കോട്ടയം : ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കോട്ടയത്തെ കൂട്ടിക്കല്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. കൂട്ടിക്കല്‍ പ്ലാപ്പള്ളി ഭാഗത്ത് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്തെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഉരുള്‍പൊട്ടലില്‍ മൂന്ന് വീടുകള്‍ ഒലിച്ചു പോയി. 10 പേരെ കാണാതായതായാണ് വിവരം. കാണാതായവരില്‍ ആറു പേര് ഒരു വീട്ടിലെ അംഗങ്ങളാണ്. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
ഗതാഗതം തടസ്സപ്പെട്ടതിനാല്‍ പ്രദേശത്തേയ്ക്ക് രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വെള്ളപ്പൊക്കമാണ് ഇപ്പോള്‍ പ്രദേശത്ത് ഉണ്ടായിരിക്കുന്നത്.
കൂട്ടിക്കല്‍ കവലയില്‍ ഒരാള്‍പൊക്കത്തില്‍ വെള്ളമുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാര്‍ഗം പ്രദേശത്ത് എത്താന്‍ നിലവില്‍ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.
അതേസമയം കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ – രജിസ്ട്രേഷന് വകുപ്പു മന്ത്രി വി.എന്‍. വാസവന് അറിയിച്ചു. ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കല്‍ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയില്‍ മന്ത്രി ഉടന്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.
അടിയന്തിര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സാരംഗ് എം17 ഹെലികോപ്ടറുകളും. സുളൂര്‍ എയര്‍ ബേസില്‍ നിന്ന് കൂടുതല്‍ ഹെലികോപ്ടറുകളെത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കനത്ത വെള്ളപ്പൊക്കത്തില്‍ പ്രദേശത്തെ പലരും വീടുകള്‍ക്ക് മുകളിലായി രക്ഷാപ്രവര്‍ത്തകര്‍ക്കായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
അതിനിടെ പാലക്കാട് ജില്ലയില്‍ കൂടി കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു ഇതോടെ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നിവയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച മറ്റ് ജില്ലകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: