കോട്ടയം : സംസ്ഥാനത്ത് മഴ കനത്തതോടെ രക്ഷാ പ്രവര്‍ത്തനത്തിനായി വ്യോമസേനയെത്തും. ഈരാറ്റുപേട്ട, മുണ്ടക്കയം എന്നിങ്ങനെ കനത്ത മഴയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായാണ് വ്യോമസേനയെത്തുക.
കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖല കനത്തമഴയില്‍ പൂര്‍ണ്ണമായും വെള്ളത്തിലാണ്. കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ 13 പേരെ കാണാതായി. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കിട്ടി. വീടുകള്‍ പൂര്‍ണ്ണമായി ഒലിച്ചു പോയി. അമ്പതോളം പേരെ മാറ്റി പാര്‍പ്പിച്ചു.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി പേരാണ് വീടുകള്‍ക്ക് മുകളില്‍ കാത്ത് കഴിയുന്നത്. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടിയത്. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കല്‍ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയില്‍ മന്ത്രി ഉടന്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മുണ്ടക്കയം- എരുമേലി ക്രോസ് വേ വെള്ളപ്പൊക്കത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. കാഞ്ഞിരിപ്പള്ളി ടൗണിലും വെള്ളം കയറി. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങളെല്ലാം മാറ്റുകയാണ്. ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിനായി കരസേനയെ വിന്യസിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യത്തില്‍ എല്ലാ വകുപ്പുകളും ദുരന്ത നിവാരണത്തിന് മുന്നിട്ടിറങ്ങാനും പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: