തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ. ഇന്ന് പുലര്‍ച്ചെ മുതല്‍ പല സ്ഥലങ്ങളിലും കനത്ത മഴയാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരത്ത് ഇടിയോടു കൂടിയ മഴ ശക്തമാണ്. രാത്രി മുതല്‍ തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും മഴ തുടരുകയാണ്. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കൊല്ലം ജില്ലയിലും മഴ തുടരുന്നു. രാത്രി മുഴുവന്‍ ശക്തമായി മഴ പെയ്തു. ജില്ലയുടെ കിഴക്കന്‍ മേഖലയിലും മഴയുണ്ട്.
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മലപ്പുറത്തും കോഴിക്കോട് നഗരത്തിലും മഴ തീരെയില്ല. ഇടുക്കിയിലും മഴ തുടങ്ങിയിട്ടില്ല.
അറബിക്കടലിലെ ന്യൂനമര്‍ദ്ദം കേരളാ തീരത്തോട് അടുത്തതോടെയാണ് മഴ ശക്തമാകുന്നത്. കേരളാ ലക്ഷദ്വീപ് തീരങ്ങളില്‍ 60 കീമി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: