തിരുവനന്തപുരം: മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അപകട സാഹചര്യങ്ങളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലുണ്ടാകണം. വേണ്ടിവന്നാല്‍ മാറി താമസിക്കാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ സജ്ജമാക്കും. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. അഞ്ചു ടീമുകളെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ വിന്യസിക്കാനായി നിര്‍ദ്ദേശം നല്കിയിട്ടുണ്ടന്നും അദ്ദേഹം അറിയിച്ചു.
കരസേനയുടെ ഓരോ ടീമുകളെ തിരുവനന്തപുരത്തും, കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. കോഴിക്കോട്ടും വയനാട്ടിലും ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സിന്റെ ഓരോ ടീമുകളെയാണ് വിന്യസിച്ചിട്ടുള്ളത്. എയര്‍ഫോഴ്സിനേയും നേവിയെയും അടിയന്തിര സാഹചര്യം നേരിടാന്‍ സജ്ജരാക്കിയതായും സന്നദ്ധസേനയും സിവില്‍ ഡിഫന്‍സും അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിട്ടുണ്ടന്നും മുഖ്യമന്ത്രി അറിയിച്ചു.
ബാംഗ്ലൂരില്‍ നിന്നുള്ള എന്‍ജിനിയര്‍ ടാസ്ക് ഫോഴ്സ് ടീം മുണ്ടക്കയത്ത് എത്തും. സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രം കൂടുതല്‍ സജീവമാക്കിയിട്ടുണ്ട്. ഡാമുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുവാന്‍ കെ എസ് ഇ ബി, ജലസേചന വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രത്തില്‍ 24 മണിക്കൂറും വിന്യസിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളോടും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സുസജ്ജമായിരിക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ടന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: