തൃശ്ശൂര്‍: നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ പുറത്തിറക്കിയ കര്‍ശന മാര്‍ഗരേഖ സ്കൂള്‍ അധികൃതര്‍ക്ക് തിരിച്ചടിയാകുന്നു. മാര്‍ഗരേഖയനുസരിച്ച് സ്കൂള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഫണ്ടില്ലാതെ പ്രധാനാധ്യാപകര്‍ നെട്ടോട്ടമോടുകയാണ്.
‘തിരികേ സ്കൂളിലേക്ക്’ എന്ന പേരില്‍109 നിര്‍ദ്ദേശങ്ങളടങ്ങിയ മാര്‍ഗരേഖയാണ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളത്. മാര്‍ഗരേഖ പ്രകാരം നടത്തേണ്ട ജോലികള്‍ക്കുള്ള ചെലവുകള്‍ ആരു വഹിക്കുമെന്നോ, ഫണ്ട് വകയിരുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ യാതൊരു നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് പ്രധാനാധ്യാപകര്‍ പറയുന്നു. രണ്ടു വര്‍ഷത്തോളം അടച്ചിട്ട സ്കൂളുകള്‍ ശുചീകരിക്കുന്നത് മുതല്‍ ക്ലാസുകളുടെ സമയ ക്രമീകരണം വരെ മാര്‍ഗ്ഗരേഖയിലുണ്ട്. ഈമാസം 25ന് മുമ്പ് സ്കൂളും പരിസരവും അണുവിമുക്തമാക്കണമെന്നും അറ്റകുറ്റപ്പണി നടത്തണമെന്നുമാണ് മാര്‍ഗരേഖയിലെ നിര്‍ദ്ദേശം.
പാലിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങള്‍, ഓരോ ബെഞ്ചിലേയും കുട്ടികളുടെ എണ്ണം, ഉച്ചഭക്ഷണ പദ്ധതി, സ്കൂള്‍ ബസ് ജീവനക്കാര്‍, മറ്റ് താത്കാലിക ജീവനക്കാരുള്‍പ്പെടെയുള്ളവരുടെ വാക്സിനേഷന് തുടങ്ങിയവയും മാര്‍ഗരേഖയിലുള്‍പ്പെടുന്നു. മാര്‍ഗരേഖയനുസരിച്ച് സ്കൂളുകള്‍ അറ്റകുറ്റപ്പണി നടത്തി തെര്‍മല്‍ സ്കാനാര്‍ സജ്ജമാക്കണം. മാസ്ക്, സാനിറ്റൈസര്‍ എന്നിവയും ഒരുക്കേണ്ടതുണ്ട്. ഓരോ ദിവസവും ക്ലാസ് കഴിഞ്ഞ് നടക്കേണ്ട അണുനശീകരണ സംവിധാനങ്ങള്‍, ഫസ്റ്റ് എയ്ഡ് കിറ്റുകള്‍, സോഡിയം ഹൈഡ്രോ ക്ലോറൈഡ് സൊലൂഷന് തുടങ്ങിയവയും സ്കൂളില്‍ സജ്ജമാക്കേണ്ടതുണ്ട്.
ഇത്തരം സജ്ജീകരണങ്ങള്‍ നടത്തുന്നതിന് ഓരോ സ്കൂളുകള്‍ക്കും വന്‍തുക ചെലവ് വരും. ഇതിനുള്ള ഫണ്ട് എവിടെ നിന്ന് വകയിരുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കാത്തതിനാല്‍ എന്തു ചെയ്യണമെന്നറിയാത്ത വിഷമഘട്ടത്തിലാണ് പ്രധാനധ്യാപകര്‍. പ്രാഥമികമായി ആവശ്യമുള്ള കാര്യങ്ങള്‍ പോലും ഉറപ്പാക്കാതെ എല്ലാ ഉത്തരവാദിത്വവും പ്രധാനാധ്യാപകരുടെ തലയില്‍ സര്‍ക്കാര്‍ കെട്ടിവെച്ചിരിക്കുകയാണെന്ന ആക്ഷേപമുണ്ട്. ഫണ്ടിന്റെ കുറവുള്ളതിനാല്‍ മാര്‍ഗരേഖ എല്ലാ സ്കൂളൂകളിലും പാലിക്കാന്‍ സാധ്യതയില്ലെന്ന് പ്രധാനധ്യാപകര്‍ പറയുന്നു.
പ്രധാനാധ്യാപകരില്ലാത്ത സ്കൂളുകളില്‍ സീനിയര്‍ അധ്യാപകരാണ് ഈ ചുമതല വഹിക്കുന്നത്. സീനിയര്‍ അധ്യാപകര്‍ക്ക് അവരുടെ ക്ലാസും പ്രധാനാധ്യാപകന്റെ ഡ്യൂട്ടിയും ഒരേ സമയം ചെയ്യേണ്ടി വരുന്നത് മാനസിക സമ്മര്‍ദ്ദത്തിനിടയാക്കും. ഭൂരിഭാഗം സ്കൂളുകളിലും നിരവധി അധ്യാപകരുടെ തസ്തികളില്‍ നിയമനം നടത്തേണ്ടതുണ്ട്. ഒഴിഞ്ഞു കിടക്കുന്ന അധ്യാപകരുടെ തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തിലെങ്കിലും നിയമനം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് അധ്യാപകര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: