തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ കേരളത്തിലെ ഡാമുകളില്‍ വെള്ളം സംഭരിച്ച് നിര്‍ത്താതെ കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാന് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. മഴ കനത്തത് മൂലം കേരളത്തിലെ ഡാമുകള്‍ എല്ലാം സംഭരണശേഷിയുടെ അടുത്ത് എത്തിക്കഴിഞ്ഞു. അതിനാല്‍, കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിച്ച് ഡാമുകളിലെ ജലനിരപ്പ് കുറയ്ക്കാനാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. 2018ല്‍ ഡാമുകള്‍ ഒന്നിച്ച് തുറന്നുവിട്ടതോടെ കേരളം പ്രളയത്തില്‍ മുങ്ങിയിരുന്നു. ഇതിന്റെ അടിസ്ഘാനത്തിലാണ് കേരളത്തിന് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജലവൈദ്യുത നിലയങ്ങളില്‍നിന്നുള്ള ഉല്‍പ്പാദനം കൂട്ടി കേന്ദ്ര പൂളിലേക്ക് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗം കുറവായ രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെ ഇടുക്കി ഉള്‍പ്പെടെയുള്ള നിലയങ്ങളിലെ വൈദ്യുതി ഉല്‍പ്പാദനം പരമാവധി കൂട്ടാനാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര ഊര്‍ജ സെക്രട്ടറിയാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.
വൈദ്യുതി ക്ഷാമത്തിന് കേരളം കേന്ദ്രത്തെ പഴിക്കുമ്പോള്‍ സംസ്ഥാനത്ത് പണി തീരാതെ കിടക്കുന്നത് 782.6 മെഗാവാട്ട് ശേഷിയുള്ള 103 ചെറുകിട, ഇടത്തരം ജലവൈദ്യുത പദ്ധതികളാണ്. മാറി വരുന്ന സര്‍ക്കാരുകള്‍ ജലവൈദ്യുത പദ്ധതികളെ തഴയുമ്പോള്‍ ഖജനാവ് കാലിയാക്കുന്ന വെള്ളാനകളായി മാറുകയാണ് ഇവ. 3600-4000 മെഗാവാട്ട് വരെ പീക്ക് സമയത്ത് വൈദ്യുതി ഉപയോഗമുള്ള കേരളത്തില്‍ നിലവില്‍ പരമാവധി ഉത്പാദിപ്പിക്കാനാകുക 1700 മെഗാവാട്ട് മാത്രം. പല വൈദ്യുത നിലയങ്ങളിലും ജനറേറ്ററുടെ കാലപ്പഴക്കവും അറ്റകുറ്റപ്പണിയും മൂലം ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ട്.
ശരാശരി 1400 മെഗാവാട്ട് മാത്രമാണ് ഇപ്പോള്‍ ഉത്പാദനം. 90 മെഗാവാട്ട് ശേഷിയുള്ള കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴ, തൃശ്ശൂരിലെ പെരിങ്ങല്‍ക്കുത്ത്-24 മെഗാവാട്ട്, പത്തനംതിട്ടയിലെ അച്ചന്‍കോവില്‍-30, ഇടുക്കി ജില്ലയിലെ പാമ്പാര്‍-40, തൊട്ടിയാര്‍-40, ചെങ്കുളം ഓഗ്മെന്റേഷന്-24, അപ്പര്‍ ചെങ്കുളം-24, ചിന്നാര്‍-24, എറണാകുളത്തെ ഭൂതത്താന്‍കെട്ട്-24 മെഗാവാട്ട് തുടങ്ങിയ പദ്ധതികളെല്ലാം ഇഴഞ്ഞ് നീങ്ങുകയാണ്. ഇടുക്കിയിലെ 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്കീം നിര്‍മാണം തുടങ്ങിയിട്ട് 15 വര്‍ഷം പിന്നിട്ടു.
ഇവയില്‍ നിന്ന് വര്‍ഷത്തില്‍ മഴയുള്ള ആറ് മാസം മാത്രമെ വൈദ്യുതി ലഭിക്കുകയുള്ളുവെന്നതാണ് നിര്‍മാണം വൈകുന്നതിന്റെ കാരണമായി പറയുന്നത്. അതുകൊണ്ടുതന്നെ നിര്‍മാണത്തില്‍ വകുപ്പ് കാര്യമായി ശ്രദ്ധിക്കുന്നില്ല. സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് സംസ്ഥാനത്ത് പതിവായി വൈദ്യുതി പ്രതിസന്ധിയുണ്ടാകുന്നത്. 2018ലും സമാന സാഹചര്യമുണ്ടായി. അന്നും വൈദ്യുതി വില കുതിച്ചുയര്‍ന്നപ്പോള്‍ കൂടുതല്‍ തുക മുടക്കി വാങ്ങാനാകാതെ കേരളത്തിന് പിന്‍വാങ്ങേണ്ടി വന്നു. വേനല്‍ക്കാലത്ത് സംസ്ഥാനത്ത് കാര്യമായ വൈദ്യുതി പ്രതിസന്ധി അടുത്തകാലത്തുണ്ടായിട്ടുമില്ല. എല്ലാത്തിനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം മുന്‍ അനുഭവങ്ങളുണ്ടായിട്ടും പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വിമുഖത കാട്ടിയതാണ് നിലവില്‍ സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത്.
ജനറേറ്റര്‍ നന്നാക്കുന്നു കേരളത്തില്‍ ഇപ്പോള്‍ വൈദ്യുതിക്കമ്മിയുണ്ട്. വേണ്ടത്ര ഉത്പാദിപ്പിക്കുന്നില്ല. കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി കുറഞ്ഞാല്‍ ഇടുക്കി പദ്ധതിയിലെ അറ്റകുറ്റപ്പണിയിലുള്ള ജനറേറ്റര്‍ പ്രവര്‍ത്തന ക്ഷമമാക്കി പ്രശ്നം താല്‍ക്കാലികമായി പരിഹരിക്കാനാണ് ശ്രമം. അതുകൊണ്ട് പ്രശ്നം പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിയുകയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: