ന്യൂദല്‍ഹി: സിഖുകാരുടെ മതഗ്രന്ഥത്തെ അപമാനിച്ചതിന് ഒരു സിഖ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി കര്‍ഷകരുടെ സമരവേദിയായ സിംഘുവില്‍ കെട്ടിത്തൂക്കിയ കേസില്‍ സിഖ് യുദ്ധവീരന്മാരായ രണ്ട് നിഹാങുകള്‍ കൂടി പൊലീസ് പിടിയിലായി. ഭഗ് വന്ത് സിംഗ്, ഗോവിന്ദ് സിംഗ് എന്നീ രണ്ട് പേരാണ് പഞ്ചാബ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
ഇനിയും ഇത്തരം കൊലപാതകങ്ങളും അരാജകത്വവും അരങ്ങേറാന്‍ സാധ്യതയുള്ളതിനാല്‍ സിംഗുവിലെ സമരപ്പന്തല്‍ പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
മതഗ്രന്ഥത്തെ അപമാനിച്ച യുവാവിനെ കൊന്ന ഭഗ് വന്ത് സിംഗിനെയും ഗോവിന്ദ് സിംഗിനെയും അനുയായികള്‍ മാലയിട്ട് സ്വീകരിക്കുകയും കാല്‍തൊട്ട് വന്ദിക്കുകയും ചെയ്തു. പിന്നീട് പഞ്ചാബിലെ കുണ്ട്ലി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ പോകുമ്പോഴും നിഹാങ് അനുയായികള്‍ ഇവരെ ബഹുമാനപുരസ്സരം അനുഗമിച്ചിരുന്നു.
35കാരനായ ലഖ്ബീര്‍ സിംഗ് എന്ന യുവാവിനെയാണ് നിഹാങുകള്‍ കഴിഞ്ഞ ദിവസം കര്ഷകസമരവേദിയ്ക്കരികില് ഒരു കൈവെട്ടിമാറ്റി കൊലപ്പെടുത്തിയത്. പിന്നീട് കര്‍ഷകരുടെ സമരപ്പന്തലിന് മുന്നിലെ പൊലീസ് ബാരിക്കേഡില്‍ മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തു. സിഖ് മതഗ്രന്ഥത്തെ അവഹേളിച്ചു എന്ന കുറ്റത്തിനായിരുന്നു കൊലപാതകം.
കൊലപാതകത്തിന്റെ ഭാഗമായി ഹരിയാന പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത് സര്‍വ്വ്ജിത് സിങ് എന്ന നിഹാങ് വിഭാഗക്കാരനെയാണ്. പിന്നീട് ശനിയാഴ്ച അമൃതസര്‍ പൊലീസാണ് ബാബ നാരായണ്‍ സിംഗ് എന്ന മറ്റൊരു നിഹാങുകാരനെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം നാരായണ്‍ സിംഗ് സിംഗുവില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ പൊലീസ് സ്വന്തം ഗ്രാമമായ ദേവിദാസ്പുര അമര്‍കോട്ട് ഗ്രാമത്തിലെ ഒരു ഗുരുദ്വാരയില്‍വെച്ച് പിടികൂടുകയായിരുന്നു. ഇതോടെ ഈ കൊലപാതകക്കേസില്‍ പൊലീസില്‍ പിടിയിലായ നിഹാങുകളുടെ എണ്ണം നാലായി.
അതേ സമയം പൊലീസ് ബാരിക്കേഡില്‍ സിഖ് യുവാവിനെ കെട്ടിത്തൂക്കിയത് നിഹാങ്ങുകളാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് സംയുക്ത കിസാന്‍ മോര്‍ച്ച (എസ് കെഎം) നേതാക്കള്‍ ശ്രമിക്കുന്നത്. വാസ്തവത്തില്‍ കര്‍ഷകരുടെ സമരത്തെ വളരെക്കാലമായി പിന്തുണയ്ക്കുന്നവരാണ് നിഹാങ്ങുകള്‍. ഇപ്പോള്‍ കൊലപാതകം നടന്നപ്പോള്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് കര്‍ഷക സമര നേതാക്കള്‍ ശ്രമിക്കുന്നത്.
‘തുടക്കം മുതലേ നിഹാങ്ങുകള്‍ ഞങ്ങള്‍ക്കെതിരെ പ്രശ്നമുണ്ടാക്കുകയാണ്,’ -ബല്‍ബീര്‍ സിംഗ് രജേവാള്‍ കുറ്റപ്പെടുത്തുന്നു. നിഹാങ്ങുകള്‍ സമരക്കാരുടെ ഭാഗമല്ലെന്ന് കര്‍ഷക നേതാക്കളിലൊരാളായ അഭിമന്യു കൊഹാര്‍ പറയുന്നു. സമരത്തിന്റെ നേതാക്കളായ ഭാരതീയ കിസാന്‍ യൂണിയന്(ബികെയു) നേതാവ് രാകേഷ് ടികായത്തും സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്രയാദവും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഇപ്പോള്‍ നിഹാങ്ങുകള്‍ നടത്തിയ കൊലപാതകത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന ആരോപണമുയര്‍ത്തി രക്ഷപ്പെടാനാണ് കര്‍ഷകസമരനേതാക്കള്‍ ശ്രമിക്കുന്നത്.
സിഖ് സമുദായത്തിന്റെ മതഗ്രന്ഥത്തെ അപമാനിച്ചു എന്ന് ആരോപിച്ചാണ് നിഹാങുകള്‍ സിഖ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പറയുന്നു. ലഖ് ബീര്‍ സിംഹ് എന്ന സിഖ് യുവാവിനെയാണ് ഒരു കൈ വെട്ടിമാറ്റി ക്രൂരമായി കൊന്നത്. രക്തം വാര്‍ന്നൊലിച്ചാണ് യുവാവ് മരിച്ചത്. ബാരിക്കേഡില്‍ തൂങ്ങിയാടുന്ന ലഖ്ബീര്‍ സിങിന്റെ കൈ വെട്ടിയ മൃതദേഹവും നിലത്ത് തളം കെട്ടിയ രക്തവും കാണിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ദല്‍ഹിയില്‍ സിംഗു അതിര്‍ത്തിയില്‍ തുടക്കം മുതലേ കര്‍ഷക സമരത്തില്‍ നിഹാങുകളുടെ സാന്നിധ്യമുണ്ടായിരുന്നു. കര്‍ഷകസമരവേദിയിലെ നിഹാങ്ങുകളുടെ സാന്നിധ്യം പൊലീസിന് വലിയ തലവേദനയായിരുന്നു. സമരക്കാര്‍ക്ക് സുരക്ഷ ഒരുക്കാനാണ് തങ്ങള്‍ വന്നിരിക്കുന്നതെന്ന് അന്നേ നിഹാങ്ങുകള്‍ പ്രഖ്യാപിച്ചിരുന്നു. കര്‍ഷകസമരത്തെ തുടര്‍ന്ന് അക്രമം പൊട്ടിപ്പുറപ്പെട്ട റിപ്പബ്ലിക് ദിന സമരത്തില്‍ കുതിര, പരുന്ത് തുടങ്ങിയവയുമായാണ് നിഹാങ്ങുകള്‍ എത്തിയിരുന്നത്. മൂന്ന് പരുന്തുകളും 15 കുതിരകളുമായാണ് 40 അംഗ നിഹാങ് സംഘം അന്ന് വന്നത്. നിഹാങ്ങുകളെ ഒരിയ്ക്കല്‍ പോലും കര്‍ഷകസമരനേതാക്കള്‍ തള്ളിപ്പറഞ്ഞിരുന്നില്ല. പകരം സമരത്തിന്റെ ഭാഗമായി അവരെക്കൂടി കിട്ടിയതില്‍ അഭിമാനിക്കുകയായിരുന്നു.
നിഹാങ് എന്നാല്‍ ഭയമില്ലാത്തവന് എന്നാണര്‍ത്ഥം. പത്താമത്തെ സിഖ് ഗുരുവായ ഗുരുഗോവിന്ദിന്റെ കാലത്ത് മുഗളന്മാരുമായി യുദ്ധം ചെയ്തിട്ടുള്ളവരാണ് നിഹാങുകള്‍. സിംഗുവിലെ പൊലീസ് ബാരിക്കേഡിന് മുന്പില് എപ്പോഴും ഇവരുണ്ട്. സമരക്കാരെ തൊടണമെങ്കില്‍ ആദ്യം നിഹാങുകളെ നേരിടണമെന്നതായിരുന്നു പൊലീസിന്റെ വെല്ലുവിളി. നിഹാങുകളുടെ ഈ സാന്നിധ്യം തങ്ങള്‍ക്ക് നല്ലൊരു സുരക്ഷാ വലയമായാണ് സമരക്കാരും കണ്ടിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടപ്പോള്‍ നിഹാങുകളെ തള്ളിപ്പറയുകയാണ് കര്‍ഷക നേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: