കോട്ടയം : ശക്തമായ മഴയിലും ഉരുള്‍പ്പൊട്ടലിലും കാണാതായ അഞ്ച് പേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത രണ്ടു മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെടുത്തത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി ഒരു കുഞ്ഞിന്റേത് ഉള്‍പ്പടെ വിവിധയിടങ്ങളില്‍ നിന്നായി അഞ്ചുപേരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെടുത്തത്.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വലിയ പാറകളും മണ്ണും അടിഞ്ഞുകൂടി മരിച്ച പലരുടേയും ശരീരഭാഗങ്ങള്‍ മാത്രമാണ് കണ്ടെടുത്തതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗതാഗത തടസ്സം ഉണ്ടായതും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ദുര്‍ഘടമാക്കുന്നുണ്ട്.
ഉരുള്‍പ്പൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലില്‍ കഴിഞ്ഞ ദിവസം മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച കണ്ടെടുത്തിരുന്നു. ഇന്ന് കൂട്ടിക്കലിലെ കാവാലിയിലും പ്ലാപ്പള്ളിയിലുമായി നാലുപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
കൊക്കയാറില്‍ ഏഴ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിനായി ഡോഗ് സ്ക്വാഡിനേയും എത്തിച്ചിട്ടുണ്ട്. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും എത്തിക്കുന്നുണ്ട്. കൊക്കയാറില്‍ കാണാതായ എട്ട് പേരില്‍ അഞ്ചു പേരും കുട്ടികളാണ് എന്നാണ് വിവരം.
കൊക്കയാറില്‍ നേരത്തെ ഏഴ് പേരേയാണ് കാണാതായതെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ഇവിടെ എട്ട് പേരെയാണ് കാണാതായിട്ടുള്ളത്. പെരുവന്താനത്ത് നിന്ന് ഒരാളുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. മന്ത്രിമാരായ കെ.രാജന്, വി.എന്‍.വാസവന്, റോഷി അഗസ്റ്റി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: