തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഓഫീസ് അറ്റന്‍ഡന്റ് വിഭാഗത്തില്‍ ഒഴിഞ്ഞു കിടക്കുന്ന 220 തസ്തികകള്‍ നിര്‍ത്തലാക്കി. വിവിധ വകുപ്പുകളില്‍ ആവശ്യം വരുന്ന മുറയ്ക്ക് ഇതേ തസ്തികയോ മറ്റു തസ്തികകളോ സൃഷ്ടിക്കാനാണ് തീരുമാനം. താല്‍ക്കാലിക ജീവനക്കാരെ തിരുകിക്കയറ്റുകയാണ് നീക്കമെന്നാണ് ആരോപണം.
ഇ ഓഫീസ് സംവിധാനം വന്നതോടെ ഓഫീസ് അറ്റന്‍ഡന്റ് വിഭാഗത്തിന്റെ ജോലിയില്ലാതായെന്നും ഈ വിഭാഗത്തില്‍ അധിക ജീവനക്കാരുണ്ടെന്നുമാണ് സെക്രട്ടേറിയറ്റിലെ ഭരണ സംവിധാനം പരിഷ്കരിക്കുന്നതിനായി മുഖ്യമന്ത്രി നിയമിച്ച ഉദ്യോഗസ്ഥതല സമിതി കണ്ടെത്തിയത്. അതിനാല്‍ ഇവരെ മറ്റു വകുപ്പുകളിലേക്കു പുനര്‍വിന്യസിക്കണമെന്നും റിപ്പോര്‍ട്ട് നല്കി. തുടര്‍ന്നാണ് 220 തസ്തികകള്‍ നിര്‍ത്തലാക്കിയത്.
എന്നാല്‍ സെക്രട്ടേറിയറ്റില്‍ ഇതുവരെയും ഇ ഫയല്‍ സംവിധാനം പൂര്‍ണമാക്കിയിട്ടില്ല. ചില വകുപ്പുകളില്‍ മാത്രമാണ് നടപ്പാക്കിയിട്ടുള്ളത്. മറ്റെല്ലാ വകുപ്പുകളിലും കൂടാതെ രഹസ്യ വിഭാഗത്തിലെ ഫയലുകളും ഇപ്പോഴും പഴയപോലെ കടലാസ്സില്‍ തന്നെയാണ്. അതിനാല്‍ ശേഷിക്കുന്ന ഓഫീസ് അറ്റന്‍ഡന്റുമാര്‍ക്ക് ജോലിഭാരം കൂടും. ഒരു സെക്ഷനില്‍ ഒരു അറ്റന്‍ഡന്റും രണ്ടോ മൂന്നോ ഓഫീസര്‍മാര്‍ക്ക് ചേര്‍ന്ന് പ്രത്യേകം ഒരു അറ്റന്‍ഡന്റും എന്നതുമാണ് നിലവിലെ കണക്ക്. 220 തസ്തികകള്‍ ഇല്ലാതാകുന്നതോടെ മറ്റുള്ളവരെ പുനര്‍ വിന്യസിക്കും. ജോലിഭാരം കൂടുമ്പോള്‍ ഫയലുകള്‍ നീങ്ങാന്‍ കാലതാമസമെടുക്കും. അതോടെ താല്‍ക്കാലിക ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കാം. പിന്നാലെ സ്ഥിരപ്പെടുത്തുകയും കൂടുതല്‍ പേര്‍ക്ക് ജോലി നല്കി എന്ന് അവകാശപ്പെടുകയുമാകാം. ഇതാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: