ന്യൂദല്‍ഹി: നേതൃമാറ്റം ആവശ്യപ്പെട്ട മുതിര്‍ന്ന നേതാക്കളെ ഒരിക്കല്‍ക്കൂടി നിശ്ശബ്ദരാക്കി സോണിയാ ഗാന്ധി. താന്‍ താല്‍ക്കാലിക പ്രസിഡന്റ് അല്ലെന്നും സ്ഥിരം അധ്യക്ഷയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ വ്യക്തമാക്കി. അധ്യക്ഷ പദവി ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് രാഹുല്‍ ഗാന്ധി അറിയിക്കുകകൂടി ചെയ്തതോടെ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഉടനെങ്ങും നെഹ്റു കുടുംബത്തിന് പുറത്തേക്ക് പോവില്ലെന്ന് ഉറപ്പായി.
കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷന്‍ വേണമെന്നാവശ്യപ്പെട്ട് ജി23 എന്നറിയപ്പെടുന്ന കോണ്‍ഗ്രസിലെ വിമത നേതാക്കള്‍ക്കുള്ള മറുപടിയായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ സോണിയ നിലപാട് വ്യക്തമാക്കിയത്. മുതിര്‍ന്ന നേതാക്കളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച അവര്‍ നേതൃമാറ്റം വേണമെന്ന ആവശ്യവും തള്ളി. പുതിയ പ്രസിഡന്റിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം സപ്തംബറില്‍ നടത്തിയാല്‍ മതിയെന്നും പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. തന്നോട് സംസാരിക്കാന്‍ മാധ്യമങ്ങളെ ഇടനിലക്കാരാക്കേണ്ടതില്ലെന്നും അച്ചടക്കമാണ് പാര്‍ട്ടിക്ക് ആവശ്യമെന്നും മുതിര്‍ന്ന നേതാക്കളെ വിമര്‍ശിച്ചുകൊണ്ട് സോണിയ പറഞ്ഞു. നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയയ്ക്ക് അയച്ച കത്ത് മാധ്യമങ്ങളില്‍ വാര്‍ത്തയായതാണ് സോണിയയെ ചൊടിപ്പിച്ചത്.
കോണ്‍ഗ്രസ്സിന്റെ മുമ്പോട്ട് പോക്കിന് നേതൃമാറ്റം അനിവാര്യമാണെന്ന് ഗുലാം നബി ആസാദ് ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ നിരന്തരം ആവശ്യമുന്നയിച്ചെങ്കിലും ഇതൊന്നും പരിഗണിക്കേണ്ടതില്ലെന്നായിരുന്നു പ്രവര്‍ത്തകസമിതി യോഗത്തിലെ സോണിയ ഗാന്ധിയോട് അടുപ്പമുള്ളവരുടെ നിലപാട്. രാഹുല്‍ പാര്‍ട്ടിയെ നയിക്കണമെന്ന ആവശ്യം രാഹുലിന്റെ വിശ്വസ്തനായ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് യോഗത്തില്‍ മുന്നോട്ടു വച്ചു. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് തുടങ്ങിയവര്‍ ഈ ആവശ്യത്തെ പിന്തുണച്ചു. ആലോചിക്കാമെന്ന അനുകൂല മറുപടിയാണ് രാഹുല്‍ നല്‍കിയത്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാഹുല്‍ അധ്യക്ഷ സ്ഥാനം രാജിവച്ചത്. ഇതിന് പിന്നാലെ പാര്‍ട്ടിയില്‍ നേതൃസ്ഥാനത്തെ ചൊല്ലി തര്‍ക്കങ്ങളും തുടങ്ങി. തുടര്‍ന്ന് സോണിയ ഇടക്കാല അധ്യക്ഷയാവുകയായിരുന്നു.
ഇപ്പോള്‍ താന്‍ ഇടക്കാല അധ്യക്ഷയല്ലെന്നും സ്ഥിരം അധ്യക്ഷയാണെന്നും സോണിയ വ്യക്തമാക്കിയതോടെ രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ തയ്യാറാവുന്നതു വരെ അധ്യക്ഷയായി അവര്‍ തുടരുമെന്ന് ഉറപ്പായി. കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ രൂക്ഷമാക്കാനിടയുള്ള തീരുമാനമാണ് സോണിയാഗാന്ധിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: