തിരുവനന്തപുരം : ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ ബസ് മുങ്ങിയതില്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് സസ്പെന്ഷന്. പൂഞ്ഞാര്‍ സെന്റ്മേരീസ് പള്ളിക്ക് മുന്നില്‍ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ വണ്ടിയോടിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട ഡിപ്പോയിലെ ജയദീപ് സെബാസ്റ്റ്യനെയാണ് സസ്പെന്‍ഡ് ചെയ്തത്.
വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കിയെന്ന പേരില്‍ ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയാണ് ജയദീപിനെ സസ്പെന്‍ഡ് ചെയ്യിപ്പിച്ചത്. വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ജയദീപ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചതോടെ അധികൃതര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്.
അധികം വെള്ളം ഇല്ലാതിരുന്ന റോഡിലൂടെ കടന്ന് പോകാമെന്ന പ്രതീക്ഷയിലാണ് ജയ്ദീപ് ബസ് മുന്നോട്ട് എടുത്തത്. ചെറിയ വണ്ടികള്‍ക്ക് പോകാനായി ബസ് ഇടയ്ക്ക് നിര്ത്തിയുംക്കൊടുത്തു. ഇതിനിടെ മീനച്ചിലാറ്റില്‍ നിന്നും ഇരച്ചെത്തിയ വെള്ളത്തില്‍ ബസ് നിന്നുപോവുകയായിരുന്നു. ഇത് പിന്നീട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ മഴവെള്ളക്കെട്ടില്‍ മുങ്ങിയ ബസ്സിലെ യാത്രക്കാരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. വടം ഉപയോഗിച്ച് ബസ് വെള്ളത്തില്‍ നിന്ന് വലിച്ചുകയറ്റി.
എന്നാല്‍ വാഹനം തകരാര്‍ മൂലം വഴിയില്‍ നിന്ന് പോയതാണെന്ന് ജയദീപ് കെഎസ്ആര്‍ടിസിക്ക് നല്കിയ പരാതിയും പുറത്തിവന്നിട്ടുണ്ട്. മീനച്ചിലാറ്റിലെ തടയണ ഉയര്‍ത്തി നിര്‍മിച്ചതോടുകൂടിയാണ് ഈ റോഡില്‍ വെള്ളം കയറാന്‍ തുടങ്ങിയത്.
‘എന്നെ സസ്പെന്‍ഡ് ചെയ്ത കെഎസ്ആര്‍ടിസിയിലെ കൊണാണ്ടന്മാര് അറിയാന്‍ ഒരു കാര്യം. എപ്പോഴും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്പെന്‍ഡ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാന്‍ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യണമെന്ന് ജയദീപ് ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു.
തനിക്ക് ചാടി നീന്തി പോകാന്‍ അറിയാഞ്ഞിട്ടില്ലെന്നും എല്ലാവരേയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും ജയദീപ് പറയുന്നു. മുന്നോട്ട് പോകുമ്പോള്‍ യാത്രക്കാര്‍ തന്നെ ചീത്തവിളിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സംഭവ സമയത്തെ വീഡിയോയും ജയദീപ് പുറത്തുവിട്ടിട്ടുണ്ട്. തന്റെ ഫേസ് ബുക്ക് പേജിലൂടെ രൂക്ഷമായ ഭാഷയിലുള്ള നിരവധി പോസ്റ്റുകളാണ് അദ്ദേഹം ഇതുസംബന്ധിച്ച് പങ്കുവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: