2021-22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബഡ്ജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച ദേശീയ ആസ്തി പുനര്‍നിര്‍മ്മാണ കമ്പനി (എന്‍.എ.ആര്‍.സി.എല്‍) ചീത്ത ബാങ്കല്ല. ഇതിനെ ചീത്തബാങ്ക് എന്ന് വിളിച്ചത് ആരെന്ന് അറിയില്ല.
ഭാരതത്തിലെ ബാങ്കുകളിലെ 2021 മാര്‍ച്ചിലെ ആകെ നിക്ഷേപം 150 ലക്ഷം കോടിയാണ്. നാളിതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ് ഇത്. ഇതില്‍ നിഷ്‌ക്രിയ ആസ്തി (എന്‍.ബി.എ) 8 ലക്ഷം കോടിയാണ്. 2014 മാര്‍ച്ചില്‍ നിഷ്‌ക്രിയ ആസ്തി 13 ലക്ഷം കോടിയായിരുന്നു. 2016-ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പാസ്സാക്കിയ പാപ്പരത്ത നിയമപ്രകാരം അഞ്ച് ലക്ഷം കോടിയുടെ കിട്ടാക്കടം ഈടാക്കാന്‍ ബാങ്കുകള്‍ക്കു കഴിഞ്ഞു. റിസര്‍വ്വ് ബാങ്ക് കണക്കനുസരിച്ച് 2 ലക്ഷം കോടി മാത്രമാണ് വായ്പാതട്ടിപ്പുകേസ്സുകളില്‍ പെട്ടിട്ടുള്ളത്. ബാക്കി 6 ലക്ഷം കോടിയുടെ നിഷ്‌ക്രിയ ആസ്തികള്‍ എന്നത് സ്ഥാപനഉടമയുടെ നിക്ഷേപം കൂടി കണക്കിലെടുത്താല്‍ പ്രവര്‍ത്തിക്കാതെ കിടക്കുന്ന നിക്ഷേപം 12 ലക്ഷം കോടിയിലധികം വരും. ഇവ ഉല്‍പാദനക്ഷമമാക്കാനുള്ള നടപടികളാണ് ദേശീയ ആസ്തി പുനഃനിര്‍മ്മാണകമ്പനി ഏറ്റെടുക്കുന്നത്. ഇതിനെ ചീത്തബാങ്ക് എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് വ്യവസായ താല്‍പര്യത്തിനും രാജ്യതാല്‍പര്യത്തിനും എതിരാണ്. പരാജയപ്പെട്ട ഉടമയില്‍നിന്നും സ്ഥാപനമേറ്റടുത്തു സുതാര്യമായ ടെണ്ടര്‍ നടപടികളിലൂടെ പരമാവധി വില ഈടാക്കി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പുതിയ കമ്പനികളെ ഏല്‍പിക്കുന്നത് രാജ്യത്തിന്റെ വ്യവസായവികസനത്തിന് ആക്കം കൂട്ടും. ഈ നടപടി പരാജയപ്പെട്ട കമ്പനിഉടമയെയും പുതിയ കമ്പനിഉടമയെയും വഴിവിട്ട് സഹായിക്കുന്നതല്ല. ദേശീയ ആസ്തി പുനര്‍നിര്‍മ്മാണ കമ്പനി ബാങ്കില്‍ നിന്നും വായ്പയെടുത്ത വ്യവസായികളെ (കോര്‍പ്പറേറ്റുകളെ) സഹായിക്കാനാണ് എന്നുള്ള ഇടതുപക്ഷ ആരോപണം അടിസ്ഥാനരഹിതമാണ്.
പ്രവര്‍ത്തിക്കാതെ കിടക്കുന്ന വ്യവസായങ്ങളെ പ്രവര്‍ത്തനക്ഷമമാക്കി കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനാണ് ഇപ്പോള്‍ രൂപീകരിക്കപ്പെട്ട ദേശീയ ആസ്തി പുനര്‍നിര്‍മ്മാണ കമ്പനി ശ്രമിക്കുന്നത്. 100 കോടി രൂപയാണ് കമ്പനിയുടെ മൂലധനമായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. 30,600 കോടിയുടെ ഗ്യാരന്റിയും കേന്ദ്രസര്‍ക്കാര്‍ നല്‍കി. പ്രവര്‍ത്തിക്കാതെ കിടക്കുന്ന വ്യവസായ ആസ്തികള്‍ പ്രവര്‍ത്തനക്ഷമം ആകുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക വരുമാനം വര്‍ദ്ധിക്കുകയും ജിഡിപി വളര്‍ച്ച നിരക്ക് കൂടുകയും ചെയ്യും.
ഇപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ആസ്തി പുനര്‍നിര്‍മ്മാണ കമ്പനി തുടങ്ങുന്നത്. 2002-ലെ സര്‍ഫാസി നിയമം നിലവില്‍ വന്നതുമുതല്‍ ആസ്തി പുനര്‍നിര്‍മ്മാണ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ ബാങ്കുകളുടെ കിട്ടാക്കടം കുറയ്‌ക്കുന്ന കാര്യത്തില്‍ വിജയിച്ചില്ല. 2014-നു മുന്‍പ് കേരളത്തില്‍ ഉണ്ടായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, കുടിശ്ശികയായ വിദ്യാഭ്യാസ വായ്പകള്‍ കിട്ടാക്കടം ആക്കി (എന്‍.പി.എ) റിലയന്‍സിന്റെ ആസ്തി പുനഃനിര്‍മ്മാണ കമ്പനിക്ക് നല്‍കിയത് വന്‍വിവാദമായിരുന്നു.
2002-ലെ സര്‍ഫാസി നിയമം മൂലമാണ് ബാങ്കുകളിലെ കിട്ടാക്കടം (എന്‍.പി.എ) എന്ന പ്രശ്‌നം ഗുരുതരമായത്. 2002-ല്‍ നിലവില്‍ വന്ന സര്‍ഫാസിനിയമം 2005-മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചുതുടങ്ങി. 2010-14 കാലഘട്ടത്തില്‍ വര്‍ദ്ധിച്ച തോതിലുള്ള കിട്ടാക്കടം മൂലം പല ബാങ്കുകളിലും പ്രവര്‍ത്തിക്കാനായി ഏറെ ബുദ്ധിമുട്ടി. റിസര്‍വ്വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സഹായത്തോടെ പരസ്പരം ലയിപ്പിച്ചും പുനഃസംഘടിപ്പിച്ചും ബാങ്കുകള്‍ മൂലധന അടിത്തറ ബലപ്പെടുത്തി. എന്നാല്‍ 2014 ല്‍ ബാങ്കുകളുടെ കിട്ടാക്കടം വര്‍ദ്ധിച്ചു. അത് 13 ലക്ഷം കോടിയായി.
2002-ലെ സര്‍ഫാസിനിയമം 2003 മുതല്‍ തെറ്റായി നടപ്പിലാക്കിയതിന്റെ ഫലമാണ് ഭാരതത്തിലെ ബാങ്കുകള്‍ നേരിട്ട കിട്ടാക്കടം (എന്‍.പി.എ) എന്ന മഹാദുരന്തം. 1985 മുതല്‍ 2003 വരെ നടപ്പാക്കിവന്ന 1985 ലെ രോഗബാധിത കമ്പനികളെ പുനരധിവസിപ്പിക്കുന്ന നിയമം ഇന്ത്യന്‍ വ്യവസായങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തി. രോഗബാധിത വ്യവസായങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതി (എസ്.യൂ.ആര്‍.പി) ചെറുകിട ഇടത്തരം സംരംഭങ്ങളിലും വ്യവസായങ്ങളിലും നടപ്പാക്കി. 1985 മുതല്‍ 2005 വരെ ഇന്ത്യന്‍ വ്യവസായ മേഖല വമ്പിച്ച വളര്‍ച്ച കൈവരിച്ചു. ഈ വളര്‍ച്ച 2005 മുതല്‍ ഇന്ത്യന്‍ ഓഹരി കമ്പോളത്തില്‍ പ്രകടമാകുകയും, 2005-ല്‍ 5000 ആയിരുന്ന ഓഹരി സൂചിക ഇന്ന് 60000 ത്തില്‍ എത്തി നില്‍ക്കുന്നു.
സര്‍ഫാസി നിയമം മൂലം ഉണ്ടായ ഗുരുതരമായ വീഴ്ച 3 മാസതവണ കുടിശ്ശികയായാല്‍ ബാങ്കുകള്‍ക്ക് അവയെ എന്‍.പി.എ ആയി പ്രഖ്യാപിക്കാം എന്നുള്ളതാണ്. ഈ നിയമം അശാസ്ത്രീയവും വ്യവസായങ്ങളുടെ നിലനില്‍പിനും വളര്‍ച്ചയ്‌ക്കും എതിരുമാണ്. ഏതെങ്കിലും ഒരു ബാങ്ക,് വ്യവസായത്തെ എന്‍.പി.എ ആയി പ്രഖ്യാപിച്ചാല്‍ പിന്നെ മറ്റൊരു ബാങ്കിനും വായ്പ നല്‍കാന്‍ കഴിയില്ല. ഇതോടു കൂടി വ്യവസായിയും വ്യവസായവും അവസാനിക്കുന്നു. 3 മാസം എന്നത് ഒരു വ്യാപാരവ്യവസായ സ്ഥാപനത്തെ സംബന്ധിച്ച് വളരെ ചെറിയകാലമാണ്. 3 മാസം കൊണ്ട് നഷ്ടത്തിലായ ഒരു വ്യവസായത്തെ പ്രതിസന്ധികള്‍ പരിഹരിച്ച് ലാഭത്തില്‍ ആക്കാന്‍ ഒരാള്‍ക്കും കഴിയില്ല.
ഉല്‍പന്നത്തിന്റെ വില നിശ്ചയിക്കപ്പെടുന്നതില്‍ കമ്പോളത്തില്‍ ഉണ്ടാകുന്ന കയറ്റിറക്കങ്ങള്‍, ഉല്‍പാദനത്തിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യയില്‍ ഉണ്ടാകുന്ന നൂതനങ്ങളായ മാറ്റങ്ങള്‍, പ്രകൃതി ക്ഷോഭങ്ങള്‍, കലാപങ്ങള്‍, അനാവശ്യമായ തൊഴിലാളി സമരങ്ങള്‍ എന്നിവമൂലം സംരംഭം നഷ്ടത്തിലായാല്‍ അത് 3 മാസംകൊണ്ട് പരിഹരിക്കാന്‍ ഉടമയ്‌ക്ക് സാധ്യമല്ല.
നിഷ്‌ക്രിയ ആസ്തികളുടെ വര്‍ദ്ധനവ് എന്ന സങ്കീര്‍ണ്ണ പ്രശ്‌നം പരിഹരിക്കാന്‍ ശാശ്വതമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. 2016 ലെ പാപ്പരത്ത നിയമവും ഇപ്പോള്‍ രൂപീകരിച്ച പുനഃനിര്‍മ്മാണ കമ്പനിയും ശരിയായ നടപടികള്‍ ആണ്. എന്നാല്‍ വ്യവസായികളെയും വ്യവസായങ്ങളെയും ബാങ്കുകളെയും ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ 1985-ലെ രോഗബാധിതകമ്പനികളെ പുന:രധിവസിപ്പിക്കുന്നതിനുള്ള നിയമം അടിയന്തിരമായി പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. 2002-ല്‍ സര്‍ഫാസി നിയമം വന്നപ്പോള്‍ 1985-ലെ രോഗബാധിത കമ്പനികളെ പുന:രധിവസിപ്പിക്കുന്ന നിയമം നിഷ്ഫലമായി. 2016-ല്‍ പാപ്പരത്ത നിയമം വന്നതോടെ 1985 ലെ പുന:രധിവാസ നിയമം ഇല്ലാതായി. അതിനാല്‍ 2002 ലെ സര്‍ഫാസി നിയമം ഭേദഗതി ചെയ്ത് 1985 ലെ രോഗബാധിത കമ്പനികളെ പുന:രധിവസിപ്പിക്കുന്നതിനുള്ള നിയമം അടിയന്തിരമായി നടപ്പാക്കണം.
ഈ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ലഭിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണം. 1985-ലെ രോഗബാധിത കമ്പനികളെ പുന:രധിവസിപ്പിക്കുന്ന നിയമപ്രകാരം ഒരു സംരംഭം പ്രതിസന്ധിയിലാകുന്നത് തുടര്‍ച്ചയായി 3 വര്‍ഷം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ്. വായ്പ നല്‍കിയ ബാങ്കിനെയും മറ്റ് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളെയും ഇത് രേഖാമൂലം ബോദ്ധ്യപ്പെടുത്തിയാല്‍ വിദഗ്‌ദ്ധ സമിതിയെകൊണ്ട് പുനരധിവാസപാക്കേജ് തയ്യാറാക്കി 3 വര്‍ഷം കൊണ്ട് നടപ്പിലാക്കും. പുനരധിവാസത്തിനായി പഴയ വായ്പയുടെ പലിശ ഒഴിവാക്കുകയും പുതിയ വായ്പ നല്കുകയും ചെയ്യും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായം പ്രത്യേകമായിലഭിക്കും. ഇതില്‍ സബ്‌സിഡിയും പലിശരഹിത വായ്പയും ഉണ്ടാകും. വായ്പ തിരിച്ചടക്കുന്നതിന് 10 വര്‍ഷം വരെ കാലാവധി ലഭിക്കും . 1985-ലെ ഈ നിയമപ്രകാരം പ്രതിസന്ധിയിലായ വ്യവസായം പുനരുദ്ധരിക്കാന്‍ ഉടമയ്‌ക്കും കുടുംബത്തിനും 6 വര്‍ഷം ലഭിക്കുന്നതുകൊണ്ട് പുനരധിവാസ പദ്ധതി വിജയിക്കും.
സര്‍ഫാസി നിയമ പ്രകാരം 3 മാസം മാത്രം ലഭിക്കുമ്പോഴാണ് 1985-ലെ പുനഃരധിവാസ നിയമപ്രകാരം 6 വര്‍ഷം ലഭിക്കുന്നത്. അതിനാല്‍ നിഷ്‌ക്രിയ ആസ്തി വളരെ കുറയുകയും രാജ്യത്തിന്റെ സമ്പത്ത് തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും ഉപകാരപ്രദമായി തീരുകയും ചെയ്യും. നിഷ്‌ക്രിയആസ്തിമൂലം നഷ്ടത്തിലായ ബാങ്കുകള്‍ക്ക് ലാഭകരമായി പ്രവര്‍ത്തിക്കാന്‍ കഴിയും.
നിലവില്‍ നിഷ്‌ക്രിയആസ്തികളായി അടഞ്ഞുകിടക്കുന്ന 50 ലക്ഷം ചെറുകിട വ്യവസായങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സാധിക്കും. ഭാവിയില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 12% ത്തില്‍ അധികമാക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: