ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.വി. ശ്രീധരന് മാസ്റ്റര്‍ ശതാഭിഷേകത്തികവിലേക്കു പ്രവേശിച്ചിരിക്കുകയാണെന്ന് രണ്ടു ദിവസം മുന്‍പത്തെ ജന്മഭൂമിയില് മോഹനചന്ദ്രന് എഴുതിയ മനോഹരമായ ലേഖനത്തില്‍നിന്നു അറിഞ്ഞു. കഴിഞ്ഞയാഴ്ചയില്‍ മഹിളാമോര്‍ച്ചയുടെ സംസ്ഥാനാധ്യക്ഷ അഡ്വ. നിവേദിതാ സുബ്രഹ്മണ്യനും, ഏതാണ്ട് ഒരു മാസം മുന്‍പ് ബി. ഗോപാലകൃഷ്ണനും ഇക്കാര്യം അറിയിച്ചതാണ്. ഇന്ന് ഒക്ടോബര്‍ 15 ന് വിജയദശമി ദിനത്തില്‍ തത്സംബന്ധമായ ചടങ്ങുകളും അഭിനന്ദനവും തൃശ്ശിവപേരൂരിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടക്കുന്നുണ്ടെന്നും അതില്‍ പങ്കെടുക്കണമെന്നും അവരെല്ലാം താല്പ്പര്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലനിന്ന കനത്ത മഴ മൂലം ആ യാത്രയ്ക്കു പറ്റിയ അവസ്ഥയിലായിരുന്നില്ല ഞാന്‍. കൂടാതെ കെ. രാമന്‍പിള്ള എഴുതിയ ‘ഋഷി തുല്യനായ പരമേശ്വര്‍ജി’ എന്ന ജീവചരിത്ര ഗ്രന്ഥം ചേര്‍ത്തല ചാരമംഗലത്തെ പരമേശ്വര്‍ജിയുടെ താമരശ്ശേരി ഇല്ലത്തെ പൂജയ്ക്കു വച്ച് വിജയദശമി പൂജയെടുപ്പോടെ പ്രകാശനം ചെയ്യുന്ന അവസരത്തില്‍ സന്നിഹിതനാവണമെന്ന അദ്ദേഹത്തിന്റെ താല്പര്യത്തെ ആദ്യം സമ്മതിച്ചിരുന്നതും വേണ്ടെന്നു വയ്ക്കേണ്ടി വന്നു. ഇനിയും ശ്രീധരന് മാസ്റ്റര്‍ക്ക് ഒരു വിപുലമായ അഭിനന്ദന, ആദരണപ്പരിപാടിയുണ്ടാകുമെന്ന് മനസ്സിലാക്കുന്നു. അന്നു അവിടെ ചെല്ലാമെന്ന് സമ്മതിച്ചിട്ടുണ്ട്.
വളരെ യാദൃച്ഛികമായി 1957 ലാണ് എനിക്ക് ശ്രീധരന് മാസ്റ്ററുമായി പരിചയപ്പെടാന്‍ ഇടയായത്. ഞാന്‍ ഗുരുവായൂരില്‍ പ്രചാരകനായി അധികം നാളായിരുന്നില്ല. രണ്ടാംവര്‍ഷ സംഘശിക്ഷാ വര്‍ഗിന് ചെന്നൈയിലെ പല്ലാവരത്തെ എ.എം. ജെയിന്‍സ് കോളജിലേക്കു പോകാന്‍ തൃശ്ശിവപേരൂരില്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ജില്ലാ പ്രചാരകന് പരമേശ്വര്‍ജിയുമായി എല്ലാവരും ഒരുമിച്ചിരുന്നു പരിചയപ്പെട്ടു. കെ.വി. ശ്രീധരന് എന്ന മെലിഞ്ഞു നീണ്ട ‘ഈര്‍ക്കിലി’മാര്‍ക്ക് പയ്യനെ പ്രത്യേകിച്ചും ശ്രദ്ധിച്ചു. വണ്ടിയില്‍ വച്ചു തന്നെ എന്നെ പരമേശ്വര്‍ജി ജില്ലാ പ്രമുഖ് ആയി നിശ്ചയിച്ചു. ശ്രീധരന് അന്നേ ചെവി പതുക്കെയായിരുന്നുവെന്ന് യാത്രക്കിടെ മനസ്സിലാക്കി. അതുകൊണ്ടാവാം അദ്ദേഹത്തിനോടു സംസാരിക്കുന്നവര്‍ ദേഷ്യപ്പെടുകയാണെന്നു തോന്നുമായിരുന്നു. പൂജനീയ ഗുരുജി, സര്‍കാര്യവാഹ് മാ: ഏകനാഥ്ജി റാനഡേ മുതലായവരുടെ പരിചയ ബൈഠക്കുകളില്‍ അവര്‍ ഓരോ കാര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ ശ്രീധരനു ഉത്തരം നല്കാന് ശങ്കയായിരുന്നു. കേള്വിക്കുറവിനെപ്പറ്റി പരമേശ്വര്‍ജി അവരോടു സൂചിപ്പിച്ചു. അതില്‍ അവര്‍ കാണിച്ച പരിഗണന ശ്രീധരന്റെ ശങ്ക അകറ്റുന്നതിനും ആത്മവിശ്വാസം ഉയരുന്നതിനും പര്യാപ്തമായിരുന്നു. ചര്‍ച്ചാ വേളകളില്‍ ശ്രീധരന് വളരെ സജീവമായത് ഏതാനും ദിവസങ്ങള്‍ക്കുശേഷമായിരുന്നു.
ആ സംഘശിക്ഷാവര്‍ഗ് നടന്ന കോളജ് കെട്ടിടവും മറ്റും ജാംബവാന്റെ കാലത്തെതാണെന്ന് തോന്നിക്കുമായിരുന്നു. കോളജിന് പിന്നില്‍ വിശാലമായി കാടുപിടിച്ചുകിടന്ന റെയില്‍വേ സ്ഥലത്തായിരുന്നു ‘ഒന്നി’നും ‘രണ്ടി’നുമൊക്കെ പോകേണ്ടിയിരുന്നത്. തൊട്ടപ്പുറത്തുകൂടി വൈദ്യുതത്തീവണ്ടികള്‍ ഏഴുമിനിറ്റില്‍ ഒന്നുവെച്ചു പാഞ്ഞുകൊണ്ടിരുന്നു. തെക്കന്‍ തമിഴ്നാട്ടിലേക്കും തിരുവനന്തപുരത്തേക്കുമുള്ള കരിവണ്ടികളും ഉണ്ടായിരുന്നു. അധികം അകലെയല്ലാതെ മീനാംബാക്കം വിമാനത്താവളവും താംബരത്തെ വായുസേനാ കേന്ദ്രവും മൂലം വിമാനങ്ങളുടെ ശബ്ദവും കോലാഹലം തന്നെ സൃഷ്ടിച്ചു.
അവിടെനിന്ന് മടങ്ങിയെത്തിയശേഷം ഗുരുവായൂരില്‍നിന്ന് ഇടയ്ക്കിടെ തൃശ്ശിവപേരൂരില്‍ വന്നപ്പോള്‍ അവിടത്തെ സ്വയംസേവകരെ പരിചയപ്പെടാന്‍ അവസരമുണ്ടായി. അവരെല്ലാം തന്നെ സംഘചരിത്രത്തില് തങ്ങളുടെ പങ്കുകള്‍ പ്രശസ്തമായി നിര്‍വഹിച്ചു കഴിഞ്ഞു. ശ്രീധരന് അധ്യാപക പരിശീലനം കഴിഞ്ഞു ‘മാഷാ’യി മാറി. നഗരത്തിലെയും പരിസരങ്ങളിലെയും മിക്ക സ്വയംസേവരുടെയും വീടുകളില്‍ പോകാനുമവസരമുണ്ടായി. പരമേശ്വര്ശിക്കും ഹരിയേട്ടനുമൊപ്പമാണ് ശ്രീധരന് മാസ്റ്ററുടെ വീട്ടില്‍ പോയത്. അതിനടുത്തു തന്നെ കൊച്ചി പോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന അയ്യംനത്ത് ദാമോദര മേനോന്റെ വീടുമുണ്ടായിരുന്നു.
പിന്നീട് കണ്ണൂര്‍ ജില്ലയിലേക്കും തുടര്‍ന്നു കോട്ടയത്തേക്കും മാറിയ ആറേഴു വര്‍ഷക്കാലത്ത് തൃശ്ശിവപേരൂരുമായുള്ള ബന്ധം നേര്‍ത്തുപോയിരുന്നു. 1967 ല്‍ ജനസംഘം സംഘടനാ കാര്യദര്‍ശിയുടെ ചുമതല ലഭിച്ചതിന് ശേഷം അവിടത്തെ പഴയ കോവിലകത്തു സംസ്ഥാമൊട്ടാകെയുള്ള ജനസംഘപ്രവര്ത്തകര്ക്കായുള്ള പഠനശിബിരം നടത്തപ്പെട്ടു. ദീനദയാല്‍ജിയായിരുന്നു ശിബിരത്തില്‍ എത്തിയ നേതാവ്. ഏകാത്മമാനവദര്‍ശനം സാധാരണ ജനസംഘപ്രവര്ത്തകര്ക്ക് നന്നായി മനസ്സിലാക്കിക്കാനുള്ള ദീനദയാല്‍ജിയുടെ യജ്ഞത്തിന്റെ ഭാഗമായിരുന്നു. ശിബിരം തെരഞ്ഞെടുക്കപ്പെട്ട കാര്യകര്‍ത്താക്കള്‍ക്കായി നടത്തപ്പെട്ട ആ ശിബിരത്തില്‍ അദ്ദേഹം ഏതാണ്ടു ഗുരുകുലത്തിന് സമാനമായ വിധത്തില്‍ തന്റെ ചിരപുരാതനവും നിത്യനൂതനവുമായ ആശയാദര്ശനങ്ങളെ പ്രവര്‍ത്തകര്‍ക്ക് വിശദീകരിച്ചുകൊടുത്തു. ആസന്നമായ അഖിലഭാരത സമ്മേളനം കോഴിക്കോട്ടായിരിക്കും എന്നു നിര്ണയിക്കപ്പെട്ടിരുന്നെങ്കിലും അധ്യക്ഷനെ തെരഞ്ഞെടുത്തിരുന്നില്ല. അധ്യക്ഷ സ്വീകരണവും ഘോഷയാത്രയും എങ്ങനെ വേണമെന്നുവരെ ദീനദയാല്‍ജി വിശദീകരിച്ചിരുന്നു.
പഠനശിബിരം കഴിഞ്ഞ ദിവസം സായാഹ്നത്തില്‍ സ്വരാജ് റൗണ്ടിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ വിശദീകരണ യോഗം നടത്തപ്പെട്ടു. പഠനശിബിരത്തിന്റെ വാര്‍ത്തകള്‍ ചില പത്രങ്ങളില്‍ വന്നതില്‍ കമ്യൂണിസ്റ്റ് പത്രമായ നവജീവനിലും ദേശാഭിമാനിയിലും ജനസംഘത്തെ അധിക്ഷേപിച്ചുകൊണ്ട് ലേഖനങ്ങള്‍ വന്നിരുന്നു. ഏതാനും സംസ്ഥാനങ്ങളില്‍ സിപിഐയും ജനസംഘവുമുള്പ്പെട്ട സംയ്കുത വിധായക് ദള്‍ ഭരണം നടക്കുന്ന കാലം. പഞ്ചാബ് മുതല്‍ ബംഗാള്‍ വരെ കോണ്‍ഗ്രസ്സ് ഭരണമില്ലാത്തയിടങ്ങളിലൂടെ യാത്ര ചെയ്യാമെന്ന സ്ഥിതി. എന്നിട്ടും ജനസംഘത്തെ ചെളിവാരിയെറിഞ്ഞ പൂരപ്പാട്ടുകളായിരുന്നു അവരുടേത്.
വിദ്യാര്‍ത്ഥി കോര്‍ണറിലെ സ്വാഗത പ്രസംഗം ശ്രീധരന്മാസ്റ്ററുടെതായിരുന്നു. യോഗത്തില്‍ ശ്രോതാക്കളുടെ സംഖ്യ നൂറില്‍ കൂടുതലുണ്ടായിരുന്നില്ല. മാസ്റ്റര്‍ പ്രസംഗത്തില്‍ കമ്യൂണിസ്റ്റുകള്‍ക്കെതിരെ കത്തിക്കയറി. തികച്ചും പരിപക്വമായിരുന്ന ആ പ്രസംഗം ഇപ്പോഴും മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു. പിന്നീട് ദീനദയാല്‍ജിക്ക് തൃശ്ശിവപേരൂരില്‍ വരാന്‍ അവസരമുണ്ടായിട്ടില്ല. അതേ വിദ്യാര്‍ത്ഥി കോര്‍ണറില്‍ പില്ക്കാലത്ത് അടല്‍ജിക്കും അദ്വാനിജിക്കും സ്വീകരണം നല്കപ്പെട്ടപ്പോള് പതിനായിരക്കണക്കിന് ജനതതി തടിച്ചുകൂടിയത് കണ്ടപ്പോള്‍, ദീനദയാല്‍ജി പങ്കെടുത്ത യോഗത്തിലെ ശ്രീധരന്‍മാസ്റ്ററുടെ സ്വാഗത പ്രഭാഷണം ഓര്മ വന്നു.
കെ.ജി. മാരാര്‍ അന്തരിച്ചതിനെ തുടര്‍ന്ന് ശ്രീധരന് മാസ്റ്ററെ അധ്യക്ഷസ്ഥാനത്തേക്ക് ഒ. രാജഗോപാല്‍ നിര്‍ദേശിച്ചപ്പോള്‍ പലരും നെറ്റിചുളിച്ചിരുന്നു. മാരാര്‍ജിയുടെ ഭൗതികദേഹം ജന്മഭൂമിയുടെ മുന്നില്‍ ദര്‍ശനത്തിന് കിടത്തിയിരുന്നപ്പോള്‍ പത്രാധിപരുടെ മുറിയില്‍ രാജേട്ടന് അനൗപചാരികമായി സാധ്യതകളെപ്പറ്റി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്യുകയായിരുന്നു. കേള്‍വിക്കുറവ് ചിലര്‍ ഉന്നയിച്ചുവെങ്കിലും ഉത്തമമായ നിയുക്തിയാവുമത് എന്ന് പൊതുവേ അഭിപ്രായ ഐക്യമുണ്ടായി.
വര്‍ഷങ്ങള്‍ക്കുശേഷം ജനസംഘത്തിന്റെയും, ഭാരതീയ ജനതാ പാര്‍ട്ടിയുടെയും ചരിത്രം തയാറാക്കാന്‍ പുറപ്പെട്ടപ്പോള്‍ മുന്‍ സംസ്ഥാനാധ്യക്ഷന്മാരെ കാണാന്‍ ഞാന്‍ ശ്രമിച്ചു. ശ്രീധരന്‍മാസ്റ്ററുടെ വീട്ടില്‍ പോയി. അദ്ദേഹം തന്റെ പത്നിക്കു ലഭിച്ച സിവില്‍ലൈനിലെ വസതിയില്‍ വന്നിരുന്നു. സ്വന്തം സ്ഥലത്ത് വീടുപണിയാനായി തറയിട്ടിരുന്നു. അതു ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും അതിനു മുകളിലേക്കുയരാതെ കഴിയുകയായിരുന്നു. വീണ്ടും അതു തുടരാന്‍ ആ തറയില്‍ പറ്റില്ല എന്ന വിദഗ്ധാഭിപ്രായം അദ്ദേഹത്തെ വിഷമത്തിലാക്കി. ആ തറ പൊളിച്ചു പുതിയത് നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു. വളരെ സമയം മാസ്റ്ററുമായി വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. തന്റെ കൈവശമുണ്ടായിരുന്ന ഏറെ ലഘുലേഖകള്‍ തന്നു. ഭക്ഷണകാര്യത്തിലാണ് പ്രശ്നം വന്നത്. എനിക്ക് പഞ്ചസാര കൂടുതലായതിനാലും, ഉയര്‍ന്ന രക്തസമ്മര്ദ്ദംമൂലവുമുള്ള ഭക്ഷണ നിയന്ത്രണത്തിന് നേര്‍വിപരീതമായി മാസ്റ്റര്‍ക്ക് താഴ്ന്ന ബിപിയും പഞ്ചസാരയും. കറികള്‍ക്കൊക്കെ ‘ഭയങ്കര ഉപ്പ്.’ മാഷിനും ധര്‍മപത്നിക്കും വല്ലാത്ത മനപ്രയാസമുണ്ടായി. ഞാന്‍ ഉപ്പില്ലാത്ത വെറും ചോര്‍ കഴിച്ചും മധുരമില്ലാത്ത ചായ കുടിച്ചും സല്‍കൃതനായി. അതിനേക്കാള്‍ ഏറെ പ്രാധാന്യമുള്ള സന്ദര്‍ശനോദ്ദേശ്യം സഫലമായി എന്ന സന്തോഷത്തോടെ മടങ്ങുകയായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ശ്രീധരന് മാസ്റ്റര്‍ വീയൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിസാ തടവുകാരനായി കഴിഞ്ഞു. അവിടെയും അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വടക്കാഞ്ചേരിയിലെ വ്യാസ കോളജില്‍ ജീവനക്കാരനും, തലപ്പിള്ളി താലൂക്കിലെ മുന്‍കാല സ്വയംസേവകന് വി.കൃഷ്ണന് തന്റെ സ്മരണകളില്‍ ഹൃദയംഗമമായി വിവരിച്ചിട്ടുണ്ട്. ആ പുസ്തകം പുറത്തുവരുമ്പോള്‍ നമുക്ക് വായിക്കാമെന്ന് പ്രതീക്ഷിക്കുന്നു.
തന്റെ ജീവിതം മുഴുവന്‍ സമാജസേവനത്തിന് ചെലവഴിച്ച ശ്രീധരന്‍മാസ്റ്റര്‍ക്ക് ആഹ്ലാദകരവും ദീര്‍ഘവുമായ ശിഷ്ടജീവിതം നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: