കെട്ടിപ്പിടിച്ചുകിടക്കുന്ന കുരുന്നുകളുടെ മൃതദേഹങ്ങള്‍, നിന്നനില്‍പ്പില്‍ നിലം പൊത്തുന്ന വീടുകള്‍, ആളുമായി ഒഴുകി പോകുന്ന കാറ്, കുത്തിയൊലിക്കുന്ന ചെളിവെള്ളം… കേരളം വീണ്ടുമൊരു ദുരന്തക്കയത്തിലാണ്. പ്രളയത്തിന്റെ ദുരിതം പേറുകയാണ് സംസ്ഥാനം. മുന്നറിയിപ്പ് സംവിധാനങ്ങളും മുന്നൊരുക്കങ്ങളൊക്കെയും ഉണ്ടെന്ന് പറയുമ്പോഴും പ്രകൃതി താണ്ഡവമാടി ജീവനും സ്വത്തും കവര്‍ന്നെടുക്കുന്നു. മരണസംഖ്യയും നഷ്ടക്കണക്കും തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിലും സഹായം എത്തിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ സൂക്ഷ്മതക്കുറവ് വരുത്തി എന്നതും ആശങ്കഏറ്റുന്ന കാര്യമാണ്. ഉടുതുണി പോലും മാറാന്‍ ഇല്ലാതെ സര്‍വ്വസ്വവും നഷ്ടമായവര്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നത് കേരളം പോലൊരു സംസ്ഥാനത്ത് സംഭവിച്ചുകൂടാത്തതാണ്. ദുരിതം വിതച്ച കോട്ടയത്തും ഇടുക്കിയിലും സര്‍ക്കാര്‍ സംവിധാനങ്ങളൊക്കെ നിര്ജ്ജീവമായിരന്നു. ദുരിതത്തില്‍ അകപ്പെട്ടവരെ ക്യാമ്പുകളില്‍ എത്തിച്ചെങ്കിലും പലയിടത്തും ഭക്ഷണവും വെളിച്ചവും ഇല്ലാത്ത അവസ്ഥയായിരുന്നു. സൈന്യം ഇറങ്ങിയ ശേഷം മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിന് വേഗം വന്നത്. കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ അടിയന്തര ഇടപെടല്‍ പ്രത്യേക പരാമര്‍ശിക്കപ്പെടേണ്ടതാണ്.
മഴക്കെടുതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്ഥിതിഗതികളെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് തേടിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനോട് നേരില്‍ സംസാരിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ എന്‍ഡിആര്‍എഫ് ടീമുകളെ ഉടന്‍ ഇതിനകം അയച്ചു. ഇന്ത്യന്‍ ആര്‍മിയുടെ രണ്ടു ടീമുകളെ വിന്യസിച്ചു. ഡിഫെന്‍സ് സെക്യൂരിറ്റി കോര്‍പ്സിന്റെ ടീമുകള്‍ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചു. എയര്‍ഫോഴ്സിനേയും നേവിയെയും അടിയന്തിര സാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്കി. സന്നദ്ധസേനയും സിവില്‍ ഡിഫെന്‍സും അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിട്ടുണ്ട്. എന്‍ജിനിയര്‍ ടാസ്ക് ഫോഴ്സ് ടീം ബംഗളൂരുവില്‍ നിന്നെത്തി. എയര്‍ ഫോഴ്സിന്റെ 2 ചോപ്പറുകള്‍ കോയമ്പത്തൂരിനടുത്തുള്ള സുളൂരില്‍ നിന്നും എത്തി. എയര്‍ ലിഫ്റ്റിങ് വേണ്ടി വന്നേക്കാമെന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എയര്‍ഫോഴ്സ് ഹെലികോപ്റ്റര്‍ നിയോഗിച്ചു. നേവിയുടെ ഹെലികോപ്റ്റര്‍ കൂട്ടിക്കല്‍, കൊക്കയാര്‍ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ ഭക്ഷണപ്പൊതി വിതരണം ചെയ്യാനായി നിയോഗിച്ചു.
കുറ്റപ്പെടുത്തലുകള്‍ക്കോ കുറവ് നിരത്തലുകള്ക്കോ പറ്റിയ സമയമല്ലിത്. ഒന്നിച്ച് കൈകോര്‍ത്ത് ദുരിതത്തെ നേരിടാനുള്ള നേരമാണ്. ആ ബോധ്യത്തോടെ ഒന്നിച്ചു നില്ക്കാം. ദൈവത്തിന്റെ സ്വന്തം നാട് വര്‍ഷാവര്‍ഷം ദുരിതത്തിന്റെ ഭൂമിയായി മാറുന്നു എന്നത് ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. ദുരന്തസമയത്ത് മാത്രം ആലോചിക്കുകയും പിന്നീട് വിട്ടുകളയുകയും ചെയ്യുന്ന കാര്യവുമിതാണ്. 2018 ലെ പ്രളയ ദുരിതത്തില്‍ നിന്ന് കേരളം ഒരു പാഠവും പഠിച്ചില്ലെന്നതാണ് വാസ്തവം. ദുരിതം ഉണ്ടായാല്‍ നേരിടാനുള്ള സമഗ്ര പദ്ധതികള്‍ തയ്യാറാക്കാനും നിര്‍ഭാഗ്യവശാല്‍ കഴിയുന്നില്ല എന്ന സത്യമാണ് ഈ പ്രളയവും വിളിച്ചു പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: