ ചരിത്രരേഖ. ഗവേഷകര്‍ പഠിച്ച ഈ അമൂല്യചെപ്പേടാണ് ലണ്ടനിലേക്ക് കടത്തിയത്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ബ്രാഹ്മണഗ്രാമത്തെ സംബന്ധിച്ച രേഖ കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: